ശബരിമല സ്വർണ്ണക്കൊള്ള: തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി

#ന്യൂസ് ഡെസ്ക്ക്
കണ്ഠര് രാജീവര്
കണ്ഠര് രാജീവര്

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി. കേസിൽ തന്ത്രിക്കെതിരെ തെളിവിന്റെ കണിക പോലുമില്ലെന്ന വിജിലൻസ് കോടതിയുടെ നേരത്തേയുള്ള പരാമർശങ്ങൾ നീക്കംചെയ്യാമെന്ന് ഹൈക്കോടതി വാക്കാൽ അറിയിച്ചു. എന്നാൽ തന്ത്രിയുടെ ജാമ്യം റദ്ദാക്കാൻ കഴിയില്ലെന്ന നിലപാടിൽ കോടതി ഉറച്ചുനിന്നു.

തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘമാണ് ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്. കേസിൽ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രിക്ക് അടുത്ത ബന്ധമുണ്ടെന്നും ഇതിന് തെളിവായി ഇരുവരും തമ്മിലുള്ള ശബ്ദസന്ദേശങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും അന്വേഷണ സംഘം കോടതിയെ ബോധിപ്പിച്ചു. കൂടാതെ, ക്ഷേത്രത്തിലെ ദ്വാരപാലക പാളികൾ സ്വർണം പൂശിയതാണെന്ന വിവരം തന്ത്രിക്ക് അറിയാമായിരുന്നുവെന്നും എസ്.ഐ.ടി. കോടതിയിൽ വാദിച്ചു.

ഈ അപ്പീലുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിഗണിക്കുന്ന ഘട്ടത്തിലാണ് കോടതിയുടെ വാക്കാലുള്ള പരാമർശങ്ങൾ ഉണ്ടായത്. തന്ത്രിക്ക് ആശ്വാസകരമായ ഈ നിലപാടിന് പിന്നാലെ, അപ്പീൽ കൂടുതൽ വിശദമായി പരിഗണിക്കുന്നതിനായി വരുന്ന ബുധനാഴ്ചത്തേക്ക് കോടതി മാറ്റിയിരിക്കുകയാണ്.