‘ഗൂഢാലോചനയില്‍ പങ്ക്, ചെമ്പുപാളിയെന്ന് ബോധപൂര്‍വം രേഖപ്പെടുത്തി’; ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ എക്‌സിക്യുട്ടീവ് ഓഫീസര്‍ റിമാന്‍ഡില്‍

#സി.കെ. അഭിലാല്‍ | മാതൃഭൂമി ന്യൂസ്
Image courtesy: Mathrubhumi news
Image courtesy: Mathrubhumi news

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ എക്‌സിക്യുട്ടീവ് ഓഫീസര്‍ ഡി. സുധീഷ്‌കുമാറിനെതിരേ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഗുരുതര കണ്ടെത്തലുകള്‍. സുധീഷ് കുമാറിന് ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വര്‍ണംപൊതിഞ്ഞ പാളി, ചെമ്പുപാളിയെന്ന് രേഖപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്നും ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സ്വര്‍ണം കൈവശപ്പെടുത്താന്‍ അവസരം ഒരുക്കിയെന്നും റിപ്പോര്‍ട്ടിലുണ്ട്.

ശബരിമലയിലെ ദ്വാരപാലക ശില്‍പങ്ങളുമായി ബന്ധപ്പെട്ട കേസിലെ മൂന്നാംപ്രതിയും ശ്രീകോവില്‍ കട്ടിളപ്പാളിയിലെ സ്വര്‍ണം തട്ടിയെടുത്ത കേസിലെ അഞ്ചാം പ്രതിയുമാണ് സുധീഷ്‌കുമാര്‍. ഗൂഢാലോചന മുതല്‍ സ്വര്‍ണം തട്ടിയെടുത്തത് വരെയുള്ള സംഭവങ്ങളില്‍ സുധീഷ് കുമാറിന്റെ പങ്ക് വിശദീകരിക്കുന്നതാണ് എസ്‌ഐടി ശനിയാഴ്ച കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട്. സ്വര്‍ണം പൊതിഞ്ഞപാളികള്‍ തന്നെയാണ് ശബരിമലയില്‍ ഉണ്ടായിരുന്നതെന്ന് സുധീഷ്‌കുമാറിന് വ്യക്തമായ ധാരണയുണ്ടായിരുന്നു. എന്നിട്ടും രേഖകളില്‍ അതിനെ ചെമ്പുപാളി എന്ന് രേഖപ്പെടുത്തിയത് ബോധപൂര്‍വവും തട്ടിപ്പിന് അവസരം ഒരുക്കുന്നതിനുമാണെന്നാണ് എസ്‌ഐടിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

തെറ്റായ ശുപാര്‍ശക്കത്ത് തയ്യാറാക്കിയതിലൂടെ ഒന്നാംപ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈവശം നവീകരണത്തിന് സ്വര്‍ണപ്പാളി കൊടുത്തുവിടാനുള്ള അവസരമുണ്ടാക്കി. പാളികള്‍ അഴിച്ചെടുത്ത വേളയില്‍, തിരുവാഭരണ കമ്മിഷണറുടെ സാന്നിധ്യം ഉറപ്പാക്കിയില്ല. മഹസ്സര്‍ തയ്യാറാക്കിയ വേളയില്‍ സ്ഥലത്തില്ലാതിരുന്ന ചില ആളുകളുടെ പേരുകള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടു. ആദ്യഘട്ടത്തില്‍ പിടിയിലായ മുരാരി ബാബു, ഉണ്ണിക്കൃഷ്ണന്‍ പോറ്റി എന്നിവരുടെ മൊഴികളില്‍ സുധീഷ്‌കുമാറിനെതിരായ പരാമര്‍ശമുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്.

റാന്നി കോടതി ശനിയാഴ്ച അവധിയായതിനാല്‍, പത്തനംതിട്ട ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതി രണ്ടാണ് കേസ് പരിഗണിച്ചത്. സുധീഷ് കുമാറിനെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. തുടര്‍ന്ന് അന്വേഷണ സംഘം സുധീഷ്‌കുമാറിനെ തിരുവനന്തപുരം സബ് ജയിലിലേക്ക് കൊണ്ടുപോവുകയും ചെയ്തു. കസ്റ്റഡിക്ക് വേണ്ടി തിങ്കളാഴ്ച എസ്‌ഐടി കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും.

Content Highlights: sabarimala gold theft case former executive officer sudheesh kumar remanded