മന്ത്രിയായാലും തന്ത്രിയായാലും അന്വേഷണം ശരിയായദിശയിൽ പോകണം, സർക്കാർ നിലപാട് ദുരൂഹം– കുമ്മനം രാജശേഖരൻ

#ന്യൂസ് ഡെസ്‌ക്
കുമ്മനം രാജശേഖരൻ | ചിത്രം: മനീഷ് ചേമഞ്ചേരി, മാതൃഭൂമി
കുമ്മനം രാജശേഖരൻ | ചിത്രം: മനീഷ് ചേമഞ്ചേരി, മാതൃഭൂമി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ മന്ത്രിയായാലും തന്ത്രിയായാലും അന്വേഷണം ശരിയായ ദിശയിൽ നടക്കണമെന്ന് മുൻ മിസോറം ഗവർണറും ബിജെപി നേതാവുമായ കുമ്മനം രാജശേഖരൻ. കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തിട്ട് എന്തായി? ഈ അന്വേഷണത്തിൽ ചില സംശയങ്ങളുണ്ട്. കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിനെതിരായ സർക്കാർ നിലപാട് ദുരൂഹമാണെന്നും കുമ്മനം മാധ്യമങ്ങളോട് പറഞ്ഞു.

ശബരിമല സ്വർണക്കൊള്ള കേസിലെ അന്വേഷണം അതിന്റെ ശരിയായ ദിശയിൽത്തന്നെ പോകണമെന്നാണ് ആഗ്രഹിക്കുന്നത്. നിയമം നിയമത്തിന്റെ വഴിക്കുതന്നെ പോകണം. അത് ആരായിരുന്നാലും. അത് മന്ത്രിയായിരുന്നാലും തന്ത്രിയായിരുന്നാലും. പക്ഷേ, ഈ അന്വേഷണത്തിൽ ഒട്ടേറെ സംശയങ്ങൾ ഉദിക്കുന്നുണ്ട്. ഈ കേസിന്റെ മർമപ്രധാനമായ വിഷയങ്ങളിലേക്ക് അന്വേഷണം കടന്നുചെന്നിട്ടുണ്ടോ എന്നത് സംശയമാണെന്നും കുമ്മനം ചൂണ്ടിക്കാട്ടി.

ഇതിൽ രാഷ്ട്രീയ ദുഷ്ടലാക്കുണ്ട്. സിപിഎമ്മിന്റെ പല നേതാക്കൻമാരെയും എന്തുകൊണ്ട് നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ എസ്‌ഐടിക്ക് കഴിയുന്നില്ല. ചില നീക്കുപോക്കുകളൊക്കെ ഇതിൽ നടന്നിട്ടുണ്ട് എന്നുള്ള സംശയം ഭക്തജനങ്ങൾക്കുണ്ട്. ശബരിമല ക്ഷേത്രത്തിൽ മകരവിളക്ക് നടക്കാൻ ഏതാനും ദിവസങ്ങൾ മാത്രം അവശേഷിക്കുമ്പോൾ ആ ക്ഷേത്രത്തിന്റെ തന്ത്രിയായിരുന്ന ഒരാൾ അറസ്റ്റ് ചെയ്യപ്പെടുന്നത് ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Kummanam Rajasekharan demands a thorough investigation into the Sabarimala gold smuggling case, questioning the government`s stance and suspecting political motives.