ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും; ഉത്തരവിട്ട് വിജിലൻസ് കോടതി; എസ്ഐടിക്ക് കനത്ത തിരിച്ചടി

#മാതൃഭൂമി ന്യൂസ്
Photo: mathrubhumi archives
Photo: mathrubhumi archives

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കും. മുഴുവൻ രേഖകളും ഇഡിക്ക് കൈമാറാൻ കൊല്ലം വിജിലൻസ് കോടതി ഉത്തരവിട്ടു. എസ്ഐടി ശക്തമായി എതിർപ്പ് ഉന്നയിച്ചുവെങ്കിലും വിജിലൻസ് കോടതി തള്ളുകയായിരുന്നു.

ശബരിമല സ്വർണക്കൊള്ളയിൽ ഇഡി അന്വേഷിക്കേണ്ടതില്ലെന്ന നിലപാടായിരുന്നു സർക്കാരും ദേവസ്വം ബോർഡും എസ്ഐടിയും സ്വീകരിച്ചത്. എന്നാൽ, വിജിലൻസ് കോടതി ഇത് തള്ളി. റിപ്പോർട്ടുകൾ അടക്കം എല്ലാ രേഖകളും അടിയന്തരമായി ഇഡിയ്ക്ക് കൈമാറണമെന്നാണ് കൊല്ലം വിജിലൻസ് കോടതിയുടെ ഉത്തരവ്.

ശബരിമല സ്വർണ്ണക്കൊള്ള കേസിന്റെ വിശദാംശങ്ങൾ പോലീസിനോട് ആവശ്യപ്പെട്ടെങ്കിലും അത് കൈമാറാൻ പോലീസ് തയ്യാറായിരുന്നില്ല. തുടർന്ന് ഇഡി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ, ശക്തമായ എതിർപ്പായിരുന്നു സർക്കാർ ഹൈക്കോടതിയിലും ഉയർത്തിയത്. കേസിൽ പ്രത്യേക സംഘത്തിന്റെ അന്വേഷണം നടക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഇഡിയുടെ അന്വേഷണം ആവശ്യമില്ലെന്നും ഫെമ ലംഘനം കണ്ടെത്തിയിട്ടില്ലെന്നുമുള്ള വാദങ്ങളാണ് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചത്. തുടർന്ന് വിചാരണകോടതിയെ സമീപിക്കാൻ ഇഡിക്ക് ഹൈക്കോടതി നിർദേശം നൽകുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇഡി കൊല്ലം വിജിലൻസ് കോടതിയെ സമീപിച്ചത്.

വിചാരണക്കോടതിയിലും സർക്കാർ ശക്തമായി എതിർപ്പ് ഉന്നയിച്ചു. ഇഡിയുടെ അന്വേഷണം ഈ ഘട്ടത്തിൽ ആവശ്യമില്ലെന്നായിരുന്നു പ്രത്യേകാന്വേഷണ സംഘം അറിയിച്ചത്. എന്നാൽ, ഇത് കോടതി തള്ളി. കേസിന്റെ എഫ്ഐആർ മാത്രമല്ല, പ്രത്യേകാന്വേഷണ സംഘം ശഖരിച്ച മറ്റുരേഖകളും വേണമെന്നായിരുന്നു ഇഡിയുടെ ആവശ്യം. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.

കേസിൽ അന്താരാഷ്ട്ര ഇടപെടൽ നടന്നിട്ടുണ്ടെന്ന ആരോപണം നിലനിൽക്കുന്നുണ്ട്. മാത്രമല്ല സംസ്ഥാനത്തിന് പുറത്ത് നടന്നിട്ടുള്ള വിവിധ തരത്തിലുള്ള സാമ്പത്തിക ഇടപാടുകളുമുണ്ട്. കള്ളപ്പണ ഇടപാടുകളും നടന്നിരിക്കാമെന്നും വിഷയം വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും ഇഡി ചൂണ്ടിക്കാട്ടിയിരുന്നു.

Content Highlights: Sabarimala Gold Smuggling Case: Enforcement Directorate Takes Over Investigation Following Court Order