‘തന്ത്രിയുടെ അറസ്റ്റ് ശ്രദ്ധതിരിക്കാൻ, കടകംപള്ളിയെയും പ്രശാന്തിനെയും അറസ്റ്റ് ചെയ്യണം’

തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ തന്ത്രിയെ അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതികരണവുമായി
ബിജെപി മുൻ സംസ്ഥാനാധ്യക്ഷൻ കെ. സുരേന്ദ്രൻ. കേസിലെ പ്രധാന പ്രതികളെന്ന് ആരോപിക്കപ്പെടുന്ന മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രശാന്ത് എന്നിവർക്കെതിരെ വ്യക്തമായ തെളിവുകളുണ്ടായിട്ടും പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) അവരെ സംരക്ഷിക്കുകയാണെന്ന് വാർത്താ സമ്മേളനത്തിൽ കെ.സുരേന്ദ്രൻ പറഞ്ഞു.
തന്ത്രി ആചാരലംഘനം നടത്തിയെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ, ക്ഷേത്രത്തിലെ വസ്തുക്കളുടെ സംരക്ഷകൻ ദേവസ്വം ബോർഡാണ്. തന്ത്രിക്ക് ആചാരപരമായ അധികാരങ്ങൾ മാത്രമാണുള്ളത്.ആചാരലംഘനത്തിന്റെ പേരിലാണ് കേസെടുക്കുന്നതെങ്കിൽ, ശബരിമലയിൽ നവോത്ഥാനത്തിന്റെ പേരിൽ ആക്ടിവിസ്റ്റുകളെ പ്രവേശിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയനെയാണ് ആദ്യം അറസ്റ്റ് ചെയ്യേണ്ടത്. തന്ത്രിക്ക് ഈ ഇടപാടിൽ സാമ്പത്തിക ലാഭം ലഭിച്ചതായി റിമാൻഡ് റിപ്പോർട്ടിൽ ഒരിടത്തും പറയുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അന്വേഷണം വഴിതിരിച്ചുവിടാൻ ശ്രമമെന്ന് പരാതി തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിയിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള സർക്കാരിന്റെ തന്ത്രമാണ് ഈ അറസ്റ്റ് എന്ന് സംശയിക്കപ്പെടുന്നു. ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് പറയുന്ന കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തിട്ടും അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണെന്ന ചോദ്യം പ്രസക്തമാണ്. ഗൂഢാലോചനയുടെ കേന്ദ്രസ്ഥാനത്ത് ഇരുന്ന വ്യക്തിയാണ് കടകംപള്ളിയെന്നും പ്രതികളുമായി അദ്ദേഹത്തിന് വ്യക്തിപരവും സാമ്പത്തികവുമായ ഇടപാടുകളുണ്ടെന്നും ആരോപണമുണ്ട്.
യുഡിഎഫിനെതിരേയും കെ സുരേന്ദ്രൻ ആരോപണം ഉന്നയിച്ചു. യുഡിഎഫ് നേതാക്കളായ അടൂർ പ്രകാശ്, ആന്റോ ആന്റണി എന്നിവർക്കും പങ്കുണ്ട്. ഇവർ എന്തിനാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ സന്ദർശിച്ചത്. അന്താരാഷ്ട്ര മാർക്കറ്റ് കണ്ടെത്താൻ പോറ്റി സോണിയാ ഗാന്ധിയെ സമീപിച്ചത് പുരാവസ്തു ഇടപാടുകൾക്കാണ്. സോണിയാ ഗാന്ധിയുടെ സഹോദരിക്ക് ഇറ്റലിയിൽ പുരാവസ്തു കച്ചവട സ്ഥാപനമുണ്ട്. അത് എവിടെയും തെളിയിക്കാം.
കേവലം സ്വർണ്ണത്തിന്റെ മൂല്യവുമായി ബന്ധപ്പെട്ട അഴിമതിയല്ലിതെന്നും, മറിച്ച് അന്താരാഷ്ട്ര തലത്തിലുള്ള വിഗ്രഹക്കച്ചവടമാണ് നടന്നതെന്നും കെ സുരേന്ദ്രൻ പറഞ്ഞു. വ്യാളി രൂപം, ശിവപ്രതിമ, ദ്വാരപാലക ശില്പങ്ങൾ, അയ്യപ്പ വിഗ്രഹത്തിന് ചുറ്റുമുള്ള ഗോളക എന്നിവ നഷ്ടപ്പെട്ടത് ഇതിന് തെളിവായി ചൂണ്ടിക്കാട്ടുന്നു. അന്താരാഷ്ട്ര വിഗ്രഹമോഷ്ടാക്കൾ നടത്തുന്ന തരത്തിലുള്ള തട്ടിപ്പാണ് ഇതെന്ന ഹൈക്കോടതി നിരീക്ഷണം ഉണ്ടായിട്ടും എസ്‌ഐടി ആ നിലയിൽ അന്വേഷണം നടത്തുന്നില്ലെന്ന് ആക്ഷേപമുണ്ട്. ഈ കേസിലെ യഥാർത്ഥ പ്രതികളെ പുറത്തുകൊണ്ടുവരാൻ കടകംപള്ളി സുരേന്ദ്രനെയും പ്രശാന്തിനെയും അറസ്റ്റ് ചെയ്യണമെന്നും സോണിയാ ഗാന്ധിയിൽ നിന്ന് മൊഴിയെടുക്കണമെന്നുമാണ് ബിജെപിയുടെ ആവശ്യമെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
Content Highlights: BJP leader K Surendran alleges UDF involvement in Sabarimala gold scam, demanding arrest of Kadakampally and Prashant. Claims international idol smuggling.