‘കടകംപള്ളിക്കെതിരെ പ്രതികൾ മൊഴി നൽകിയിട്ടുണ്ട്, കൂടുതൽ സിപിഎം നേതാക്കൾ ജയിലിലാകും'

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്യുന്നത് വൈകിപ്പിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടുവെന്ന് ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
തിരഞ്ഞെടുപ്പ് കാലത്ത് കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്യുന്നത് സിപിഎമ്മിന് രാഷ്ട്രീയമായി തിരിച്ചടിയാകുമെന്ന് ഭയന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പ്രത്യേക അന്വേഷണ സംഘത്തിന് മേൽ സമ്മർദ്ദം ചെലുത്തിയത്. അന്വേഷണം മനഃപൂർവ്വം മന്ദഗതിയിലാക്കിയെന്ന പ്രതിപക്ഷത്തിന്റെ ആരോപണം പിന്നീട് കോടതിയും ശരിവച്ചിട്ടുണ്ട്. എത്രയൊക്കെ ഒളിച്ചുവയ്ക്കാൻ ശ്രമിച്ചാലും വസ്തുതകൾ പുറത്തുവരുമെന്നും, ചോദ്യം ചെയ്യലിന് ഹാജരാകാൻ നൽകിയ നോട്ടീസ് എന്തിനാണ് രഹസ്യമാക്കി വെച്ചതെന്നും അദ്ദേഹം ചോദിച്ചു.
കേസിലെ പ്രധാനികളിലൊരാളായ ഉണ്ണികൃഷ്ണൻ പോറ്റിയെ ദേവസ്വം ബോർഡ് പ്രസിഡന്റുമായും മറ്റ് അംഗങ്ങളുമായും ബന്ധപ്പെടുത്തിയത് കടകംപള്ളി സുരേന്ദ്രനാണെന്ന് ഇപ്പോൾ വ്യക്തമായിരിക്കുകയാണ്. കേസിൽ നേരത്തെ അറസ്റ്റിലായ പ്രതികൾ കടകംപള്ളിക്കെതിരെ മൊഴി നൽകിയിട്ടുണ്ടെന്നും, മൊഴിപ്പകർപ്പുകൾ പുറത്തുവരുമ്പോൾ ഇക്കാര്യങ്ങൾ ജനങ്ങൾക്ക് ബോധ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് ദേവസ്വം ബോർഡ് പ്രസിഡന്റുമാരും മൂന്ന് സിപിഎം നേതാക്കളും നിലവിൽ ഈ കേസിൽ ജയിലിലാണെങ്കിലും അവർക്കെതിരെ നടപടിയെടുക്കാൻ പാർട്ടി തയ്യാറായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. അയ്യപ്പന്റെ സ്വർണ്ണം കട്ടെടുത്തത് പൈങ്കിളി ആരോപണമാണോയെന്നും സതീശൻ ചോദിച്ചു. നടപടി എടുത്താൽ പൈങ്കിളി തലക്കെട്ട് വരുമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞത്. സ്വന്തം പാർട്ടിയിലെ നേതാക്കൾക്കെതിരെ കുറ്റം തെളിയട്ടെയെന്ന് പറയുന്ന സിപിഎം, ആരോപണവിധേയനായ കോൺഗ്രസ് എംഎൽഎയെ പുറത്താക്കണമെന്ന് ആവശ്യപ്പെടുന്നത് ഇരട്ടത്താപ്പാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സിപിഎം പറഞ്ഞിട്ടൊന്നുമല്ല ആരോപണവിധേയനായ എംഎൽഎയ്ക്കെതിരെ കോൺഗ്രസ് നടപടി എടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അന്വേഷണ സംഘത്തിൽ ഇപ്പോഴും വിശ്വാസമുണ്ടെന്നും എന്നാൽ അവരുടെ പ്രവർത്തനത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോടതിയുടെ നിരീക്ഷണത്തിലാണ് നിലവിൽ അന്വേഷണം നടക്കുന്നത്. കൂടുതൽ സിപിഎം നേതാക്കൾ വരുംദിവസങ്ങളിൽ ജയിലിലാകുമെന്ന ഭയമാണ് സർക്കാരിനെന്നും സതീശൻ വിമർശിച്ചു.
Content Highlights: Opposition leader VD Satheesan alleges CM`s office interfered to delay questioning of former minister Kadakampally Surendran in Sabarimala gold heist case. More CPM leaders may face jail.