കേസ് അതിസങ്കീർണം, SIT അന്വേഷണം ശരിയായ ദിശയിലെന്ന് ഹൈക്കോടതി: പോറ്റിയുടെ ജാമ്യഹർജിയിൽ നാളെ വിധിപറയും

#ന്യൂസ് ഡെസ്ക്ക്
ശബരിമല സ്വർണ്ണ മോഷണവുമായി ബന്ധപ്പെട്ട് മുരാരി ബാബുവിനെയും ഉണ്ണികൃഷ്ണൻ പോറ്റിയെയും കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കിയപ്പോൾ | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി
ശബരിമല സ്വർണ്ണ മോഷണവുമായി ബന്ധപ്പെട്ട് മുരാരി ബാബുവിനെയും ഉണ്ണികൃഷ്ണൻ പോറ്റിയെയും കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കിയപ്പോൾ | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിലെ പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്.ഐ.ടി.) അന്വേഷണം ശരിയായ ദിശയിലെന്ന് ഹൈക്കോടതി. അതിസങ്കീർണ കേസായതിനാൽ കുറ്റപത്രം വൈകുന്നതിൽ ആശങ്കയുടെ ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി. സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കവേയാണ് കോടതിയുടെ നിരീക്ഷണം.

കേസിന്റെ അന്വേഷണം സി.ബി.ഐ.ക്ക് കൈമാറണമെന്ന ആവശ്യവുമായി ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറടക്കം നാലുപേരാണ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നത്. ഈ ഹർജികളിലാണ് ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച് നിരീക്ഷണം നടത്തിയത്. കേസിലെ പ്രതികളാരും രക്ഷപ്പെടില്ലെന്നും അതിനുള്ള മേൽനോട്ടം തങ്ങളുടെ ഭാഗത്തുനിന്നുണ്ടെന്നും ഹൈക്കോടതി അറിയിച്ചു.

കേസിലെ പ്രതികൾ ഓരോരുത്തരായി സ്വാഭാവിക ജാമ്യം കിട്ടി പുറത്തിറങ്ങുമ്പോൾ പ്രതിപക്ഷം അതിനെ വലിയ രാഷ്ട്രീയ ആയുധമാക്കി മാറ്റിയിരുന്നു. കഴിഞ്ഞ രണ്ടുദിവസമായി മുഖ്യമന്ത്രിയുടെ ഓഫീസിനെയടക്കം പ്രതിക്കൂട്ടിലാക്കി ശബരിമല വിഷയത്തിൽ ഗുരുതരമായ ആരോപണങ്ങളാണ് പ്രതിപക്ഷം ഉന്നയിച്ചുകൊണ്ടിരിക്കുന്നത്. പ്രതികളെ പുറത്തിറങ്ങാൻ കുറ്റപത്രം മനഃപൂർവം വൈകിപ്പിക്കുന്നുവെന്നടക്കം വിമർശിച്ചു. എന്നാൽ എസ്.ഐ.ടി.യുടെ അന്വേഷണം ശരിയായ ദിശയിൽത്തന്നെയാണെന്ന കോടതി വിധി പ്രതിപക്ഷത്തിന് തിരിച്ചടിയായി.

അതേസമയം കേസിലെ മുഖ്യ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യഹർജിയിൽ വ്യാഴാഴ്ച വിധി പറയും. കൊല്ലം വിജിലൻസ് കോടതിയാണ് വിധി പറയുക. കട്ടിളപ്പാളി കേസിൽ വാദം പൂർത്തിയായിട്ടുണ്ട്. കുറ്റപത്രം സമർപ്പിച്ചിട്ടില്ലാത്തതിനാൽ സ്വാഭാവികമായ ജാമ്യം ലഭിച്ചേക്കും.

Content Highlights: Sabarimala Gold Heist Case: High Court Upholds SIT Investigation, Rejects CBI Probe Demands