‘അടിസ്ഥാന ലോഹം ചെമ്പ്’, പിച്ചള വെട്ടി പച്ചമഷിയിൽ ചെമ്പാക്കി; ബോർഡ് അംഗങ്ങളെ ഉന്നംവെച്ച് പത്മകുമാർ

#ജി. രാജേഷ് കുമാർ
എ. പത്മകുമാർ  Photo: മാതൃഭൂമി
എ. പത്മകുമാർ Photo: മാതൃഭൂമി

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളക്കേസിൽ 2019-ലെ ദേവസ്വം ബോർഡംഗങ്ങളായ കെ.പി. ശങ്കർദാസിനെയും എൻ. വിജയകുമാറിനെയും ഉന്നംവെച്ച് റിമാൻഡിലുള്ള മുൻ പ്രസിഡന്റ് എ. പത്മകുമാർ. ആരോപിക്കുന്ന കുറ്റങ്ങളിൽ ബോർഡിന് കൂട്ടുത്തരവാദിത്വമുണ്ടെന്ന വാദമാണ് ‌‌കൊല്ലം വിജിലൻസ് കോടതിയിൽ നൽകിയ ജാമ്യാപേക്ഷയിൽ പത്മകുമാർ ഉയർത്തുന്നത്.

ശ്രീകോവിൽ കട്ടിളയിലെ സ്വർണപ്പാളികളിലെ സ്വർണം തട്ടിയ കേസിൽ 2019-ലെ ദേവസ്വം ബോർഡ് എട്ടാം പ്രതിയാണ്. ബോർഡ് തീരുമാനപ്രകാരമാണ് എല്ലാകാര്യങ്ങളും നടന്നതെന്നിരിക്കെ കൂട്ടുത്തരവാദിത്വത്തിൽനിന്ന് അംഗങ്ങൾക്കും ഒഴിഞ്ഞുമാറാൻ കഴിയില്ലെന്ന‌ നിലപാടാണ് ജാമ്യാപേക്ഷയിലൂടെ പത്മകുമാർ മുന്നോട്ടുവെക്കുന്നത്. ശങ്കർദാസിന്റെയും വിജയകുമാറിന്റെയും മൊഴി പ്രത്യേക അന്വേഷണസംഘം എടുത്തിട്ടുണ്ടെങ്കിലും വിശദമായ ചോദ്യംചെയ്യൽ ഉണ്ടായിട്ടില്ല.

ദേവസ്വം കമ്മിഷണറായിരുന്ന എൻ. വാസുവും ഉദ്യോഗസ്ഥരായ മുരാരി ബാബു, ഡി. സുധീഷ് കുമാർ എന്നിവരും ചേർന്ന് തയ്യാറാക്കിയ റിപ്പോർട്ടാണ് ദേവസ്വം ബോർഡിന്റെ പരിഗണനയ്ക്കു വന്നിരുന്നത്. കട്ടിള പൊതിഞ്ഞ സ്വർണപ്പാളി എന്നല്ല, പിച്ചളപ്പാളി എന്നാണ് ഈ റിപ്പോർട്ടിലുണ്ടായിരുന്നത്. ഇതിലെ പിച്ചള, പത്മകുമാർ പച്ചമഷികൊണ്ട് വെട്ടി ചെമ്പെന്ന് എഴുതിച്ചേർത്തു.

എന്നാൽ, ഇതിലൊന്നും ‌പങ്കില്ലെന്നാണ് ശങ്കർദാസും വിജയകുമാറും പ്രത്യേക അന്വേഷണസംഘത്തിനോട് വ്യക്തമാക്കിയത്. അതേസമയം, രണ്ടുപേരും ബോർഡ് തീരുമാനത്തിൽ വിയോജിപ്പുണ്ടെന്ന് രേഖാമൂലം അറിയിച്ചിട്ടില്ലാത്തതിനാൽ ക്രമവിരുദ്ധമായ കാര്യങ്ങളാണ് നടക്കുന്നതെന്ന് അറിഞ്ഞില്ലെന്ന വാദത്തിന് സാധുത കുറയും. എതിർക്കാതിരുന്നത് ക്രമക്കേടിന് കൂട്ടുനിന്നതിന് തുല്യമായിമാറും.

റിപ്പോർട്ടിൽ ചെമ്പ്‌ എന്നെഴുതിച്ചേർത്തതിനെയും പത്മകുമാർ‌ ജാമ്യാപേക്ഷയിൽ ന്യായീകരിക്കുന്നുണ്ട്. അടിസ്ഥാന ലോഹം ചെമ്പായതിനാലാണ് ഇങ്ങനെ ചെയ്തതെന്നാണ് വാദം.

Content Highlights: Sabarimala Gold Scam: Former Devaswom President Accuses Board Members of Collective Responsibility