മല്യ നൽകിയ കൂടുതൽ സ്വർണം മോഷണംപോയോ, കലശങ്ങൾ എവിടെ? ചോദ്യങ്ങളുയർത്തി 2009-ലെ ഫെയ്സ്ബുക്ക് പോസ്റ്റ്

#മാതൃഭൂമി ന്യൂസ്
ശബരിമല മാളികപ്പുറത്ത് ക്ഷേത്രത്തിന് മുകളിലേക്ക് വസ്ത്രം എറിയുന്ന ഭക്തർ | ഫോട്ടോ - മാതൃഭൂമി
ശബരിമല മാളികപ്പുറത്ത് ക്ഷേത്രത്തിന് മുകളിലേക്ക് വസ്ത്രം എറിയുന്ന ഭക്തർ | ഫോട്ടോ - മാതൃഭൂമി

തിരുവനന്തപുരം: ശബരിമലയിൽ സ്വർണംപൂശലിന്‍റെ പേരിൽ കൂടുതൽ സ്വർണക്കൊള്ള നടന്നോ എന്നതിൽ സംശയം ബലപ്പെടുന്നു. ഉപക്ഷേത്രങ്ങളിൽ നടന്ന സ്വർണംപൂശലിനിടെ മോഷണം നടന്നെന്നാണ് സംശയിക്കുന്നത്. കന്നിമൂല ഗണപതി, നാഗരാജാവ്, മാളികപ്പുറം എന്നീ ഉപക്ഷേത്രങ്ങളിൽ സ്വർണംപൂശിയതായി സ്മാർട്ട് ക്രിയേഷൻസ് അവകാശവാദമുന്നയിച്ചതു സംബന്ധിച്ച മുൻപത്തെ ഫെയ്‌സ്ബുക് പോസ്റ്റ് പുറത്തുവന്നു.

ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസ് ഉടമ പങ്കജ് ഭണ്ഡാരി കേസിൽ പ്രതിയായതോടെയാണ് സംശയം ഇരട്ടിച്ചത്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ നേതൃത്വത്തിൽ സ്വർണംപൂശിയത് 2019-ൽ സ്മാർട്ട് ക്രിയേഷൻസിൽവെച്ചായിരുന്നു. എന്നാൽ, 2009 മുതൽതന്നെ സ്മാർട്ട് ക്രിയേഷൻസിന് ശബരിമലയുമായി ബന്ധമുണ്ടായിരുന്നെന്നതിന്റെ തെളിവുകളാണ് പുറത്തുവന്നത്. 2011 ഏപ്രിൽ ആറിന് സ്മാർട്ട് ക്രിയേഷൻ ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച പോസ്റ്റാണ് വഴിത്തിരിവായത്. ശബരിമലയിൽ സ്വർണംപൂശലുമായി തങ്ങൾ സഹകരിക്കുന്നുവെന്ന് പറഞ്ഞായിരുന്നു പോസ്റ്റ്.

സ്മാർട്ട് ക്രിയേഷൻസ് 2009-ൽ സന്നിധാനത്തെ കന്നിമൂല ഗണപതി ക്ഷേത്രത്തിന്റേയും നാഗരാജ, മാളികപ്പുറത്തമ്മ ഉപക്ഷേത്രങ്ങളുടേയും മേൽക്കൂര സ്വർണംപൂശിയിരുന്നെന്നും 2011-ലെ പോസ്റ്റിൽ അവകാശപ്പെടുന്നുണ്ട്. ഒരുമാസംകൊണ്ട് പണി പൂർത്തിയാക്കിയെന്നും പോസ്റ്റിൽ വ്യക്തമാക്കുന്നു. എന്നാൽ, 1998-ൽ വ്യവസായി വിജയ് മല്യ ശബരിമലയിലെ പ്രധാന ശ്രീകോവിലിലടക്കം ഒൻപതിടങ്ങളിൽ സ്വർണം പൊതിഞ്ഞിരുന്നു എന്നതിന് രേഖകളുണ്ട്. കന്നിമൂല ഗണപതിയുടെ മേൽക്കൂരയിലെ കലശവും നാഗരാജ ക്ഷേത്രത്തിലെ കലശവും മല്യ സ്വർണം പൊതിഞ്ഞതിൽ ഉൾപ്പെടുന്നു. അന്ന് അഞ്ച് കലശങ്ങളിലായി 1154.930 ഗ്രാം (ഏകദേശം 144 പവൻ) സ്വർണം മല്യ പൊതിഞ്ഞതായാണ് രേഖകൾ. 2009-ൽ സ്മാർട്ട് ക്രിയേഷൻസ് സന്നിധാനത്തെത്തി ഇതേ ക്ഷേത്രങ്ങളിൽ സ്വർണം പൊതിഞ്ഞെങ്കിൽ, ഈ കലശങ്ങൾ എന്തുചെയ്‌തെന്നതാണ് ഇപ്പോൾ ഉയരുന്ന പ്രധാന ചോദ്യം.
 

Content Highlights: Sabarimala Gold Gilded Temples: New Questions Arise Over Potential Theft