സ്വർണപ്പാളി വിവാദം; പി.എസ്. പ്രശാന്തിനും അജികുമാറിനും എസ്.ഐ.ടി നോട്ടീസ്

തിരുവനന്തപുരം: ശബരിമലയിലെ സ്വർണപ്പാളികൾ അനധികൃതമായി കടത്തിയതുമായി ബന്ധപ്പെട്ട കേസിൽ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ അംഗം അജികുമാറിനും പ്രത്യേക അന്വേഷണ സംഘം (SIT) നോട്ടീസ് അയച്ചു. അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ഇരുവരോടും ആവശ്യപ്പെട്ടിരിക്കുന്നത്. മുൻ ഭരണസമിതിയുടെ കാലത്ത് ഹൈക്കോടതിയുടെ അനുമതിയില്ലാതെ സ്വർണപ്പാളികൾ നവീകരണത്തിനായി ചെന്നൈയിലേക്ക് കൊണ്ടുപോയ സംഭവത്തിലാണ് നിലവിൽ അന്വേഷണം നടക്കുന്നത്.
കേസിന്റെ ആദ്യഘട്ടത്തിൽ തന്നെ ആവശ്യമെങ്കിൽ വീണ്ടും ചോദ്യം ചെയ്യലിന് വിളിക്കുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് ഇപ്പോൾ നോട്ടീസ് നൽകിയിരിക്കുന്നത്. ഹൈക്കോടതി നിർദ്ദേശപ്രകാരം പുതിയ സാമ്പിളുകൾ ശേഖരിക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘം നാളെ ശബരിമലയിലെത്തും. കേസിൽ അന്വേഷണ സംഘം ഇതുവരെ കുറ്റപത്രം സമർപ്പിച്ചിട്ടില്ല. പുതിയ സാമ്പിളുകൾ ശേഖരിച്ച ശേഷം അന്തിമഘട്ട നടപടികളിലേക്ക് കടക്കാനും വൈകാതെ തന്നെ കുറ്റപത്രം സമർപ്പിക്കാനുമാണ് എസ്.ഐ.ടി.യുടെ നീക്കം.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മുൻ ഭാരവാഹികൾക്കെതിരെ തന്നെ അന്വേഷണം നീളുന്നത് കേസിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. സമാഹരിക്കുന്ന പുതിയ തെളിവുകളുടെ അടിസ്ഥാനത്തിലാകും കേസിലെ തുടർന്നുള്ള നടപടികൾ.