ശബരിമല സ്വര്‍ണക്കൊള്ള; പത്മകുമാറിന്റെ വീട്ടില്‍ എസ്‌ഐടി പരിശോധന

ആറന്മുള (പത്തനംതിട്ട): ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാറിന്റെ വീട്ടില്‍ എസ്‌ഐടി പരിശോധന നടത്തുന്നു. പത്മകുമാറിന്റെ ആറന്മുളയിലെ വീട്ടിലാണ് പരിശോധന നടക്കുന്നത്. മൂന്നുമണിക്കൂറിലധികമായി പരിശോധന തുടരുകയാണ്. കേസുമായി ബന്ധപ്പെട്ട് മുമ്പ് അറസ്റ്റിലായ പ്രതികളുടെ വീടുകളിലും സമാനമായ പരിശോധന നടന്നിരുന്നു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് തിരുവനന്തപുരത്തുനിന്നുള്ള എസ്‌ഐടി സംഘം പത്മകുമാറിന്റെ വീട്ടിലെത്തിയത്. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് രണ്ട് വാഹനങ്ങളിലായി പരിശോധനയ്ക്ക് എത്തിയത്. പത്മകുമാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന സമയത്ത് ക്ഷേത്രവുമായി ബന്ധപ്പെട്ട എന്തെങ്കിലും രേഖകള്‍ വീട്ടില്‍ കൊണ്ടുവന്ന് സൂക്ഷിച്ചിരുന്നോ എന്നതടക്കമുള്ള കാര്യങ്ങളാണ് അന്വേഷണസംഘം പരിശോധിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് എസ്‌ഐടി പത്മകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റിനുപിന്നാലെ കൊല്ലം വിജിലന്‍സ് ജഡ്ജിയുടെ വസതിയില്‍ എത്തിച്ച് റിമാന്‍ഡ് ചെയ്ത്, ഇന്നലെ രാത്രിയോടെ തന്നെ പത്മകുമാറിനെ തിരുവനന്തപുരം സ്‌പെഷ്യല്‍ സബ് ജയിലിലേക്ക് മാറ്റിയിരുന്നു. കേസുമായി ബന്ധപ്പെട്ട് ഗുരുതരമായ ആരോപണങ്ങളാണ് പത്മകുമാറിനുമേലുള്ളത്.
റിമാന്‍ഡ് റിപ്പോര്‍ട്ടിലെ വിവരങ്ങളനുസരിച്ച്; സ്വര്‍ണക്കൊള്ളയ്ക്ക് തുടക്കമിട്ടത് പത്മകുമാറാണ്. ബോര്‍ഡ് യോഗത്തിലെ മിനിട്‌സില്‍ കൃത്രിമം കാട്ടി കൊള്ളയ്ക്ക് തുടക്കമിട്ടത് അദ്ദേഹമാണ്. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സ്വര്‍ണം അപഹരിക്കാന്‍ വേണ്ട ഒത്താശകളെല്ലാം ചെയ്തുകൊടുത്തതും പത്മകുമാറാണ്. ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ പത്മകുമാര്‍ ഗുരുതരമായ വീഴ്ചകള്‍ വരുത്തിയിട്ടുണ്ട് എന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
Content Highlights: SIT searches the residence of former Travancore Devaswom Board President A. Padmakumar in connection with the Sabarimala gold heist case. Investigations ongoing.