ചുണയുണ്ടെങ്കിൽ തെളിവ് ഹാജരാക്കണമെന്ന് കടകംപള്ളി, കോടതിയിലെന്ന് സതീശൻ

#ന്യൂസ് ഡെസ്ക്
വി.ഡി. സതീശൻ, കടകംപള്ളി സുരേന്ദ്രൻ | Photo: മാതൃഭൂമി
വി.ഡി. സതീശൻ, കടകംപള്ളി സുരേന്ദ്രൻ | Photo: മാതൃഭൂമി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ തനിക്കെതിരേ ഉയർന്ന ആരോപണങ്ങളിൽ തെളിവ് ഹാജരാക്കാൻ പ്രതിപക്ഷനേതാവ് വി.ഡി. സതീശനെ സാമൂഹികമാധ്യമത്തിലൂടെ വെല്ലുവിളിച്ച് ദേവസ്വം മുൻമന്ത്രി കടകംപള്ളി സുരേന്ദ്രൻ.

‘എന്റെ പേര് ഈ വിവാദത്തിലേക്ക് വലിച്ചിഴച്ച് മാസങ്ങൾ ആയില്ലേ. ചുണയുണ്ടെങ്കിൽ താൻ തന്റെ കൈയിൽ ഉണ്ടെന്നുപറയുന്ന തെളിവുകൾ നാളെ കോടതിയിൽ ഹാജരാക്ക്. കോടതിയും ജനങ്ങളും കാണട്ടെ...’ ഇതായിരുന്നു വെല്ലുവിളി.

തെളിവുകൾ കോടതിയിൽ ഹാജരാക്കിക്കൊള്ളാമെന്നും പിന്നെന്തിനാണ് വെല്ലുവിളിയെന്നും വി.ഡി. സതീശനും മറുപടിനൽകി.

സ്വർണപ്പാളി പുറത്തെത്തിച്ച് വിറ്റെന്നും അതിന് ഒത്താശചെയ്തത് കടകംപള്ളി സുരേന്ദ്രനാണെന്നുമാണ് സതീശന്റെ ആരോപണം. അത് പിൻവലിച്ച് മാപ്പുപറയണമെന്നും നഷ്ടപരിഹാരം ആവശ്യപ്പെട്ടും കടകംപള്ളി തിരുവനന്തപുരം സബ്‌കോടതിയിൽ ഹർജി നൽകിയിരുന്നു.

അതിലെ വാദങ്ങൾ സംബന്ധിച്ച് ഒരു മാധ്യമത്തിൽ വന്ന വാർത്ത തെറ്റാണെന്നുകാട്ടി കടകംപള്ളിയുടെ അഭിഭാഷകൻ ഫെയ്‌സ്ബുക്കിൽ നൽകിയ കുറിപ്പ് കടകംപള്ളി കഴിഞ്ഞദിവസം പങ്കുവച്ചു. ഇതിനുപിന്നാലെ സതീശനും മറുപടിയുമായി രംഗത്തെത്തിയിരുന്നു. തെളിവുള്ളതുകൊണ്ടാണ് നോട്ടീസിന് മറുപടിനൽകിയതെന്നും സതീശൻ പറഞ്ഞു.

Content Highlights: Sabarimala Gold Scam Allegations: Kadakampally Surendran Challenges Opposition Leader V.D. Satheesan for Evidence