ശബരിമലയിൽ 2020-ൽ പോറ്റിക്കൊപ്പം അടൂർ പ്രകാശ്; കൂടുതൽ ചിത്രങ്ങൾ പുറത്ത്

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ഒന്നാംപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പമുള്ള യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ കൂടുതൽ ചിത്രങ്ങൾ പുറത്ത്. 2019-ൽ സ്വർണക്കൊള്ള നടന്നതിന് തൊട്ടടുത്ത വർഷം, 2020-ൽ ശബരിമലയിൽ നടന്ന ചടങ്ങിൽ ഉണ്ണികൃഷ്ണൻ പോറ്റിക്കും അയാളുടെ സുഹൃത്ത് അനന്തസുബ്രഹ്‌മണ്യത്തിനും ഒപ്പം അടൂർ പ്രകാശ് നിൽക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.
ശബരിമലയിൽ നടന്ന തിരുവാതിര ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്നതും പോറ്റിക്കൊപ്പം വേദിയിലിരുന്ന് പരിപാടി കാണുന്നതുമായ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഉണ്ണികൃഷ്ണൻ പോറ്റിയും കേരളത്തിലെ വ്യത്യസ്ത പാർട്ടികളിലെ രണ്ട് പ്രമുഖ നേതാക്കളും തമ്മിൽ നിരന്തരമായ സൗഹൃദമുണ്ടായിരുന്നതിന് തെളിവുകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു.
മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പോറ്റിക്കൊപ്പം നിൽക്കുന്ന ഒരു പുതിയ ചിത്രം കൂടി ഞായറാഴ്ച രാവിലെ പുറത്തുവന്നിരുന്നു. അതിനു പിന്നാലെയാണ് ഉച്ചയോടെ, അടൂർ പ്രകാശും പോറ്റിയും ഒരുമിച്ച് പങ്കെടുത്ത പരിപാടിയുടെ പുതിയ ചിത്രങ്ങളും പുറത്തുവന്നിരിക്കുന്നത്. ഉണ്ണികൃഷ്ണൻ പോറ്റി സംഘടിപ്പിച്ച് പരിപാടിയിൽ എംപി എന്ന നിലയിൽ തന്നെയാണ് അദ്ദേഹം പങ്കെടുത്തിരിക്കുന്നത് എന്നത് ചിത്രം പങ്കുവെച്ചിരിക്കുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റിൽനിന്ന് വ്യക്തമാണ്.
ശബരിമല ന്യൂസ് അപ്‌ഡേറ്റ് എന്ന ഫെയ്‌സ്ബുക്ക് പേജിൽ 2020 ജനുവരി ഒന്നിന് പങ്കുവെച്ചിരിക്കുന്ന പോസ്റ്റിൽ, 'മകരവിളക്ക് മഹോത്സവത്തോട് അനുബന്ധിച്ച് വെഞ്ഞാറമൂട് ജീവ കല കലാസാംസ്‌കാരിക മണ്ഡലത്തിലെ കുട്ടികൾ ശബരിമല സന്നിധാനത്ത് പുതുവത്സരദിനത്തിൽ അവതരിപ്പിച്ച തിരുവാതിര.. ചടങ്ങ് അടൂർ പ്രകാശ് എംപി ഉദ്ഘാടനം ചെയ്യുന്നു' എന്നാണ് ചിത്രങ്ങളോടൊപ്പം കുറിച്ചിരിക്കുന്നത്.
ഉണ്ണികൃഷ്ണൻ പോറ്റി ക്ഷണിച്ചിരുന്ന പരിപാടികളിലെല്ലാം പങ്കെടുക്കാൻ ഈ രണ്ടുനേതാക്കളും പോയിരുന്നു എന്ന വാദം ബലപ്പെടുത്തുന്ന ചിത്രങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. വിവിധ കാലങ്ങളിൽ, വിവിധ സ്ഥലങ്ങളിൽ നിന്ന് എടുത്തിട്ടുള്ള ഉണ്ണികൃഷ്ണൻ പോറ്റിയുടെ കുടുംബത്തിനൊപ്പവും സഹപ്രവർത്തകർക്കൊപ്പവും ശബരിമല കേസിലെ കൂട്ടുപ്രതികൾക്കൊപ്പവും നിൽക്കുന്ന ഈ നേതാക്കളുടെ ചിത്രങ്ങൾ നേരത്തേയും പുറത്തുവന്നിരുന്നു.
Content Highlights: Shocking new photos emerge of UDF convener Adoor Prakash with Unnikrishnan Potty, prime accused in the Sabarimala gold heist case. See the exclusive images and details.