ശബരിമല നെയ്യ് വിവാദം: കൃത്രിമം നടന്നിട്ടില്ല, അന്വേഷണവുമായി സഹകരിക്കുമെന്ന് മിൽമ ചെയർമാൻ

#സ്വന്തം ലേഖകൻ
കെ. എസ് മണി | PHOTO: MATHRUBHUMI
കെ. എസ് മണി | PHOTO: MATHRUBHUMI

തിരുവനന്തപുരം: ശബരിമലയിലെ നെയ്യ് വിതരണവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന വിവാദങ്ങളിൽ വിശദീകരണവുമായി മിൽമ ചെയർമാൻ കെ.എസ്. മണി. മിൽമ ശബരിമലയിൽ നൽകിയ നെയ്യ് ഉൽപ്പന്നങ്ങളിൽ യാതൊരുവിധ കൃത്രിമവും നടത്തിയിട്ടില്ലെന്നും പുറത്തുവന്ന വാർത്തകൾ ബ്രാൻഡിന് വലിയ ദോഷമുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.

മിൽമയുടെ ഉൽപ്പന്നങ്ങൾ വാങ്ങാൻ മുൻ മന്ത്രിമാർക്കും ദേവസ്വം ബോർഡ് അംഗങ്ങൾക്കും കത്തുകൾ നൽകിയതിന്റെ തുടർച്ചയായാണ് ബോർഡുമായി കരാറിലെത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. പത്തനംതിട്ട മേഖലയിൽനിന്നാണ് ശബരിമലയിലേക്കുള്ള ഉൽപ്പന്നങ്ങൾ വിതരണം ചെയ്തത്. വിതരണംചെയ്ത നെയ്യിന്റെ ഗുണനിലവാരത്തിൽ വീഴ്ച സംഭവിച്ചതായി ദേവസ്വം ബോർഡോ മന്ത്രിയോ മിൽമയെ അറിയിച്ചിട്ടില്ലെന്നും മിൽമ നെയ്യ് വേണ്ടെന്ന രീതിയിലുള്ള ഉത്തരവുകൾ ഒന്നും ഉണ്ടായിട്ടില്ലെന്നും ചെയർമാൻ അറിയിച്ചു.

ഗുണനിലവാരം മോശമായിരുന്നു എങ്കിൽ തിരുവനന്തപുരത്തെയോ പത്തനംതിട്ടയിലെയോ മിൽമ യൂണിറ്റുകളെ അറിയിക്കേണ്ടതായിരുന്നു. എന്നാൽ, അത്തരത്തിലുള്ള യാതൊരു അറിയിപ്പും ഇതുവരെ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്റ്റേറ്റ് ലാബിലും പമ്പയിലും രണ്ട് തവണവീതം ഗുണനിലവാര പരിശോധനകൾ നടത്തിയ ശേഷമാണ് നെയ്യ് വിതരണത്തിനായി കൊണ്ടുപോകുന്നത്. ആറ് തവണയെങ്കിലും ഗുണനിലവാരമില്ലാത്ത നെയ്യ് എത്തിയതായി പറയപ്പെടുന്നുണ്ടെങ്കിലും ഒരുതവണ പോലും മിൽമയെ ഇക്കാര്യം അറിയിക്കാത്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു.

നിലവിലെ വിവാദങ്ങളിൽ നടക്കുന്ന അന്വേഷണവുമായി മിൽമ പൂർണമായി സഹകരിക്കുമെന്നും അന്വേഷണത്തിൽ മിൽമയുമായി ബന്ധപ്പെട്ട ആരെങ്കിലും കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ അവർക്കെതിരെ അതിശക്തമായ നടപടി സ്വീകരിക്കുമെന്നും ചെയർമാൻ കെ.എസ്. മണി വ്യക്തമാക്കി.

Content Highlights: Milma denies any adulteration in ghee supplied to Sabarimala., Chairman KS Mani confirms no official complaints regarding quality were received., Quality checks are performed twice at state labs and Pamba before distribution., Milma pledges full cooperation with the ongoing investigation.