ശബരിമലയിൽ ഹെലികോപ്റ്റർ വന്ന സംഭവം: പിടിവിടാതെ പോലീസ്; ഹെലികോപ്റ്റർ ചെന്നൈയിലേക്ക് മാറ്റിയതായി സൂചന

#ജി. രാജേഷ് കുമാർ/സിറാജ് കാസിം
• ശബരിമല ക്ഷേത്രത്തിന് മുകളിൽ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ
• ശബരിമല ക്ഷേത്രത്തിന് മുകളിൽ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ

പത്തനംതിട്ട/കൊച്ചി: ശബരിമല ക്ഷേത്രത്തിന് മുകളിൽ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ താഴ്‌ന്നുപറന്നതിലെ അന്വേഷണം മുന്നോട്ടുകൊണ്ടുപോകാൻ കേരള പോലീസ്. കോസ്റ്റ് ഗാർഡിന്റെ വിശദീകരണത്തെ തുടർന്ന് ഹൈക്കോടതി കേസ് അവസാനിപ്പിച്ചിരുന്നു. എന്നാൽ, അതീവ സുരക്ഷാമേഖലയിൽ കോപ്റ്റർ പറന്നതിന് രജിസ്റ്റർചെയ്ത കേസുമായി മുന്നോട്ടുനീങ്ങാനാണ് പമ്പാ പോലീസിന്റെ തീരുമാനം. ഇതിനിടെ, സംഭവത്തിൽ ഉൾപ്പെട്ട ഹെലികോപ്റ്റർ ചെന്നൈയിലേക്ക് മാറ്റിയതായും സൂചനയുണ്ട്.

ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻസിൽ (ഡി.ജി.സി.എ.)നിന്ന് വിവരങ്ങൾ തേടി പമ്പാ പോലീസ് കത്തയച്ചിരുന്നു. മറുപടി കിട്ടാഞ്ഞതിനെ തുടർന്ന് വീണ്ടും കത്തയച്ചു. കേസന്വേഷണത്തിൽ ഡി.ജി.സി.എ.യിൽനിന്നുള്ള ഡേറ്റകൾ നിർണായകമാണെന്നും അവ അപ്രത്യക്ഷമാകാതിരിക്കാനുള്ള നടപടി ഉണ്ടാകണമെന്നും കാണിച്ചാണ് പോലീസ് കത്തയച്ചത്. ഡേറ്റകൾ വൈകാതെ കിട്ടുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.

എയർ ട്രാഫിക് കൺട്രോൾ, ഡി.ജി.സി.എ. എന്നിവിടങ്ങളിലെ ഡേറ്റകൾ കിട്ടിയശേഷം കോസ്റ്റ് ഗാർഡിനെ സമീപിക്കാനാണ് പോലീസ് നീക്കം. നിലവിൽ കോസ്റ്റ് ഗാർഡിനോട് പോലീസ് വിവരങ്ങൾ തിരക്കിയിട്ടില്ല.

ശബരിമലയുടെ പ്രാധാന്യം കണക്കിലെടുത്ത് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ജാഗ്രതയുടെ ഭാഗംകൂടിയാണ് കേസ് അന്വേഷണം ഊർജിതമാക്കാനുള്ള പോലീസ് തീരുമാനം. കോപ്റ്റർ പറന്നത് സുരക്ഷാവീഴ്ചയായി കേന്ദ്ര സർക്കാരിനും റിപ്പോർട്ട് കിട്ടിയിരുന്നു. ഇതിന്റെകൂടി അടിസ്ഥാനത്തിലാണ് കഴിഞ്ഞയാഴ്ച പമ്പയിലും സന്നിധാനത്തും നാഷണൽ സെക്യൂരിറ്റി ഗാർഡ്‌സിന്റെ നേതൃത്വത്തിൽ മോക്ഡ്രിൽ നടത്തിയത്.

ഏപ്രിൽ 23-ന് ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് സന്നിധാനത്ത് ഹെലികോപ്റ്റർ താഴ്ന്നുപറന്നതും ക്ഷേത്രത്തിനു മുകളിൽ നിശ്ചലമായിനിന്ന് മൊബൈലിൽ ദൃശ്യങ്ങൾ പകർത്തിയതും.

ഹെലികോപ്റ്റർ മാറ്റിയത് പോലീസ് അന്വേഷണം നടക്കുന്നതിനിടെ

കൊച്ചി: ശബരിമല സന്നിധാനത്തിന് മുകളിലൂടെ പറന്ന ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ ചെന്നൈയിലേക്ക് മാറ്റിയെന്ന് സൂചന. ഹെലികോപ്റ്റർ സന്നിധാനത്തിന് മുകളിലൂടെ പറന്ന സംഭവത്തിൽ പോലീസ് അന്വേഷണം നടക്കുന്നതിനിടയിലാണ് ഈ ഹെലികോപ്റ്റർ കൊച്ചി സ്‌ക്വാഡ്രണിൽനിന്ന് ചെന്നൈയിലേക്ക് പോയതെന്നാണ് വിവരം. എന്നാൽ ഇക്കാര്യം കോസ്റ്റ്ഗാർഡ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

എയർക്രാഫ്റ്റുകൾ പല സ്‌ക്വാഡ്രണുകളിലേക്ക് പോകുന്നത് സാധാരണഗതിയിലുള്ള നടപടി ക്രമമാണെന്നാണ് ഡിഫൻസ് വൃത്തങ്ങൾ പറയുന്നത്. മെയിന്റനൻസ് സർവീസ് നടത്തുന്ന ഉത്തർപ്രദേശിലെ സെന്ററിലേക്ക് എയർക്രാഫ്റ്റുകൾ പോയാൽ തിരികെയെത്താൻ സമയമെടുക്കാറുണ്ട്. ആ സാഹചര്യത്തിൽ മറ്റു സ്‌ക്വാഡ്രണുകളിൽനിന്ന് എയർക്രാഫ്റ്റുകൾ മറ്റിടങ്ങളിലേക്ക് കൊണ്ടുവരാറുണ്ട്. ശബരിമല വിവാദത്തിലെ എയർക്രാഫ്റ്റും അത്തരം മാറ്റത്തിൽ ഉൾപ്പെട്ടിട്ടുണ്ടാകാമെന്നാണ് ഡിഫൻസ് വൃത്തങ്ങൾ പറയുന്നത്. കോസ്റ്റ്ഗാർഡിന്റെ സി.ജി. 821 ഹെലികോപ്റ്ററാണ് ശബരിമലയുടെ മുകളിലൂടെ പറന്നത്.

Content Highlights: Kerala Police persists with investigation despite High Court closing the initial case., Police awaiting critical flight data from the DGCA to proceed with the inquiry., Coast Guard helicopter CG 821 allegedly flew over and hovered above the Sannidhanam., National Security Guard (NSG) conducted mock drills following the security concern., Reports suggest the involved helicopter has been relocated to Chennai.