ഒരുടിൻ അരവണ, മൂന്നു പായ്ക്കറ്റ് അപ്പം; ശബരിമലയിൽ അരവണയ്ക്കും അപ്പത്തിനും നിയന്ത്രണം

#ന്യൂസ് ഡെസ്ക്
പ്രതീകാത്മകചിത്രം | അരവണ | ചിത്രം: രാമനാഥ പൈ, മാതൃഭൂമി
പ്രതീകാത്മകചിത്രം | അരവണ | ചിത്രം: രാമനാഥ പൈ, മാതൃഭൂമി

ശബരിമല: സന്നിധാനത്ത് അരവണ ക്ഷാമം രൂക്ഷമായതോടെ വിതരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. ഒരാൾക്ക് ഒരുടിൻ അരവണയും മൂന്ന് കവർ അപ്പവുമാണ് ഞായറാഴ്ച വിതരണംചെയ്തത്. അരവണ പ്ലാന്റിൽ നവീകരണം നടക്കുന്നതിനാൽ ഉത്പാദനം താത്‌കാലികമായി നിർത്തിവെച്ചതാണ് ക്ഷാമത്തിന് കാരണം. കന്നിമാസ പൂജയ്ക്കായി മുൻവർഷങ്ങളെ അപേക്ഷിച്ച് കൂടുതൽ തീർഥാടകർ എത്തിയിരുന്നു. അരവണശേഖരം കുറഞ്ഞതിനെത്തുടർന്ന് ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടുകൂടി കൗണ്ടറുകൾ അടച്ചു. പിന്നീട് വൈകീട്ട് അഞ്ചിനാണ് തുറന്നത്.

കന്നിമാസപൂജയ്ക്ക് 2.6 ലക്ഷം അരവണയാണ് നിർമിച്ചത്. ഈ വർഷം 50,000 യൂണിറ്റ് കൂടുതൽ ഉത്പാദിപ്പിച്ചതായി ദേവസ്വം ബോർഡ് അധികൃതർ പറയുന്നു. തിങ്കളാഴ്ചത്തേക്ക് 14,000 ടിന്നിൽ താഴെ അരവണ മാത്രമാണ് ബാക്കിയുള്ളത്. അപ്പത്തിന് നിലവിൽ ക്ഷാമമില്ലെന്നാണ് അധികൃതർ പറയുന്നത്. അരവണയുടെ കരുതൽ ശേഖരം തീരുന്ന മുറയ്ക്ക് വില്പനയും നിർത്തിവെയ്ക്കും.

നഷ്ടം നാലുകോടിയെന്ന് എംപ്ലോയീസ് ഫ്രണ്ട്

ശബരിമലയിൽ ആദ്യമായാണ് മാസപൂജയ്ക്ക് അരവണ നിർമാണം നിർത്തിവെച്ചതെന്ന് തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് ഭാരവാഹികൾ പറയുന്നു. കന്നിമാസപൂജയ്ക്ക് വിതരണംചെയ്ത അരവണ ചിങ്ങമാസ പൂജയ്ക്ക് ബാക്കിവന്നതാണ്. ആദ്യമായാണ് പൂജയ്ക്ക് അരവണ പ്ലാന്റ് പ്രവർത്തിക്കാത്തത്. ആറുലക്ഷം യൂണിറ്റ് ഉത്പാദിപ്പിക്കേണ്ട സ്ഥാനത്താണ് 3.2 യൂണിറ്റ് മാത്രം ഉത്പാദിപ്പിച്ചത്. അതുകൊണ്ടുതന്നെ നഷ്ടം നാലുകോടി രൂപയ്ക്ക് അടുത്തുവരും. കന്നിമാസ പൂജയ്ക്ക് അനിയന്ത്രിതമായ തിരക്കായിരുന്നു. വെർച്വൽ ക്യൂവിൽക്കൂടി ബുക്കുചെയ്തുവരുന്നവരുടെ എണ്ണം മുൻകൂട്ടി അറിയാനുള്ള സംവിധാനം ഉണ്ടായിട്ടുകൂടി ഭക്തരെ വലയ്ക്കുന്ന സമീപനമാണുണ്ടായതെന്ന് എംപ്ലോയീസ് ഫ്രണ്ട് ആരോപിക്കുന്നു.

Content Highlights: Severe Aravana shortage at Sabarimala Sannidhanam during Kanni Masapuja., Distribution restricted to one tin of Aravana and three packets of Appam per person., Production temporarily halted due to modernization work at the Aravana plant., Travancore Devaswom Employees Front estimates a loss of nearly 4 crore rupees.