അരവണ പ്രതിസന്ധി തുടരുന്നു; ഒരാൾക്ക് പരമാവധി 20 ടിൻ, ശേഖരത്തിലുള്ളത് 11 ലക്ഷത്തോളം ടിൻ

#ഹരി ആർ. പിഷാരടി
പ്രതീകാത്മകചിത്രം | അരവണ | ചിത്രം: രാമനാഥ പൈ, മാതൃഭൂമി
പ്രതീകാത്മകചിത്രം | അരവണ | ചിത്രം: രാമനാഥ പൈ, മാതൃഭൂമി

ശബരിമല: മണ്ഡലപൂജ കഴിഞ്ഞ് നട തുറന്നപ്പോഴും ശബരിമലയിൽ അരവണ നൽകുന്നതിൽ പ്രതിസന്ധി തുടരുന്നു. ഒരാൾക്ക് പരമാവധി 20 ടിന്നിൽ കൂടുതൽ കൊടുക്കേണ്ടെന്നാണ് ഇപ്പോഴത്തെ തീരുമാനം. വരുംദിവസങ്ങളിൽ വിൽപ്പനയുടെ തോതനുസരിച്ച് തീരുമാനമെടുക്കുമെന്ന് അധികൃതർ പറഞ്ഞു.

വിൽപ്പന ഉയർന്നാൽ നൽകുന്നതിന്റെ എണ്ണം കുറച്ചേക്കും. അരവണശേഖരം കുറഞ്ഞതോടെ മണ്ഡലപൂജസമയത്ത് ഒരാൾക്ക് പരമാവധി 10 ടിൻ എന്നക്രമത്തിലാണ് വിതരണം ചെയ്തത്. നിലവിൽ 11 ലക്ഷത്തോളം ടിൻ ശേഖരമുണ്ട്.‌

മണ്ഡലപൂജ കഴിഞ്ഞ് നടയടച്ചസമയത്തും ഉത്പാദനം തുടർന്നു. തുടക്കത്തിൽ സ്വാമിമാർക്ക് ചോദിക്കുന്നയത്രയും അരവണ വിതരണംചെയ്തിരുന്നു. പലദിവസങ്ങളിലും 4.5 ലക്ഷം ടിൻവരെ നൽകിയതോടെ പ്രതിസന്ധിയായി. ഇതോടെ, ആദ്യം 20 ടിൻ ആയും പിന്നീട് 10 ടിൻ ആയും നിയന്ത്രണമേർപ്പെടുത്തി. ഒരുദിവസം പരമാവധി 2.9 ലക്ഷം ടിൻ ഉത്പാദനമാണ് പ്ലാന്റിന്റെ ശേഷി. ഇപ്പോഴത്തെ സാഹചര്യത്തിൽ, ഒരുദിവസം ആകെ മൂന്നുലക്ഷം ടിന്നിൽ കൂടുതൽ അരവണ കൊടുക്കാൻ സാധിക്കില്ലെന്ന് ദേവസ്വം അധികൃതർ പറയുന്നു.

Content Highlights: Sabari­mala's Aravana Crisis: Rationing Continues Post-Mandalam Period