ശബരിമല വിമാനത്താവളം; ഡിജിറ്റൽ സർവേ വിവരം ഉപയോഗിക്കാൻ ട്രസ്റ്റ് എതിർപ്പ് പറഞ്ഞാൽ അധിക സമയമെടുക്കും, പുതിയ അളവ് വേണ്ടിവരും

കോട്ടയം: നിർദ്ദിഷ്ട ശബരിമല വിമാനത്താവളത്തിന് ചെറുവള്ളി എസ്റ്റേറ്റിന്റെ ഭൂമി അളക്കുന്നതിൽ കുരുക്ക്. ഭൂമി മുഴുവനായി ഏറ്റെടുക്കുന്നതിനാൽ പുതിയ അളവെടുക്കൽ വേണ്ടെന്നാണ് സാങ്കേതിക ഉപദേശം കിട്ടിയതെങ്കിലും നിലവിലെ കൈവശക്കാരായ അയന ട്രസ്റ്റിന്റെ അനുമതി അനിവാര്യം.
എസ്റ്റേറ്റിന് പുറത്തുള്ള ഭൂമി അളവ് പൂർത്തിയായി. 121.87 ഹെക്ടർ ഭൂമി പരമ്പരാഗത രീതിയിലാണ് അളന്നത്. എസ്റ്റേറ്റിനുള്ളിൽ സർക്കാർ നേരത്തെ നടത്തിയ ഡിജിറ്റൽ സർവേപ്രകാരമുള്ള ഭൂമിയുടെ അളവ് ചേർക്കാനാണ് ഇപ്പോൾ തീരുമാനിച്ചിട്ടുള്ളത്. ഡിജിറ്റൽ സർവേ വിവരം ഉപയോഗിക്കുന്നതിന് ട്രസ്റ്റ് എതിർപ്പ് പറഞ്ഞാൽ ഉള്ളിൽകടന്ന് പുതിയ അളവ് നടത്തേണ്ടിവരും. അതിനും പക്ഷേ, അവരുടെ അനുമതി വേണ്ടിവരും. അതിനെല്ലാം അധികം സമയമെടുക്കും.
ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട കേസ് പാലാ കോടതിയിലും, സാമൂഹികാഘാതപഠനത്തിന് എതിരേയുള്ള കേസ് ഹൈക്കോടതിയിലും നിലനിൽക്കുന്നതിനാൽ ട്രസ്റ്റിന് ഇപ്പോഴത്തെ നടപടികളോട് താത്പര്യമില്ലെന്നാണ് സൂചന. നോട്ടീസിന് മറുപടി കൊടുക്കാതിരുന്നാൽ സർക്കാരിന് കോടതിയെ സമീപിക്കേണ്ടിവരും.
അളവ് പൂർത്തിയാക്കിയ സ്വകാര്യഭൂമിക്ക് രേഖകൾ തയ്യാറാക്കലാണ് ഇനിയുള്ള ശ്രമകരമായ ജോലി. Aരോ വ്യക്തിയുടെയും എത്ര അളവ് ഭൂമി എടുക്കുന്നുവെന്ന് അറിയണം. അതിലെ കെട്ടിടങ്ങൾ, മരങ്ങൾ എന്നിവയുടെ വിവരവും ശേഖരിക്കണം. ഇതിന് പൊതുമരാമത്ത് വകുപ്പ്, കൃഷിവകുപ്പ്, റബ്ബർബോർഡ് എന്നിവയുടെ സഹകരണം തേടിയിട്ടുണ്ട്. അതിനുശേഷം വസ്തുവിന്റെ അടിസ്ഥാനമൂല്യം നിശ്ചയിക്കണം. ഇതാണ് പ്രദേശത്തെ വസ്തുവിലയായി കാണിക്കുക.
ജൂലായ് അഞ്ചിനാണ് സർവേ തുടങ്ങിയത്. സർവേസംഘത്തിൽ ആളുകൾ കുറവായതും മഴയും ജോലികൾ വൈകിപ്പിച്ചു. ഇപ്പോൾ ഭൂമി ഏറ്റെടുക്കൽ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടറും തഹസീൽദാരും തിരഞ്ഞെടുപ്പ് ജോലികളിലേക്ക് പോയത് വീണ്ടും തടസ്സങ്ങൾ ഉണ്ടാക്കുന്നു.
Content Highlights: Sabarimala Airport`s land survey hits a snag due to the Ayana Trust`s potential objection to using digital survey data, potentially causing delays and requiring new measurements.