1991-ൽ പ്രധാനമന്ത്രിയാകാൻ മോഹിച്ചു, 2026-ൽ സംസ്ഥാന മന്ത്രിയായി -റോജി എം.ജോൺ

ആലക്കോട്: 1991-ൽ താബോറിൽനിന്ന് ആറ് കിലോമീറ്റർ നടന്ന് അഞ്ചാംതരത്തിൽ ഉദയഗിരി യു.പി. സ്‌കൂളിൽ ചേർന്നു. നവാഗത വിദ്യാർഥികളോട് ആദ്യദിവസം അധ്യാപിക ചോദിച്ചു, ഭാവിയിൽ ആരാകണം? വിദ്യാർഥികൾ വ്യത്യസ്ത അഭിലാഷങ്ങൾ പറഞ്ഞു. തനിക്ക് ഇന്ത്യൻ പ്രധാനമന്ത്രിയാകാനാണ് ആഗ്രഹമെന്ന് മറുപടി പറഞ്ഞത് ഒരുവിദ്യാർഥി മാത്രമാണ്. അത് 2026-ൽ സംസ്ഥാന മന്ത്രിസഭയിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേറ്റ റോജി എം.ജോണാണ്.
5, 6,7 ക്ലാസുകൾ പഠിച്ച പ്രത്യാശ സ്കൂളിലേക്കും തിരിച്ചും വീട്ടിൽ നിന്നും
നടന്നായിരുന്നു പൊയ്ക്കൊണ്ടിരുന്നത്. അന്ന് റോഡില്ല. നടവഴി പിന്നിട്ടാൽ കല്ലിലും മണ്ണിലും ചവിട്ടിയുള്ള യാത്ര. അന്നത്തെ മലയോര കർഷക കുടുംബത്തിലെ ഒരു വിദ്യാർത്ഥിക്ക് നേരിടേണ്ട എല്ലാ ബുദ്ധിമുട്ടുകളും അനുഭവിച്ചിട്ടുണ്ടെന്നും എല്ലാ പ്രയാസങ്ങളിൽ നിന്നും രക്ഷപ്പെടാനുള്ള മാർഗ്ഗം വിദ്യാഭ്യാസമാണ് എന്ന ചിന്ത പകർന്നുനൽകിയത് മാതാപിതാക്കളും അന്നത്തെ അധ്യാപകരുമാണെന്നും മന്ത്രി പറഞ്ഞു.
പത്രവായനയും റേഡിയോ പരിപാടികളും വാർത്തകളും കേൾക്കാറുള്ളതിനാൽ രാഷ്ട്രീയത്തോട് താത്പര്യമുണ്ടായിരുന്ന കുഞ്ഞുനാളുകളെക്കുറിച്ചും ഉദയഗിരിയിൽ നൽകിയ സ്വീകരണത്തിനിടെ വിവരിച്ചു. ഉന്നതവിദ്യാഭ്യാസ രംഗത്ത് നീതിപൂർവവും അർഹതയും ആവശ്യവുമനുസരിച്ച് പ്രവർത്തിക്കുമെന്ന് റോജി എം. ജോൺ പറഞ്ഞു. അർഹതയുള്ളയിടങ്ങളിലായിരിക്കും പുതിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനുവദിക്കുകയെന്നും അപ്‌ഗ്രേഡ് ചെയ്യുകയെന്നും മന്ത്രി പറഞ്ഞു.
അഞ്ചുമുതൽ ഏഴാംക്ലാസ് വരെ പഠിച്ച ഉദയഗിരിയിലെ യു.പി. സ്‌കൂളും ഉദയഗിരി ഗ്രാമപ്പഞ്ചായത്തും ചേർന്ന് നൽകിയ സ്വീകരണത്തിൽ മറുപടിപ്രസംഗം നടത്തുകയായിരുന്നു മന്ത്രി.സ്വീകരണ സമ്മേളനം സജീവ് ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടെസി ആലുംമൂട്ടിൽ അധ്യക്ഷത വഹിച്ചു. കോർപ്പറേറ്റ് മാനേജർ ഫാ. സോണി വടശ്ശേരി അനുഗ്രഹപ്രസംഗവും ഫാ. സേവ്യർ പുത്തൻപുരയിൽ മുഖ്യപ്രഭാഷണവും നടത്തി. ഫാ. ജോൺ ചിലമ്പിക്കുന്നേൽ, ജില്ലാപഞ്ചായത്തംഗം ജോജി വർഗീസ് വട്ടോളി, തോമസ് വെക്കത്താനം, അജേഷ് പൂവനാട്ട്, എൻ.എൻ.പ്രസന്നകുമാർ, സരിത ജോസ്, ജോയിച്ചൻ പള്ളിയാലിൽ എന്നിവർ സംസാരിച്ചു.
Content Highlights: Minister Roji M. John returned to his alma mater, Udayagiri UP School, for a felicitation ceremony., The minister highlighted his childhood ambition of becoming a leader, tracing back to his 5th-grade aspirations., Announcement of a merit-based approach for establishing and upgrading higher education institutions in 2026., Official event attended by MLA Sajeev Joseph and local dignitaries.