ബ്രിസ്റ്റോയുടെ കൊച്ചുമകനെത്തി, 'വാസ്‌കോ' ബോട്ട് കാണാൻ

തോപ്പുംപടി: കൊച്ചി തുറമുഖ ശിൽപിയായ സർ റോബർട്ട് ബ്രിസ്റ്റോയുടെ കൊച്ചുമകൻ ജാക്ക് പോട്ട്സ് കൊച്ചിയിലെത്തി. റോബർട്ട് ബ്രിസ്റ്റോ ഉപയോഗിച്ചിരുന്ന 'വാസ്‌കോ' എന്ന ബോട്ട് കൊച്ചിയിലുണ്ടെന്നറിഞ്ഞ് അത് കാണാനായിരുന്നു ജാക്ക് പോട്ട്സിന്റെ വരവ്. ബോട്ടിനടുത്തു നിന്ന് ചിത്രങ്ങളെടുത്ത അദ്ദേഹം പറഞ്ഞത് ചരിത്രത്തെ തൊട്ടറിയുന്നതുപോലെയുള്ള അനുഭവമാണിതെന്നാണ്.
1920-ലാണ് റോബർട്ട് ബ്രിസ്റ്റോ കൊച്ചിയിൽ എത്തിയത്. അക്കാലത്തുതന്നെ ബ്രിട്ടീഷുകാർ നിർമിച്ച വാസ്‌കോ ബോട്ട് കൊച്ചിയിലുണ്ടായിരുന്നു. ആ ബോട്ടിൽ സഞ്ചരിച്ചാണ് ബ്രിസ്റ്റോ കൊച്ചി തുറമുഖത്തിന്റെ ആദ്യഘട്ട നിർമാണ ജോലികൾ നിർവഹിച്ചത്. അങ്ങനെ ചരിത്രമായി മാറിയ വാസ്‌കോ ബോട്ട് പിൽക്കാലത്ത് കൊച്ചി തുറമുഖാധികൃതർ ആക്രിയായി വിറ്റുകളഞ്ഞു. ഈ ബോട്ട് വാങ്ങിയത് കൊച്ചിയിലെ ആക്രി ബിസിനസുകാരായ അബി സിത്താരയും സാജർ സിത്താരയുമാണ്. ഒരു കൗതുകത്തിനാണ് അന്നവർ വാസ്‌കോ ബോട്ട് വാങ്ങിയത്. രണ്ടരലക്ഷം രൂപ അതിന് വിലയായി നൽകി.
തുറമുഖത്തുനിന്ന് പതിവായി ആക്രിസാധനങ്ങൾ എടുക്കുന്നവരാണ് ഈ സഹോദരന്മാർ. 15 വർഷം മുൻപ് ഇവർ വാസ്‌കോ വാങ്ങിയെങ്കിലും ആ സമയത്ത് ഒന്നും ചെയ്യാതെ സൂക്ഷിച്ചുവെച്ചു. അടുത്തകാലത്ത് ആ ബോട്ട് പൈതൃകഭംഗി നിലനിർത്തിക്കൊണ്ട് അവർ പുതുക്കിയെടുത്തു. പഴയകാല മരപ്പണിക്കാരെ കണ്ടെത്തി അവരെ നിയോഗിച്ചാണ് ജോലികൾ പൂർത്തിയാക്കിയത്. തേക്ക്, പിച്ചള എന്നിവയൊക്കെ ഉപയോഗിച്ചാണ് ഈ ബോട്ട് നിർമിച്ചിരിക്കുന്നത്. അതേ വസ്തുക്കൾ ഉപയോഗിച്ചാണ് ബോട്ട് പുതുക്കിയെടുത്തത്. ബ്രിസ്റ്റോ ഉപയോഗിച്ചിരുന്ന വാസ്‌കോ ബോട്ടിന്റെ കഥ വലിയ വാർത്തയായി. ഈ വാർത്തകൾ ഓൺലൈനിൽ കണ്ടാണ് ബ്രിസ്റ്റോയുടെ കൊച്ചുമകൻ, അതുകാണാൻ കൊച്ചിയിലേക്ക് എത്തിയത്.
അധ്യാപകൻ കൂടിയായ ജാക്ക് പോട്ട്സ് സുഹൃത്ത് ലീ സ്റ്റിൽ വെല്ലിനൊപ്പം ആയുർവേദ ചികിത്സയ്ക്കാണ് കേരളത്തിലെത്തിയത്. അപ്പോഴാണ് കൊച്ചിയിലുള്ള വാസ്‌കോ ബോട്ട് കാണണമെന്ന് ആഗ്രഹിച്ചത്. സിത്താര സഹോദരന്മാരുടെ ഫോൺ നമ്പർ കണ്ടെത്തി അവരെ ബന്ധപ്പെടുകയായിരുന്നു. വെള്ളിയാഴ്ച രാത്രിയോടെ ജാക്ക് കൊച്ചിയിലെ സിത്താര ഗ്രൂപ്പിന്റെ യാർഡിലെത്തി വാസ്‌കോ ബോട്ട് കണ്ടു. അബിയും സാജറും അവർക്കൊപ്പമുണ്ടായിരുന്നു. ഫോർട്ട്‌കൊച്ചിയിൽ ബ്രിസ്റ്റോ താമസിച്ചിരുന്ന വീടും അവർ സന്ദർശിച്ചു.
Content Highlights: Jack Potts, grandson of Robert Bristow, visited Kochi to see the historic Vasco boat., The boat was used by Bristow during the construction of the Kochi Port., The boat was restored to its original glory by Kochi-based entrepreneurs, the Sithara brothers., The restoration utilized original materials like teak and brass.