'പെണ്‍കുട്ടികള്‍ക്ക് അച്ഛനെ ഇല്ലാതാക്കിയവള്‍'; നടി സീമയെ പിന്തുണച്ച് ദിവ്യക്കെതിരേ റിജില്‍ മാക്കുറ്റി

കണ്ണൂര്‍: ജില്ലാ പഞ്ചായത്ത് മുന്‍പ്രസിഡന്റ് പി.പി. ദിവ്യക്കെതിരേ കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി. ദിവ്യക്കെതിരേ അതിരൂക്ഷ പരാമര്‍ശമാണ് റിജില്‍ നടത്തിയത്. 'രണ്ടുചെറിയ പെണ്‍കുട്ടികള്‍ക്ക് അച്ഛനെ ഇല്ലാതാക്കിയവള്‍', എന്നാണ് റിജില്‍ എഫ്ബിയിൽ കുറിച്ചത്. ദിവ്യയുടെ വിമര്‍ശനത്തിന് നടി സീമാ ജി. നായര്‍ നല്‍കിയ മറുപടി പോസ്റ്റിന് താഴെയായിരുന്നു റിജിലിന്റെ കമന്റ്.
ലൈംഗികാരോപണത്തില്‍പ്പെട്ട പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് കുരുക്കായി കഴിഞ്ഞ ദിവസം വീണ്ടും ശബ്ദരേഖയും വാട്‌സാപ്പ് ചാറ്റും പുറത്തുവന്നിരുന്നു. രാഹുലിനെ പിന്തുണച്ച് പതിവായി രംഗത്തെത്താറുള്ള സീമാ ജി. നായര്‍, ചൊവ്വാഴ്ചയും എംഎല്‍എയ്ക്ക് അനുകൂലമായ പോസ്റ്റുമായെത്തി. തെറ്റ് ചെയ്‌തെങ്കില്‍ മാത്രം രാഹുല്‍ ശിക്ഷിക്കപ്പെടണമെന്ന് സീമ പുതിയ പോസ്റ്റില്‍ കുറിച്ചു. പുരുഷന് മാത്രമായി തെറ്റ് സംഭവിക്കില്ലെന്നും അവര്‍ ആരോപിച്ചു.
ഇതിന് പിന്നാലെയാണ് നടിമാരായ അനുശ്രീയേയും സീമാ ജി. നായരേയും കുറ്റപ്പെടുത്തി പി.പി. ദിവ്യ പോസ്റ്റ് പങ്കുവെച്ചത്. രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിന് പുറത്ത് കഴിയുന്ന ഗോവിന്ദചാമിയാണെന്നും ഇങ്ങനെയുള്ളവരെ സൃഷ്ടിക്കുന്നതില്‍ അനുശ്രീയേയും സീമയേയും പോലെയുള്ളവരുടെ പിന്തുണയും ആലിംഗനവും പ്രോത്സാഹനമാകുന്നുവെന്നായിരുന്നു ദിവ്യയുടെ പോസ്റ്റ്. 'ഇന്ന് സ്മരിക്കേണ്ട സ്ത്രീരത്‌നങ്ങള്‍', എന്ന കുറിപ്പോടെ അനുശ്രീയുടേയും സീമയുടേയും ചിത്രങ്ങള്‍ പങ്കുവെച്ചായിരുന്നു വിമര്‍ശനം.
പിന്നാലെ, ഇതിന് മറുപടിയുമായി സീമാ ജി. നായര്‍ രംഗത്തെത്തി. 'രത്‌നകിരീടം ഞങ്ങള്‍ക്ക് ചാര്‍ത്തി തരുന്നതിലും നല്ലത്, സ്വന്തം തലയില്‍ ചാര്‍ത്തുന്നതാണ്', എന്നായിരുന്നു സീമയുടെ മറുപടി. ഇതിന് താഴെയാണ് റിജില്‍ മാക്കുറ്റി കമന്റുമായെത്തിയത്. 'രണ്ടു ചെറിയ പെണ്‍കുട്ടികള്‍ക്ക് അച്ഛന്‍ ഇല്ലാതാക്കിയ ഇവള്‍ തന്നെ ഇത് പറയണം', എന്നായിരുന്നു റിജിലിന്റെ കമന്റ്.
കെപിസിസി അംഗമായ റിജില്‍ മാക്കുറ്റി യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ഉപാധ്യക്ഷനാണ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍ ആദികടലായി വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി ജനവിധി തേടുന്നുണ്ട്.
Content Highlights: Congress leader Rijil Makkutty criticizes PP Divya for her remarks against actress Seema G Nair. Divya had targeted Seema and Anusree for supporting MLA Rahul Mamkootathil