ഓൺലൈൻ വഴി വിവരാവകാശ അപേക്ഷകൾക്ക് മറുപടിയില്ല, അപ്പീൽ നൽകാനും മാർഗമില്ല; വിവരമറിയാൻ ഓഫീസുകളിലെത്തണം

ഫോട്ടോ: Screengrab/ rtiportal.kerala.gov.in/
ഫോട്ടോ: Screengrab/ rtiportal.kerala.gov.in/

കൊല്ലം: സംസ്ഥാന സർക്കാരിന്റെ ഓൺലൈൻ പോർട്ടൽ വഴി വിവരാവകാശ അപേക്ഷ സമർപ്പിക്കുന്നവർക്ക് മറുപടിയില്ല. 30 ദിവസത്തിനുശേഷവും മറുപടി ലഭിച്ചില്ലെങ്കിൽ ഓൺലൈൻ വഴി അപ്പീൽ നൽകാനുള്ള സംവിധാനവുമില്ല. അപേക്ഷകൾ അതത് വകുപ്പിൽ കിട്ടിയിട്ടുണ്ടോ എന്നറിയണമെങ്കിൽ വകുപ്പുകളിൽ നേരിട്ടോ ഫോൺവഴിയോ അന്വേഷിക്കണം.

വിവരങ്ങൾ വേഗത്തിൽ ലഭ്യമാക്കാൻ കഴിഞ്ഞവർഷം ജൂലായോടെ സർക്കാർ ആരംഭിച്ച ഓൺലൈൻ പോർട്ടലിൽ അപേക്ഷകർ സ്വന്തമായി അക്കൗണ്ട് നിർമിച്ചശേഷമാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഒരോ വകുപ്പിൽനിന്നും അറിയേണ്ട വിവരങ്ങൾക്ക് പ്രത്യേകം ഫീസ് ഒടുക്കി അപേക്ഷകൾ നൽകണം. അപേക്ഷ സമർപ്പിക്കാൻ മാത്രമേ ഓൺലൈൻ പോർട്ടൽ ഉപയോഗിക്കാൻ കഴിയൂ. മറുപടിയുണ്ടെങ്കിൽ തപാൽ വഴി ലഭിക്കും. അപേക്ഷ നൽകുന്നവർ ഇടയ്ക്കിടെ അതത് വകുപ്പിൽ വിളിച്ച് തന്റെ അപേക്ഷ കിട്ടിയിട്ടുണ്ടോ എന്നും ഉറപ്പാക്കണം. മറുപടി ലഭിക്കാനുള്ള 30 ദിവസം കഴിഞ്ഞാൽപോലും അപേക്ഷയുടെ സ്റ്റാറ്റസ് ‘പെൻഡിങ്’ ആയിരിക്കും. സംശയംതോന്നി വകുപ്പിൽ വിളിച്ചാൽ അങ്ങനെയൊരു അപേക്ഷ കിട്ടിയിട്ടേ ഇല്ലെന്നാകും മറുപടി.

30 ദിവസത്തിനുശേഷവും മറുപടി ലഭിക്കാതെവന്നാൽ വകുപ്പിൽ നേരിട്ടോ തപാൽവഴിയോ മാത്രമേ അപ്പീൽ നൽകാൻ കഴിയൂ. ഒന്നാം അപ്പീലിലും മറുപടി ലഭിച്ചില്ലെങ്കിൽ സംസ്ഥാന വിവരാവകാശ കമ്മിഷണർക്ക് രണ്ടാം അപ്പീൽ നൽകാം. പക്ഷേ, ഇതും തപാൽ വഴിയോ നേരിട്ടോ മാത്രമേ നൽകാനാകൂ. തമിഴ്നാട്, കർണാടക, ഗുജറാത്ത്, ഉത്തർപ്രദേശ് തുടങ്ങി ഒട്ടുമിക്ക സംസ്ഥാനങ്ങളിലെയും കേന്ദ്രസർക്കാരിന്റെയും വിവരാവകാശ ഓൺലൈൻ പോർട്ടലുകളിൽ അപ്പീൽ നൽകുന്നതിനുള്ള സംവിധാനമുണ്ട്. കേരളത്തിൽ പോർട്ടൽ ആരംഭിച്ചപ്പോൾമുതൽ സാങ്കേതികപ്രശ്നങ്ങളാണ്. അപേക്ഷ നൽകിയാൽ 30 ദിവസം കഴിയാതെ ഒരു മറുപടിയും ലഭിക്കില്ല. മറുപടി ലഭിക്കാതെവരുമ്പോൾ ബന്ധപ്പെടേണ്ട നോഡൽ ഓഫീസർമാരുടെ പേരും ഫോൺ നമ്പരും മറ്റു സംസ്ഥാനങ്ങളുടെ പോർട്ടലുകളിലുണ്ട്. എന്നാലിവിടെ ഇ-മെയിൽ വിലാസം മാത്രമാണുള്ളത്.

കൊല്ലം സ്വദേശിനി ഫെബ്രുവരി 21-ന് ഓൺലൈനായി സാമൂഹികനീതിവകുപ്പിൽ നൽകിയ അപേക്ഷ ഇപ്പോഴും ‘പെൻഡിങ്’ ആണ്. മറുപടി ലഭിക്കാത്തതിനാൽ വകുപ്പിൽ അന്വേഷിച്ചപ്പോൾ അപേക്ഷ കിട്ടിയിട്ടില്ലെന്നായിരുന്നു മറുപടി. തുടർന്ന് ഓൺലൈൻ പോർട്ടലിൽ പരിശോധന നടത്തിയപ്പോൾ അപേക്ഷ നൽകിയത് ഓഗസ്റ്റ് 21-ന് ആണെന്ന് കാണിക്കുന്നു. സംശയംതോന്നി ഫീസ് ഒടുക്കിയ തീയതിയും മറ്റും പരിശോധിച്ചപ്പോൾ ഫെബ്രുവരിയിൽ നൽകിയ അപേക്ഷതന്നെയാണെന്നാണ് കാണിക്കുന്നത്.

Content Highlights: right to information online application issue