'മലകയറുംമുമ്പ് കഴിച്ചത് പൊറോട്ടമാത്രം, വഴുതിവീണത് തിരിച്ചിറങ്ങുമ്പോള്‍; താഴെ നടക്കുന്നതെല്ലാം കണ്ടു'

പാലക്കാട്: മലമ്പുഴ ചെറാട് കൂര്‍മ്പാച്ചി മലയിടുക്കില്‍ കുടുങ്ങിയ ബാബു സംഭവിച്ച എല്ലാ കാര്യങ്ങളും തന്നോട് പറഞ്ഞതായി ഉമ്മ റഷീദ. മലകയറി തിരിച്ചിറങ്ങുമ്പോഴാണ് ബാബു കുടുങ്ങിപോയത്. സ്വയം രക്ഷപ്പെടാന്‍ ശ്രമം നടത്തിയിരുന്നെന്ന് ബാബു പറഞ്ഞതായി റഷീദ വെളിപ്പെടുത്തി.
മുകളിലേക്ക് കയറി, തിരിച്ചിറങ്ങുന്നതിനിടെ കാല്‍ വഴുതി ഗുഹയിലേക്ക് പതിക്കുകയായിരുന്നു. ഗുഹയില്‍ പകല്‍ ചൂട് അസഹനീയമായിരുന്നു. ഇതേ തുടര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടന്ന ദിവസം ആദ്യമുണ്ടായിരുന്ന ഗുഹയില്‍ നിന്ന് ഊര്‍ന്നിറങ്ങിയതെന്നും ബാബു വെളിപ്പെടുത്തി.
വെള്ളവും ഭക്ഷണവുമില്ലാതെ 45 മണിക്കൂറോളം മലമ്പുഴ കൂര്‍മ്പാച്ചി മലയിടുക്കില്‍ ഒറ്റപ്പെട്ടുകഴിഞ്ഞ ബാബു ആരോഗ്യനില ഏറെക്കുറെ വീണ്ടെടുത്തിട്ടുണ്ട്. ബുധനാഴ്ച ഉച്ചമുതല്‍ ജില്ലാ ആശുപത്രിയില്‍ തീവ്രപരിചരണത്തില്‍ കഴിയുന്ന ബാബുവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ഇന്ന് ആശുപത്രി വിടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഉമ്മയും മറ്റു ബന്ധുക്കളും പറഞ്ഞു.
'പഴയ രീതിയില്‍ തന്നെ ഇപ്പോള്‍ സംസാരിക്കുന്നുണ്ട്. എല്ലാ കാര്യങ്ങളും സംസാരിച്ചു. മുകളിലേക്ക് കയറിയതിന് ശേഷം തിരിച്ചിറങ്ങുന്ന ഘട്ടത്തില്‍ ഒരു കല്ലില്‍ ചവിട്ടി. ഇത് വഴുതി താഴേക്ക് വീണുപോയി എന്നാണ് പറഞ്ഞത്. വെറുതെ പോയതാണ്. അവിടെയുള്ള ക്ഷേത്രത്തില്‍ സാധാരണ ചില ആളുകള്‍ പോകാറുണ്ട്. ഒപ്പമുണ്ടായിരുന്ന കുട്ടികള്‍ പാതി വഴിയിലെത്തിയപ്പോള്‍ വെള്ളത്തിന് ദാഹിക്കുന്നുണ്ടെന്ന് പറഞ്ഞു. അപ്പോള്‍ അവരെ തിരിച്ചയച്ചു. ഞാന്‍ മുകളിലേക്ക് പോകുകയാണെന്ന് പറഞ്ഞു. കയറിയ വഴിയിലൂടെ അല്ല ഇറങ്ങിയത്. കയറിയ വഴിയിലൂടെ തന്നെ ഇറങ്ങിയിരുന്നെങ്കില്‍ ഒരു പ്രശ്‌നവും ഉണ്ടാകുമായിരുന്നില്ല. തിരിച്ചിറങ്ങുമ്പോള്‍ എളുപ്പവഴി നോക്കിയതാണ്.
നല്ല തണുപ്പും ചൂടും അനുഭവിച്ചിട്ടുണ്ട്. വെള്ളത്തിന് വേണ്ടിയാണ് ഏറെ ബുദ്ധിമുട്ടിയത്. എല്ലാവരും എത്തിയതോടെ രക്ഷപ്പെടുമെന്ന പ്രതീക്ഷയായി. ആദ്യം ഹെലികോപ്ടര്‍ എത്തിയപ്പോള്‍ വെള്ളം കിട്ടുമെന്ന ഉറച്ച് പ്രതീക്ഷിച്ചു. ഉച്ചയ്ക്ക് പൊറോട്ട കഴിച്ചിരുന്നെന്നാണ് പറഞ്ഞത്. അതിന് ശേഷം ഒരു ഭക്ഷണവും കഴിച്ചിരുന്നില്ല. മുകളില്‍ നിന്ന് എന്നെയടക്കം കണ്ടെന്നാണ് അവന്‍ പറഞ്ഞത്. ഞാന്‍ ഉറക്കെ സംസാരിച്ചതു കേട്ടെന്നും പറഞ്ഞു.
സ്വയം തിരിച്ചിറങ്ങാനുള്ള ശ്രമവും ഇതിനിടെ നടത്തിയിരുന്നു. ഒരു ഗുഹയില്‍ നിന്ന് മറ്റൊരു ഗുഹയിലേക്ക് ഇതിനിടെ ഇറങ്ങുകയും ചെയ്തു. സൈന്യത്തെ കണ്ടപ്പോള്‍ അവന് ഏറെ സമാധാനമായി. മൂന്നാമത്തെ ഗുഹയില്‍ നിന്നാണ് സൈന്യം അവനെ രക്ഷപ്പെടുത്തിയത്', ഉമ്മ റഷീദ മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു.
Content Highlights: