ഭാവി കേരളം, ആശയങ്ങൾ പങ്കുവെച്ച് സംരംഭകർ; ഐസിസി കേരള കൗണ്‍സിലിന് തുടക്കം

കൊച്ചി: ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ കേരള കൗണ്‍സില്‍ രൂപീകരണവുമായി ബന്ധപ്പെട്ട് നടത്തിയ റീഇമാജിന്‍ കേരള 2025 (Reimagine Kerala 2025) വേറിട്ട ആശയങ്ങളാൽ വ്യത്യസ്തമായി. ടൂറിസം, സുഗന്ധവ്യഞ്ജന സംസ്‌കരണം, മീഡിയ, റിയല്‍ എസ്റ്റേറ്റ്, ഫിനാന്‍സ്, സ്റ്റാര്‍ട്ടപ്പുകള്‍, ഓട്ടോമോട്ടീവ്, വിമന്‍ ഇന്‍ ബിസിനസ് തുടങ്ങി സംസ്ഥാനത്തെ 20 ഓളം വ്യവസായ മേഖലകളില്‍ നടപ്പാക്കാവുന്ന വ്യത്യസ്തവും നൂതനവുമായ 40 ആശയങ്ങൾ വേദിയില്‍ അവതരിപ്പിക്കപ്പെട്ടു.
വിവിധ മേഖലകളിൽ നിന്നുള്ള 20 പേർ രണ്ടുവീതം ആശയങ്ങള്‍ പങ്കുവച്ചപ്പോള്‍ അത് കേരളത്തിന്റെ വികസനോന്മുഖ വ്യവസായത്തിന്റെ അടയാളപ്പെടുത്തലായി മാറി. അതിവേഗത്തില്‍ മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന വ്യവസായ മേഖലയില്‍ എ.ഐ അധിഷ്ഠിത ടൂളുകള്‍ ഉള്‍പ്പെടുത്തേണ്ടതു മുതല്‍ വനിതകളുടെ തൊഴില്‍ മെച്ചപ്പെടുത്തലുകള്‍ വരെ പരിപാടിയിൽ ചര്‍ച്ചയായി.
ലാബ് ഗ്രോണ്‍ സുഗന്ധ വ്യഞ്ജനങ്ങള്‍, മലയാളത്തിന് വേണ്ടി മാത്രമുള്ള എ.ഐ മോഡലുകള്‍, മെഡിക്കല്‍ വിദ്യാഭ്യാസത്തില്‍ വരുത്തേണ്ട മാറ്റങ്ങള്‍, വിദേശ നിക്ഷേപം എങ്ങനെ കേരളത്തിലേക്ക് ആകര്‍ഷിക്കാം, ഐ.ടി മേഖലയിലെ അടുത്ത ട്രെന്‍ഡ് എന്തായിരിക്കും തുടങ്ങിയ വിഷയങ്ങളും ചടങ്ങിനെ ശ്രദ്ധേയമാക്കി. ബിസിനസ് സാരഥികള്‍, സംരംഭകര്‍, ഫെസിലിറ്റേറ്റര്‍മാര്‍ തുടങ്ങി 100ഓളം പേര്‍ ചടങ്ങില്‍ പങ്കെടുത്തു.
അവന്യു ഹോസ്പിറ്റാലിറ്റി എംഡി ഐസക് അലക്സാണ്ടര്‍, സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് ഡയറക്ടര്‍ ജേക്കബ് നൈനാന്‍, മാതൃഭൂമി ഡയറക്ടര്‍(ഡിജിറ്റല്‍ ബിസിസ്) മയൂര ശ്രേയാംസ് കുമാർ, ബില്‍ടെക് ഡയറക്ടര്‍ നിതിന്‍രാജ്, മുത്തൂറ്റ് ഗ്രൂപ്പ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് മുത്തൂറ്റ് ജേക്കബ്, ഫെമി സെയ്ഫ് സഹസ്ഥാപക നൂറിന്‍ ഐഷ, പോപ്പുലര്‍ ഗ്രൂപ്പ് ഡയറക്ടര്‍ തോമസ് കെ. സാജു, മുത്തൂറ്റ് ഹൗസിംഗ് ഫിനാന്‍സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ സൂസന്ന മുത്തൂറ്റ്, സ്കൈ ഐസ്‌ക്രീം ഡയറക്ടര്‍ ജോണ്‍ ഫ്രാന്‍സിസ്, കാര്‍ഡിയോതൊറാസിക് സര്‍ജന്‍ ഡോ.വിനീത് എബ്രഹാം, ഇംപാക്ടീവ് പ്രസിഡന്റ് ജോസഫ് കോര, കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ സിഇഒ തോമസ് വര്‍ഗീസ്, ബിയോണ്ട് സെഡ് സിഇഒ മിയ സരോജിനി കൈനടി, അജിലിറ്റി ലൊജിസ്റ്റിക്സ് പാര്‍ക്സ് സിഇഒ (ഏഷ്യ & ആഫ്രിക്ക) അജയ് ജെയിംസ്, ഗ്രൂപ്പ് മീരാന്‍ വൈസ് ചെയര്‍മാന്‍ ഫിറോസ് മീരാന്‍, നെയ്റ്റ് ഹോംസ് സിഇഒ ശിവന്‍ സന്തോഷ്, നാട്ടിക ഗ്രൂപ്പ് ഡയറക്ടര്‍ ജോസഫ് കോടത്ത്, ഇന്റര്‍സീസ് എക്സ്പോര്‍ട്സ് ഹെഡ് വിജയ് കരിക്കാശേരി, ചോയ്സ് ഗ്രൂപ്പ് ഡയറക്ടര്‍ തോമസ് ജോസ്, കെസിപിഎംസി മാനേജിംഗ് ഡയറക്ടര്‍ ജോജോ ജോര്‍ജ് പൊട്ടംകുളം തുടർങ്ങിയവർ ആശയങ്ങൾ പങ്കുവെച്ചു.
- ആശയങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തി അവ പ്രാവര്‍ത്തികമാക്കുന്നതിനുള്ള പ്രായോഗിക പദ്ധതികള്‍ക്ക് രൂപം നല്‍കും. പ്രത്യേക സെക്ടറല്‍ കമ്മിറ്റികളും രൂപവത്കരിക്കും. - വിനയ് ജെയിംസ് കൈനടി, ചെയര്‍മാന്‍, ഐസിസി കേരള കൗണ്‍സില്‍
- കേരളത്തിന്റെ 'ക്രിയേറ്റീവ് ഇക്കോണമി' വളര്‍ത്തുന്നതിനായി ഡിജിറ്റല്‍ കോണ്ടന്റ് ഹബ്ബുകളും ആധുനിക മ്യൂസിക് സ്റ്റുഡിയോകളും സ്ഥാപിക്കണം. പുതിയ വരുമാന സ്രോതസ്സുകള്‍ക്കായി ഒരു ഇവന്റ് മാനേജ്‌മെന്റ് ഇക്കോ സിസ്റ്റം വികസിപ്പിക്കേണ്ടതുണ്ട്. - മയൂര ശ്രേയാംസ് കുമാര്‍, ഡയറക്ടര്‍ - ഡിജിറ്റല്‍ ബിസിനസ്, മാതൃഭൂമി
- സര്‍വകലാശാലയും വ്യവസായവും സംയുക്തമായി ഇന്ത്യയിലെ ആദ്യത്തെ സിന്തറ്റിക് ബയോളജി ഇക്കോ സിസ്റ്റം സ്ഥാപിക്കണം. സുഗന്ധവ്യഞ്ജന വ്യവസായം മെച്ചപ്പെടുത്തുന്നതിനായി കൃഷിയും ബ്ലോക്ക്ചെയിന്‍ സാങ്കേതികവിദ്യയും അടിസ്ഥാനമാക്കിയുള്ള കണ്ടെത്തലുകളും ആവശ്യമാണ് - ജേക്കബ് നൈനാന്‍, ഡയറക്ടര്‍, സിന്തൈറ്റ് ഇന്‍ഡസ്ട്രീസ്
- എംഎസ്എംഇകളെ മികച്ച രീതിയില്‍ പിന്തുണയ്ക്കുന്നതിനായി ബ്രാഞ്ച് ശൃംഖല കാര്യക്ഷമമാക്കും. നൂതനമായ വായ്പകള്‍ നല്‍കുന്നതിനായി സെക്യൂരിറ്റൈസേഷന്‍ മാര്‍ഗനിര്‍ദേശങ്ങളില്‍ ഇളവ് നല്‍കണം. - ജോര്‍ജ് മുത്തൂറ്റ് ജേക്കബ്, ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍, മുത്തൂറ്റ് ഗ്രൂപ്പ്
- കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് ടാലന്റ് ഗ്യാപ് വലുതാണ്. ഇത് പരിഹരിക്കാന്‍ ഒരു സ്റ്റാര്‍ട്ടപ്പ് ടാലന്റ് എന്‍ജിന്‍ ഫെലോഷിപ്പും ഫൗണ്ടര്‍ സപ്പോര്‍ട്ട് സെല്ലും സ്ഥാപിക്കണം.- നൗറിന്‍ ആയിഷ, സഹസ്ഥാപക, ഫെമിസേഫ്
- വാഹനങ്ങളില്‍ മാറ്റങ്ങള്‍ വരുത്തുന്നതിന് വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി. റീട്ടെയില്‍ ഡിജിറ്റൈസേഷനായി 'ക്ലിക്ക് ആന്‍ഡ് കളക്ട് കേരള' പ്ലാറ്റ്ഫോം വേണം. - തോമസ് കെ. സാജു, ഡയറക്ടര്‍, പോപ്പുലര്‍ ഗ്രൂപ്പ്
- സ്ത്രീകള്‍ക്ക് അനുയോജ്യമായ തൊഴിലിടങ്ങള്‍ വേണം. 'വിമെന്‍ ഇന്‍ ലീഡര്‍ഷിപ്പ്' മെന്റര്‍ഷിപ്പ്, പരിശീലന പരിപാടികള്‍ ആവശ്യമാണ്. - സൂസന്ന മുത്തൂറ്റ്, എക്സിക്യുട്ടീവ് ഡയറക്ടര്‍, മുത്തൂറ്റ് ഹൗസിങ് ഫിനാന്‍സ്
- ജിഎസ്ടിയും അനൗപചാരിക മേഖലയിലെ മത്സരവും ഉയര്‍ത്തുന്ന വെല്ലുവിളികള്‍ ആശങ്കാജനകമാണ്. ഭക്ഷ്യ ബിസിനസുകളെ പിന്തുണയ്ക്കുന്നതിനായി ഭൂപരിഷ്‌കാരങ്ങള്‍ ആവശ്യമാണ്. - ജോണ്‍ ഫ്രാന്‍സിസ്, ഡയറക്ടര്‍, സ്‌കീ ഐസ്‌ക്രീം
- ആരോഗ്യമേഖലയിലെ നിക്ഷേപം ആകര്‍ഷിക്കുന്നതിനായി വേഗത്തില്‍ അനുമതികള്‍ നല്‍കണം. തൊഴില്‍ശക്തി വര്‍ധിപ്പിക്കുന്നതിനായി അനുബന്ധ മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ നിയന്ത്രണങ്ങള്‍ ഒഴിവാക്കണം. - ഡോ. വിനീത് എബ്രഹാം, ഡയറക്ടര്‍ ആന്‍ഡ് സീനിയര്‍ കാര്‍ഡിയോതൊറാസിക് സര്‍ജന്‍, ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍
- കേരളത്തിന്റെ തനതായ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങള്‍ക്കനുസരിച്ച് പ്രസക്തമായ എഐസൊല്യൂഷനുകള്‍ വേണം. എഐയുടെ സാമ്പത്തിക നേട്ടങ്ങള്‍ എല്ലാ സമൂഹങ്ങള്‍ക്കും ലഭ്യമാക്കേണ്ടതായുണ്ട്. - മിയ സരോജിനി കൈനടി, സിഇഒ, ബിയോണ്ട് സെഡ്
- കോരളത്തിന്റെ സ്‌പോര്‍ട്‌സ്‌മേഖലയിലെ അടിസ്ഥാനസൗകര്യവികസമത്തില്‍ പൊതു-സ്വകാര്യ പങ്കാളിത്തം വേണം. കായികമേഖലയെ ഊര്‍ജസ്വലമാക്കാന്‍ കൂടുതല്‍ പങ്കാളിത്തങ്ങള്‍ വേണം. - ഫിറോസ് മീരാന്‍, വൈസ് ചെയര്‍മാന്‍, ഗ്രൂപ്പ് മീരാന്‍
- അധ്യാപനം ഒരു അഭിമാനകരമായ ജോലിയായി മാറ്റണം. വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയര്‍ത്തുന്നതിനായി ഉയര്‍ന്ന തലത്തിലുള്ള പരിശീലന പരിപാടികള്‍ വേണം. - തോമസ് ജോസ്, ഡയറക്ടര്‍, ചോയ്സ് ഗ്രൂപ്പ്
Content Highlights: Reimagine Kerala 2025: Innovative Strategies for Kerala's Industrial Growth