'പറക്കമുറ്റാത്ത ഈ ബാല്യം ചുട്ടെരിച്ചപ്പോള്‍ എന്ത് നേടി'?, സാമൂഹ്യവിരുദ്ധരുടെ കണ്ണില്ലാത്ത ക്രൂരത

വെന്തുകരിഞ്ഞ കുഞ്ഞുകുരുവികള്‍ക്ക് സമീപം രണ്ട് കുങ്കുമക്കുരുവികള്‍..ഷോബി പകര്‍ത്തിയ ദൃശ്യം
വെന്തുകരിഞ്ഞ കുഞ്ഞുകുരുവികള്‍ക്ക് സമീപം രണ്ട് കുങ്കുമക്കുരുവികള്‍..ഷോബി പകര്‍ത്തിയ ദൃശ്യം

തീയില്‍ വെന്തെരിഞ്ഞ കുഞ്ഞുകുരുവികള്‍, കരിഞ്ഞ കിളിക്കൂട്, കുഞ്ഞുജഡങ്ങള്‍ക്കും കിളിക്കൂടിനും കൂട്ടിരുന്ന് രണ്ട് കുങ്കുമക്കുരുവികള്‍.. ഓസ്‌ട്രേലിയന്‍ കാടിന് തീപിടിച്ചപ്പോള്‍ പകര്‍ത്തിയ ദൃശ്യങ്ങളല്ല ഈ കാണുന്നത്. ഇത് നമ്മുടെ കേരളമാണ്, ഭാരതപ്പുഴയുടെ മാറിലെ മായന്നൂര്‍ പാലത്തിന് ചുവടെയാണ് കണ്ണില്ലാത്ത ഈ ക്രൂരത അരങ്ങേറിയിരിക്കുന്നത്. ഫോട്ടോഗ്രാഫര്‍മാരായ ഷോബിയും ശ്രീജിത്ത് കുട്ടനുമാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.  പക്ഷികളുടെ ചിത്രം പകര്‍ത്താന്‍ ഫോട്ടോഗ്രാഫര്‍മാര്‍ ഈ സ്ഥലത്തേക്ക് വരുന്നത് തടയാനായി കുറച്ച് സാമൂഹ്യവിരുദ്ധരാവാം ഈ ക്രൂരതയ്ക്ക് പിന്നിലെന്ന് ഷോബി തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. 

ഷോബിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്

ഞങ്ങളും ഈ ഭൂമിയുടെ അവകാശികളാണ്.
ഭാരത പുഴയുടെ മാറില്‍ മായന്നൂര്‍ പാലത്തിന് ചുവടെയാണ് ഈ ക്രൂരത നടന്നത്.ദേശാടന പക്ഷികളില്‍ ഏറ്റവും ഭംഗിയുള്ള ഈ ചെറുപക്ഷികളുടെ കൂടുകളാണ് തീയിട്ട് നശിപ്പിച്ച നിലയില്‍ കണ്ടത്. ആപ്രദേശത്ത് മദ്യപിക്കാന്‍ വരുന്ന ആളുകള്‍ കൂടുതലാണ്. ഫോട്ടോഗ്രാഫര്‍മാര്‍ ആ സ്ഥലത്തേക്ക് വരുന്നതിന്റെ ദേഷ്യം തീര്‍ത്തതാണ്. രാവിലെ പക്ഷിനിരീക്ഷണത്തിന് ചെന്ന ഞങ്ങള്‍ ആ കാഴ്ച്ച കണ്ട് മരവിച്ചു പോയി. അങ്ങേയറ്റം സങ്കടതോടെയാണ് ഈ ചിത്രങ്ങള്‍ ഞങ്ങള്‍ പകര്‍ത്തിയത്. പറക്കമറ്റ ബാല്യം ചുട്ടെരിച്ചപ്പോള്‍ എന്ത് നേടി മനുഷ്യാ നീ. 

ഈ കുരുവികള്‍ സങ്കടം പറയും പോലെ അടുത്ത് വന്ന് കരയുന്നത് ഞങ്ങളുടെ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു. കുറച്ച് നേരം ആ കാഴ്ച്ച നോക്കി നിന്നപോഴേക്കും കണ്ണു നിറഞ്ഞു. പിന്നെ അധികനേരം ആ കാഴ്ച്ച കാണാന്‍ കണ്ണുനീര്‍ സമ്മതിച്ചില്ല ഞങ്ങള്‍ തിരിച്ച് പോന്നു.

Content Highlights: Red sparrows and its nest burnt alive near Mayannur Bridge 

Content Highlights: