സംസ്ഥാനങ്ങൾ ഒ.ഡി.യിൽ ഓടേണ്ട; ഓവർ ഡ്രാഫ്റ്റ് ദിവസങ്ങൾ വെട്ടിക്കുറയ്ക്കണമെന്ന് റിസർവ് ബാങ്ക് സമിതി

#എസ്.എൻ. ജയപ്രകാശ്
പ്രതീകാത്മക ചിത്രം | Photo: Anushree Fadnavis/REUTERS
പ്രതീകാത്മക ചിത്രം | Photo: Anushree Fadnavis/REUTERS

തിരുവനന്തപുരം: ട്രഷറിയിൽ പണമില്ലാതെ വരുമ്പോൾ സംസ്ഥാനങ്ങൾ ഓവർ ഡ്രാഫ്റ്റിനെ(ഒ.ഡി.) ആശ്രയിക്കുന്നത് നിയന്ത്രിക്കാൻ റിസർവ് ബാങ്ക് സമിതിയുടെ ശുപാർശ. നിലവിൽ തുടർച്ചയായി 14 ദിവസം ഒ.ഡി.യിൽ തുടരാം. ഇത് പത്താക്കണമെന്നാണ് ശുപാർശ. സാമ്പത്തികവർഷത്തിന്റെ ഒരു പാദത്തിൽ 36 ദിവസംവരെ ഒ.ഡി. എടുക്കാമായിരുന്നു. ഇത് 30 ആക്കണമെന്നും ശുപാർശയുണ്ട്. കർണാടകത്തിലെ മുൻ അഡീഷണൽ ചീഫ് സെക്രട്ടറി എസ്.എൻ. പ്രസാദ് അധ്യക്ഷനായി റിസർവ് ബാങ്ക് നിയോഗിച്ച ഉപദേശകസമിതിയാണ് ശുപാർശ നൽകിയത്. കേരളത്തിലെ ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാലും അംഗമാണ്.

സാമ്പത്തികപ്രതിസന്ധി അതിജീവിക്കാൻ വേണ്ടത്ര മുൻകരുതലുകളില്ലാതെ, റിസർവ് ബാങ്കിന്റെ ഈ സൗകര്യങ്ങളെ സംസ്ഥാനങ്ങൾ അമിതമായി ആശ്രയിക്കുന്നത് തടയുന്നതിനായാണ് നിയന്ത്രണങ്ങളെന്ന് സമിതി പറയുന്നു. കേരളംപോലെ രൂക്ഷ സാമ്പത്തികപ്രതിസന്ധി നേരിടുന്ന സംസ്ഥാനങ്ങളെ ഇത് ബാധിക്കും. കേരളം റിസർവ് ബാങ്കിൽനിന്നുള്ള വേയ്‌സ് ആൻഡ് മീൻസ് വായ്പയെയും ഓവർ ഡ്രാഫ്റ്റ് സംവിധാനത്തെയും കൂടുതലായി ആശ്രയിക്കാറുണ്ട്.

വേയ്‌സ് ആൻഡ് മീൻസ്, ഓവർ ഡ്രാഫ്റ്റ്

റിസർവ് ബാങ്കുമായുള്ള കരാർപ്രകാരം സംസ്ഥാനസർക്കാരിന് ബാങ്കിൽ എല്ലാദിവസവും 1.66 കോടി രൂപ മിനിമം ബാലൻസ് ഉണ്ടാകണം. ഇതില്ലാതെ വരുമ്പോൾ കൺസോളിഡേറ്റഡ് സിങ്കിങ് ഫണ്ട്, ഗ്യാരന്റി റിഡംപ്ഷൻ ഫണ്ട് എന്നിവയുടെ വലുപ്പത്തിന്റെ അടിസ്ഥാനത്തിൽ 3362.9 കോടിവരെ റിസർവ് ബാങ്കിൽ നിന്ന് പ്രത്യേക വായ്പ (െസ്പഷ്യൽ ഡ്രായിങ് ഫെസിലിറ്റി) എടുക്കാം. അതുകൊണ്ടും മതിയാകാതെവന്നാൽ വേയ്‌സ് ആൻഡ് മീൻസ് വായ്പയായി 2308 കോടിവരെ എടുക്കാം. പണഞെരുക്കം തുടരുകയാണെങ്കിൽ കൂടുതൽ പലിശ നിരക്കിൽ ഒ.ഡി. സൗകര്യമുണ്ട്.

കേരളത്തിന് കൂടുന്നത് 8.5 ശതമാനംമാത്രം

മൊത്തം ചെലവുകൾക്കു പകരം മൊത്തം റവന്യൂവരുമാനം ആധാരമാക്കി വേയ്‌സ് ആൻഡ് മീൻസ് പരിധി നിശ്ചയിക്കണമെന്നാണ് മറ്റൊരു ശുപാർശ. റവന്യൂ വരുമാനത്തിൽനിന്ന് ലോട്ടറിവരുമാനം ഒഴിവാക്കി. കേരളത്തിന്റെ റവന്യൂ വരുമാനം 2022-23ൽ 1.32 ലക്ഷം കോടിയായിരുന്നത് 2024-25 ൽ 1.25 ലക്ഷം കോടിയായി.

ഇതനുസരിച്ച് കേരളത്തിന്റെ വേയ്‌സ് ആൻഡ് മീൻസ് പരിധി 2308 കോടിയിൽ നിന്ന് 2503 കോടിയായി ഉയർത്താനാണ് ശുപാർശ. വർധന വെറും 8.5 ശതമാനം. സിങ്കിങ് ഫണ്ടിന്റെ അമ്പതു ശതമാനം െസ്പഷ്യൽ ഡ്രായിങ് ആയി എടുക്കാമായിരുന്നത് 75 ആക്കാൻ നിർദേശമുണ്ട്. പക്ഷേ, കേരളത്തിൽ മതിയായ സിങ്കിങ് ഫണ്ടില്ല.