തനിക്കെതിരെ ഗൂഢാലോചന നടന്നെന്ന് രമ്യ; സ്ത്രീസുരക്ഷാനിയമം MLA ദുരുപയോഗം ചെയ്‌തെന്ന് യൂത്ത് കോൺഗ്രസ്

തിരുവനന്തപുരം: കിഴുവിലം സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കും കയ്യാങ്കളിക്കും പിന്നാലെ രമ്യ ഹരിദാസ് എം.എൽ.എയ്ക്കെതിരേ യൂത്ത് കോൺഗ്രസ്. സ്ത്രീസുരക്ഷാനിയമത്തെ അടക്കം രമ്യാഹരിദാസ് ദുരുപയോഗം ചെയ്തു. സജിത്തിനെ അറസ്റ്റ് ചെയ്താൽ പോലീസ് സ്റ്റേഷൻ ഉപരോധിക്കും. സംസ്ഥാന നേതൃത്വത്തെ നിലപാട് അറിയിച്ചെന്നും യൂത്ത് തിരുവനന്തപുരം കോൺഗ്രസ് ജില്ലാ പ്രസിഡന്റ് നേമം ഷജീർ അറിയിച്ചു.
വിഷയത്തിൽ പാർട്ടി കൃത്യമായ ഇടപെടൽ നടത്തുമെന്ന് രമ്യാ ഹരിദാസ് പ്രതികരിച്ചു. 'എല്ലാവർക്കും അറിയാം. എത്രയോ കാലങ്ങളായി സൈബറിത്തിൽ വളരെ രൂക്ഷമായ സൈബറാക്രമണം നേരിടുന്ന വനിതാ പ്രവർത്തകയാണ് ഞാൻ. അതിന്റെ കൂട്ടത്തിൽ ഇത്തരം പ്രശ്നങ്ങൾ. ഇതിനെതിരേ ശക്തമായ നടപടി പാർട്ടിയുടെ ഭാഗത്ത് നിന്നും ആഭ്യന്തരവകുപ്പിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്' രമ്യാ ഹരിദാസ് മാധ്യമങ്ങളോട് പറഞ്ഞു.
'കോഴിക്കടയുടെ അടുത്ത് വെച്ച് സജാദ് എന്ന ചേട്ടനെ കണ്ടിരുന്നു. അദ്ദേഹം പറഞ്ഞത്, 'ബാങ്കിന്റെ തിരഞ്ഞെടുപ്പുമായി സഹകരിക്കാത്തതുകൊണ്ട് സജിത്തും വിശ്വനും പറഞ്ഞതുകൊണ്ടാണ് ഇത് ചെയ്തത് എന്നാണ്. അതിന് ശേഷമാണ് അദ്ദേഹം വീട്ടിലേക്ക് ക്ഷണിച്ചത്; 'തൊട്ടടുത്താണ് വീട്. 200 മീറ്റർ ദൂരമേയുള്ളൂ. തിരഞ്ഞെടുപ്പ് സമയത്ത് ഞാൻ വന്നിട്ടുണ്ട്. വീട്ടിൽ ഭാര്യയും രണ്ട് മക്കളേയും ഉള്ളൂ' എന്ന് പറഞ്ഞ് സ്നേഹത്തോടെയാണ് ക്ഷണിച്ചത്. പുളിമൂട്ടിൽ ഏതെങ്കിലും സിസിടിവി കിട്ടിയാൽ അതിൽ കാണാം. അദ്ദേഹം തന്നെയാണ് വഴികാണിക്കുന്നതും, കൈയിൽ പിടിച്ചിരിക്കുന്ന പൊതികണ്ട്, അച്ചപ്പം എന്തെങ്കിലും ആണോ? അത് തരാനാണോ വിളിച്ചു പോകുന്നത്? എന്ന് ഞാൻ ചോദിച്ചു. വീട്ടിൽചെന്ന് കയറിയിരുന്ന് സംസാരിച്ച സമയത്താണ് എല്ലാവരും വന്നത്. ഇതിന് പിന്നിൽ മാസങ്ങളോളമുള്ള ആസൂത്രിതമായ നീക്കമുണ്ട് എന്നാണ് ബോധ്യമായത്' രമ്യാ ഹരിദാസ് പറഞ്ഞു.
വീട്ടിൽ വെച്ച് സോഷ്യൽ മീഡിയിലെ പോസ്റ്റുമായി ബന്ധപ്പെട്ട് കാര്യം അദ്ദേഹത്തോട് ചോദിച്ചെന്നും എന്നാൽ ഒന്നിലധികം തവണ താൻ ഇത്തരത്തിൽ പോസ്റ്റ് ഇട്ടിട്ടുണ്ടെന്ന് അദ്ദേഹം തന്നെ പറഞ്ഞുവെന്നും രമ്യ പറഞ്ഞു. കുട്ടിയെക്കൊണ്ട് പോസ്റ്റ് വായിപ്പിച്ചോ എന്ന ചോദ്യത്തിന്; എല്ലാവരും വായിച്ച സാധനം പിന്നെ എന്തിനാണ് വേറെ കുട്ടിയെക്കൊണ്ട് വായിപ്പിക്കുന്നത് എന്നായിരുന്നു രമ്യയുടെ മറുപടി.
കിഴുവിലം ഗ്രാമപഞ്ചായത്ത് പരിധിയിലെ കോൺഗ്രസ് പ്രവർത്തകർ ബാങ്ക് തിരഞ്ഞെടുപ്പിൽ രണ്ട് വിഭാഗങ്ങളായി മത്സരിച്ചതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. കെ.പി.സി.സി. നിർദ്ദേശപ്രകാരം സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി നെയ്യാറ്റിങ്കര സനൽ മുൻകൈയെടുത്ത് ഡി.സി.സി. ഭാരവാഹി വിശ്വനാഥൻ നായർ, ബ്ലോക്ക് പ്രസിഡന്റ് അഭയൻ എന്നിവരെ വിളിച്ച് സംസാരിച്ചെങ്കിലും വിട്ടുവീഴ്ചയ്ക്ക് ഇരുകൂട്ടരും തയ്യാറായില്ല. ഒരു ജനപ്രതിനിധി എന്ന നിലയിൽ ഇരുപക്ഷത്തും നിൽക്കുന്നവർ കോൺഗ്രസ് പ്രവർത്തകരായതിനാൽ താൻ ഒരു പക്ഷം പിടിക്കാതെ നിഷ്പക്ഷ നിലപാട് സ്വീകരിച്ചതാണ് പ്രശ്‌നങ്ങൾക്ക് കാരണമായതെന്ന് രമ്യ ഹരിദാസ് പറയുന്നു. രണ്ട് വിഭാഗങ്ങളുടെയും കൺവെൻഷനുകളിൽ പങ്കെടുക്കാതിരിക്കാൻ തീരുമാനിക്കുകയും ഇത് ഇരുവിഭാഗങ്ങളെയും അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ നിഷ്പക്ഷ നിലപാടാണ് ഒരു വിഭാഗത്തെ ചൊടിപ്പിച്ചതെന്നാണ് രമ്യയുടെ വാദം.
ബാങ്ക് തിരഞ്ഞെടുപ്പിൽ അനുകൂല നിലപാട് സ്വീകരിക്കാത്തതിനെ തുടർന്ന് സജിത്ത്, വിശ്വനാഥൻ നായർ എന്നിവരുടെ നേതൃത്വത്തിൽ തനിക്കെതിരെ സോഷ്യൽ മീഡിയയിലും വാട്‌സാപ്പ് ഗ്രൂപ്പുകളിലും മാധ്യമങ്ങളിലൂടെ പറയാൻ പോലും കഴിയാത്ത തരത്തിൽ മോശമായ അപവാദപ്രചരണങ്ങളും രൂക്ഷമായ സൈബർ ആക്രമണങ്ങളും ആരംഭിച്ചു. കഴിഞ്ഞ രണ്ട് മാസമായി ഈ അപകീർത്തിപ്പെടുത്തൽ തുടരുകയാണ് എന്നും രമ്യ ഹരിദാസ് ആരോപിച്ചു.
Content Highlights: Youth Congress warned they will blockade the police station if Sajith is arrested over the Ramya Haridas controversy., Ramya Haridas alleged severe cyberattacks and defamation against her following a local bank election dispute., Congress factions clashed during the Kizhuvilam grama panchayat bank election, leading to political tensions.