വി.ഡി.യുമായും കെ.സി.യുമായും അഭിപ്രായവ്യത്യാസമുണ്ട്-ചെന്നിത്തല

ചെന്നിത്തല, കെ.സി വേണുഗോപാല്‍, വി.ഡി സതീശന്‍
ചെന്നിത്തല, കെ.സി വേണുഗോപാല്‍, വി.ഡി സതീശന്‍

തിരുവനന്തപുരം: കോൺഗ്രസിലെ ആഭ്യന്തര തർക്കത്തിൽ പ്രതികരണവുമായി മന്ത്രി രമേശ് ചെന്നിത്തല. ജയിപ്പിക്കാൻവേണ്ടി സിന്ദാബാദ് വിളിച്ച പ്രവർത്തകരെ മറക്കരുതെന്നാണ് കോൺഗ്രസ് നേതാക്കളോട് ചെന്നിത്തലയുടെ ഓർമ്മപ്പെടുത്തൽ. ''വി.ഡി. സതീശനുമായും കെ.സി. വേണുഗോപാലുമായും അഭിപ്രായവ്യത്യാസമുണ്ട്, എന്നാൽ, അതെല്ലാം പാർട്ടിനേതൃത്വത്തിനുമുന്നിൽമാത്രം പറയുന്നതാണ് എന്റെ ശൈലി''- ചെന്നിത്തല പറഞ്ഞു. തിരുവനന്തപുരം കനകക്കുന്നിൽ ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിക്കുന്ന 'അഗോറ' വേദിയിലെ മാധ്യമ സംവാദ പരിപാടിയിലായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.

ഗ്രൂപ്പുകൾ വേണ്ടാ എന്നാണ് ഹൈക്കമാൻഡ് പറഞ്ഞിരിക്കുന്നത്. ഗ്രൂപ്പുണ്ടാക്കാൻ ശ്രമിക്കുന്നവരെല്ലാം അതോർക്കണം. ഗ്രൂപ്പുകളുടെ കാലം കഴിഞ്ഞു. മന്ത്രിസഭയിൽ എല്ലാ മന്ത്രിമാർക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. അത് ജനാധിപത്യത്തിന്റെ സൗന്ദര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. അഞ്ചുവർഷവും ആഭ്യന്തരമന്ത്രിയായിത്തന്നെ തുടരുമോ എന്ന ചോദ്യത്തിന്, പാർട്ടി ആവശ്യപ്പെട്ടാൽ ഈ നിമിഷം രാജിവെക്കാൻ സന്നദ്ധനാണെന്നായിരുന്നു മറുപടി.

രാഷ്ട്രീയത്തിൽ ജൂനിയർ, സീനിയർ എന്നൊന്നുമില്ല. പ്രണബ് മുഖർജിയുടെ കീഴിൽ പ്രവർത്തിച്ചിരുന്നു മൻമോഹൻ സിങ്. എന്നാൽ, അദ്ദേഹത്തിന്റെ മന്ത്രിസഭയിൽ പ്രണബ് മുഖർജി മന്ത്രിയായി. തന്നെക്കാൾ ജൂനിയറായ സതീശന്റെ മന്ത്രിസഭയിൽ മന്ത്രിയായി പ്രവർത്തിക്കുന്നതിന്റെ കെമിസ്ട്രി ചെന്നിത്തല വിശദീകരിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഡിറ്റർ പി.ജി. സുരേഷ്‌കുമാർ സംവാദം നയിച്ചു. 'ആഗോറ' വെള്ളിയാഴ്ച ചലച്ചിത്രതാരം മമ്മൂട്ടി ഉദ്ഘാടനം ചെയ്തു. മൂന്നുദിവസം വിവിധ വിഷയങ്ങളിൽ ചർച്ചനടക്കും. 29-ന് സമാപിക്കും

മാതൃഭൂമി അക്ഷരോത്സവത്തിന് പ്രേരകമായതിൽ സന്തോഷം -ശശി തരൂർ

തിരുവനന്തപുരം: മാതൃഭൂമിയുടെ 'ക' അക്ഷരോത്സവത്തിന് പ്രേരകശക്തിയാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് ശശി തരൂർ എം.പി. കനകക്കുന്നിൽ ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിക്കുന്ന ആശയസംവാദ വേദിയായ 'അഗോറ'യുടെ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ക'യ്ക്കായി കാത്തിരിക്കുകയാണെന്നും തരൂർ പറഞ്ഞു.

കലകളുടെ ആഘോഷങ്ങൾക്ക് കേരളത്തിൽ ഒരു പഞ്ഞവുമില്ല. എന്നാൽ, വിവിധ മേഖലകളിലുള്ള ആശയങ്ങൾ ആഘോഷിക്കാൻ നമുക്കൊരു ഉത്സവമില്ല എന്നത് പോരായ്മയാണെന്ന് അദ്ദേഹം പറഞ്ഞു. ജനുവരി 28 മുതൽ 31 വരെയാണ് തിരുവനന്തപുരത്ത് കനകക്കുന്നിൽ മാതൃഭൂമി 'ക' അക്ഷരോത്സവത്തിന്റെ എട്ടാം പതിപ്പ് നടക്കുക.

Content Highlights: Ramesh Chennithala, VD Satheesan, KC Venugopal, Political Disagreements