മത്സരയോട്ടം, സ്കൂട്ടറിന്‍റെ പിന്നിൽവന്നിടിച്ചു; പിടയുന്ന വീട്ടമ്മയെ ബസിനടിയിൽ ഉപേക്ഷിച്ച് ജീവനക്കാർ മുങ്ങി, ക്രൂരത

രാമനാട്ടുകര ഒൻപതാം മൈൽസിൽ തിങ്കളാഴ്ച വൈകീട്ട് നടന്ന ദാരുണമായ അപകടം വെറുമൊരു റോഡപകടമായിരുന്നില്ല. നിയമലംഘനത്തിന്റെയും മനുഷ്യത്വമില്ലായ്മയുടെയും നേർചിത്രമായിരുന്നു. ഒരു വീട്ടമ്മയുടെ ജീവൻ പൊലിഞ്ഞതും പിന്നാലെ ബസ് ജീവനക്കാർ കാണിച്ച ക്രൂരമായ അനാസ്ഥയും നാട്ടുകാരെ പ്രകോപിതരാക്കി.
അപകടംനടന്നയുടൻ, യാത്രക്കാരെയും പരിക്കേറ്റവരെയും സഹായിക്കേണ്ടിയിരുന്ന ബസ് ജീവനക്കാർ വാഹനം റോഡിലിട്ട്, താക്കോലുമായി ഓടി രക്ഷപ്പെടുകയായിരുന്നു. ജീവനുവേണ്ടി പിടഞ്ഞ തസ്ലീമയെ ആശുപത്രിയിലെത്തിക്കാൻപോലും ശ്രമിക്കാതെ ജീവനക്കാർ ഓടിമറഞ്ഞത് പ്രതിഷേധത്തിനിടയാക്കി. നാട്ടുകാരുടെ നേതൃത്വത്തിൽ ആംബുലൻസ് എത്തിച്ചാണ് തസ്ലീമയെയും ഭർത്താവിനെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചത്.
ക്ഷുഭിതരായ നാട്ടുകാർ റോഡിൽ തടിച്ചുകൂടിയതിനെത്തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ ഉടലെടുത്തു. ഫറോക്ക് സ്റ്റേഷനിലെ എസ്ഐ അനൂപിന്റെ നേതൃത്വത്തിലാണ് നാട്ടുകാരെ അനുനയിപ്പിച്ചത്. അപകടമുണ്ടാക്കിയ ബസ് റോഡരികിലേക്ക് മാറ്റാനായി തള്ളിത്തരാൻ പോലീസ് ആവശ്യപ്പെട്ടെങ്കിലും, ‘ആളെക്കൊന്ന ബസിനെ തള്ളാൻ തങ്ങളില്ല’ എന്ന നിലപാടിലായിരുന്നു നാട്ടുകാർ. പിന്നീട് പോലീസിന്റെ അഭ്യർഥനമാനിച്ച് ബസ് റോഡരികിലേക്ക് ഒതുക്കാൻ സഹായിച്ചു. ശേഷം ക്രെയിൻ ഉപയോഗിച്ച് ബസ് ഫറോക്ക് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.
അപകടത്തിന് കാരണമായ ടീപീസ് ബസ്, പിന്നാലെയെത്തിയ റൊസാരിയോ ബസുമായി മത്സരയോട്ടത്തിലായിരുന്നുവെന്ന് നാട്ടുകാർ ആരോപിക്കുന്നു. രണ്ടുബസുകളും സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ബസിന്റെ പിൻചക്രങ്ങൾ കയറിയിറങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
അപകടംനടന്ന രാമനാട്ടുകര ഒൻപതാം മൈൽ പെരുമുഖം റോഡ് ജങ്ഷൻ ഒരു അപകടമേഖലയായി പ്രഖ്യാപിച്ചിട്ടുള്ള പ്രദേശമാണെന്ന് രാമനാട്ടുകര ട്രാഫിക് എയ്ഡ്പോസ്റ്റ് എസ്ഐ രാജശേഖരൻ പറഞ്ഞു. ഇവിടെ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. മണിക്കൂറിൽ 30 കിലോമീറ്റർ വേഗത്തിലേക്ക് സ്പീഡ് ചുരുക്കണമെന്നും മുന്നറിയിപ്പുണ്ട്. മാത്രമല്ല, പെരുമുഖം റോഡിൽനിന്നുള്ള വാഹനങ്ങൾ പെട്ടെന്ന് പ്രധാന റോഡിലേക്ക് കടക്കാതിരിക്കാനുള്ള പ്രത്യേക മുന്നറിയിപ്പ്, ഡിവൈഡറുകൾ, നോ പാർക്കിങ് സോൺ തുടങ്ങിയ ഒട്ടേറെ ട്രാഫിക് മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ടെന്നും എസ്ഐ പറഞ്ഞു.
ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന വീട്ടമ്മയ്ക്ക് ബസ്സിനടിയിൽപ്പെട്ട് ദാരുണാന്ത്യം. ചെട്ടിയാർമാട് കുന്നേക്കാട്ട് മാടത്തര കള്ളിക്കൂടം വീട്ടിൽ തസ്‌ലീമ (54) ആണ് ബസ്സിടിച്ചുണ്ടായ അപകടത്തിൽ മരിച്ചത്. സ്കൂട്ടർ ഓടിച്ചിരുന്ന ഭർത്താവ് അബൂബക്കർ പരിക്കുകളോടെ രക്ഷപ്പെട്ടു.
രാമനാട്ടുകര ഒൻപതാംമൈൽ പെരുമുഖം റോഡ് ജങ്ഷനിൽ തിങ്കളാഴ്ച വൈകീട്ട് മൂന്നുമണിയോടെയാണ് സംഭവം. കോഴിക്കോട്ടുനിന്ന് മഞ്ചേരിയിലേക്ക് പോവുകയായിരുന്ന 'ടീപീസ്' ബസ് അതേദിശയിൽ മുന്നിൽ പോവുകയായിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിന്റെ പിൻസീറ്റിലുണ്ടായിരുന്ന തസ്‌ലീമ റോഡിലേക്ക് തെറിച്ചുവീഴുകയും ബസിന്റെ പിൻചക്രങ്ങൾ ശരീരത്തിലൂടെ കയറിയിറങ്ങുകയുമായിരുന്നു. നാട്ടുകാരുടെ നേതൃത്വത്തിൽ ആംബുലൻസ് എത്തിച്ചാണ് തസ്ലീമയെയും ഭർത്താവിനെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്.
മക്കൾ: ഹഫ്‌സീന, റഫ്‌സീന, മുഹമ്മദ് ഫസൽ. മരുമക്കൾ: മജീദ് ചെനക്കലങ്ങാടി, മുജീബ് കടക്കാട്ടുപാറ. സഹോദരങ്ങൾ: ശരീഫ, ഖൈറുന്നിസ, അഷറഫ്, ഷമീന, ഫാരിസ്.
Content Highlights: Ramanattukara Bus Tragedy: Unveiling the Cruelty Behind a Fatal Accident