‘ഏതൊഴുക്കിനെയും മറികടക്കാൻ കഴിവുള്ളവനാണ്’; പ്രതീക്ഷ അസ്തമിച്ചു, നോവായി രാജേഷ്

ചെറുപുഴ (കണ്ണൂർ): ഏതൊഴുക്കിനെയും മറികടക്കാനും എത്ര ഉയരത്തിലുള്ള പാറക്കെട്ടിലും കയറിൽ പിടിച്ചുകയറാനും കഴിയുന്നവനാണ്, അതിനാൽ രാജേഷ് തിരിച്ചുവരുമെന്ന് ഞായറാഴ്ച ഉച്ചവരെയും അവരെല്ലാം ഉറച്ചുവിശ്വസിച്ചു. പരസ്പരം ആശ്വസിപ്പിച്ചു. കാര്യങ്കോട് പുഴയ്ക്ക് നടുവിലെ തുരുത്തിൽനിന്ന് ചൊവ്വാഴ്ച ഉച്ചയോടെ രാജേഷിന്റെ മൃതദേഹം കണ്ടെത്തിയതോടെ പ്രതീക്ഷയും വിശ്വാസവും ചോർന്ന് എല്ലാവരും കണ്ണീരണിഞ്ഞു.
മലവെള്ളപ്പാച്ചിലിൽ ഒറ്റപ്പെട്ടുപോയ ശബനിയിൽ ബെന്നിക്ക് തന്റെ ലൈഫ് ജാക്കറ്റ് ഊരിനൽകിയ ശേഷം ഒഴുക്കിൽപ്പെട്ട തിരുവനന്തപുരം കല്ലിയൂർ കിഴക്കേ തെറ്റുവിള രാജേഷ് ഭവനിൽ രാജേഷ് നാലുദിവസംകൊണ്ട് ചെറുപുഴയുടെയും നോവായി മാറിയിരുന്നു. തിരുവനന്തപുരത്ത് നിന്നെത്തിയ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പം മലയോരമാകെ അദ്ദേഹത്തെ തിരിച്ചുകിട്ടാനുള്ള പ്രാർഥനയിലായിരുന്നു.
സ്വന്തം ജീവൻ മറന്നാണ് രാജേഷ് ഒഴുക്കിൽപ്പെട്ട ബെന്നിയെ കരയിലെത്തിക്കാൻ സഹായിച്ചത്. കയറിൽത്തൂങ്ങി മറുകരയെത്താമെന്നും പുഴയിൽ വീണാൽപ്പോലും നീന്തി കരകയറാമെന്നുമുള്ള ആത്മവിശ്വാസത്താലാകും സ്വന്തം ലൈഫ് ജാക്കറ്റ് ഊരിനൽകിയതെന്ന് സുഹൃത്തുക്കൾ പറയുന്നു.
ഉരുൾപൊട്ടിയൊഴുകിയ മലവെള്ളം കയറിയാണ് ബെന്നി പുഴയിലെ തുരുത്തിൽ കുടുങ്ങിപ്പോയത്. റാഫ്റ്റിൽ സ്ഥലത്തെത്തിയ രാജേഷും സുഹൃത്തുക്കളും എറിഞ്ഞുകൊടുത്ത കയർ തെങ്ങിൽ കെട്ടുന്നതിനിടെ ബെന്നിയുടെ വിരൽ അതിനിടയിൽ മുറുകി. അതഴിച്ച് കെട്ടുമ്പോഴേക്കും രാജേഷ് നീന്തിയെത്തി.
തന്റെ ജാക്കറ്റ് ഊരി ബെന്നിയെ ധരിപ്പിച്ച് കയറിൽ തൂങ്ങി കരയിലേക്ക് നീങ്ങുമ്പോൾ രാജേഷ് ഒഴുക്കിൽപ്പെട്ടു. 40 മീറ്ററോളം വീതിയുള്ള പുഴയിൽ കുത്തൊഴുക്കും പാറക്കെട്ടുകളുമുണ്ടെങ്കിലും രാജേഷിന് ഒന്നും പറ്റില്ലെന്നായിരുന്നു എല്ലാവരുടെയും വിശ്വാസം.
അച്ഛൻ രാജശേഖരൻ, കല്ലിയൂർ പഞ്ചായത്തംഗം കെ.മഹേഷ് എന്നിവരുൾപ്പെടെ ബന്ധുക്കളും സുഹൃത്തുക്കളും മീൻതുള്ളിയിലെത്തിയിരുന്നു. രാജേഷ് പ്രസിഡന്റായ ട്രിവാൻഡ്രം അഡ്വഞ്ചർ ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് ക്ലബിലെ നീന്തൽ വിദഗ്ധരായ ശിഷ്യൻമാരും സുഹൃത്തുക്കളും തിരച്ചിലിൽ പങ്കാളികളായി.
Content Highlights: Rajesh sacrificed his life jacket to save Benny during a flash flood in Cherupuzha., The rescue mission involved local authorities and the Trivandrum Adventure and Disaster Management Club., Despite his expertise in swimming and disaster management, Rajesh was swept away by strong currents., His body was recovered from a small island in the Karyankode river after a four-day search.