‘സൂര്യയുടെ ആ പത്തു നാളുകൾ കലയിലേക്കുള്ള തീർഥാടനം’

തിരുവനന്തപുരം: കലയിലേക്കുള്ള തീർഥാടനം പോലെ, ആചാരം പോലെ ആയിരുന്നു അക്കാലത്ത് സൂര്യ മേളയുടെ ആ പത്ത് നാളുകൾ. സെനറ്റ് ഹാളിന്റെ ഗേറ്റും കടന്ന് ജനം തിക്കിത്തിരക്കിയ ഒരു സായാഹ്നത്തിലാണ് സ്‌കൂൾ കുട്ടിയായിരുന്ന ഞാൻ ആദ്യമായി സൂര്യ മേളയും സൂര്യ കൃഷ്ണമൂർത്തിയെന്ന മനുഷ്യനെയും ആദ്യമായി കാണുന്നത്. അദ്ദേഹത്തിന്റെ ’ലൈറ്റ് ആൻഡ് സൗണ്ട് ഷോ’ പോലെതന്നെ മിന്നിയും മറഞ്ഞും മാത്രമേ ആ മുഖം കാണാൻ കഴിയുമായിരുന്നുള്ളൂ. രാജ്യത്തെതന്നെ മഹാപ്രതിഭകളെ ഇവിടേയ്ക്ക് കൊണ്ടുവന്ന അദ്ദേഹം, പക്ഷേ, ഒരിക്കലും വേദിക്ക് മുന്നിലേക്ക് വരുമായിരുന്നില്ല.
ടെലിവിഷൻപോലും എത്തിയിട്ടില്ലാത്ത അക്കാലത്തൊക്കെ പത്ത് ദിവസമായിരുന്നു സൂര്യ നൃത്തസംഗീതോത്സവം. തിങ്ങിനിറയുന്ന കലാസ്വാദകർക്ക് ഇന്ത്യയിലെതന്നെ മഹാപ്രതിഭകളുടെ പ്രകടനങ്ങൾ കാണാൻ അദ്ദേഹം അവസരമൊരുക്കി. കുട്ടിയായിരുന്ന ഞാൻ എം.എസ്. സുബ്ബലക്ഷ്മി, പദ്മ സുബ്രഹ്മണ്യം, വൈജയന്തിമാല തുടങ്ങിയവരുടെയൊക്കെ കലാവിരുന്നുകൾ ആദ്യമായി കാണുന്നത് സൂര്യയുടെ വേദിയിലൂടെയാണ്. കേരളത്തിലെ ശരാശരി കുടുംബങ്ങളിലെ കലാതത്‌പരരായ കുട്ടികൾക്ക് ഈ മേഖലകളിലേക്ക് കടന്നുവരാൻ സൂര്യ വേദി നൽകിയ പ്രചോദനം ചെറുതായിരുന്നില്ല.
യേശുദാസിന്റെ കച്ചേരിയിൽ തുടങ്ങി പദ്മ സുബ്രഹ്‌മണ്യത്തിന്റെ നൃത്തത്തിൽ അവസാനിക്കുന്ന, കലയിൽ മാത്രം ഉദിച്ചവസാനിക്കുന്ന പത്ത് ദിനങ്ങൾ. പല തലമുറകളെയാണ് സൂര്യ കൃഷ്ണമൂർത്തിയെന്ന കലാസംഘാടകൻ കലയിലേക്ക് അടുപ്പിച്ചത്. ഒടുവിൽ 1999-ൽ സൂര്യ മേളവേദിയിൽ നൃത്താവതരണവുമായി ഞാനും എത്തി. അപ്പോഴേക്കും സൂര്യ ഫെസ്റ്റിവെൽ വേദി ടാഗോർ തിയേറ്ററിലേക്ക് മാറിയിരുന്നു. ഒരു കലാകാരിയെന്ന നിലയിൽ എനിക്ക് എക്കാലവും പ്രോത്സാഹനവും പ്രചോദനവുമായിരുന്നു അദ്ദേഹം.