കെനിയൻ ജനതയുടെ ബാബയ്ക്ക് വിട, പ്രിയപ്പെട്ട മണ്ണിൽ മിഴിപൂട്ടി റയില ഒഡിംഗ

#വിജയകുമാർ കൂത്താട്ടുകുളം, സിറാജ് കാസിം
കെനിയൻ മുൻ പ്രധാനമന്ത്രി റയില ഒഡിംഗ കഴിഞ്ഞ വെള്ളിയാഴ്ച ശ്രീധരീയം ആശുപത്രിയിലെ ചീഫ് ഫിസിഷ്യൻ ഡോ. എൻ. നാരായണൻ നമ്പൂതിരിയുമായി ചികിത്സാകാര്യങ്ങൾ സംസാരിക്കുന്നു
കെനിയൻ മുൻ പ്രധാനമന്ത്രി റയില ഒഡിംഗ കഴിഞ്ഞ വെള്ളിയാഴ്ച ശ്രീധരീയം ആശുപത്രിയിലെ ചീഫ് ഫിസിഷ്യൻ ഡോ. എൻ. നാരായണൻ നമ്പൂതിരിയുമായി ചികിത്സാകാര്യങ്ങൾ സംസാരിക്കുന്നു

കൂത്താട്ടുകുളം: ബാബ എന്ന് ഇഷ്ടത്തോടെ കെനിയൻ ജനത വിളിക്കുന്ന റയില ഒഡിംഗ ഇന്ത്യൻ സംസ്കാരവും കേരള കലകളും ഏറെ ഇഷ്ടപ്പെട്ടിരുന്നു. കഴിഞ്ഞവർഷം കൂത്താട്ടുകുളം ശ്രീധരീയത്തിൽ ചികിത്സയ്ക്കെത്തിയപ്പോൾ നെല്യക്കാട്ട് മനയിൽ നടന്ന ദീപാവലി ആഘോഷത്തിൽ ദീപം തെളിച്ച് ഉദ്ഘാടനം നിർവഹിച്ചത് റയില ഒഡിംഗയാണ്. മകൾ റോസ്‌ മേരി, കെനിയ ഹൈക്കമ്മിഷൻ അംഗങ്ങളായ ഷക്കില ഖസാം, ജാറേഡ് മയീക്ക എന്നിവരും പങ്കെടുത്തിരുന്നു. കേരളീയ കലാരൂപങ്ങളായ തിരുവാതിരകളി, കഥകളി എന്നിവ റയില ഏറെ ആസ്വദിച്ചു. കെനിയൻ സംഘം അവരുടെ നൃത്തവും അവതരിപ്പിച്ചിരുന്നു.

ശ്രീധരീയത്തിൽ വർഷങ്ങൾക്കു മുൻപ്‌ ആദ്യമായെത്തുമ്പോൾ മകൾ റോസ്‌ മേരിക്ക് കാഴ്ച തിരിച്ചുകിട്ടിയതിന്റെ സന്തോഷത്തിലായിരുന്നു. അന്ന് മടക്കയാത്രയിൽ ദില്ലിയിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി റയില സന്തോഷം പങ്കുെവച്ചു. പിന്നീട് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ മൻ കി ബാത്ത് റേഡിയോ പരിപാടിയിലും ആയുഷ് ആയുർവേദ സെമിനാറിലും കെനിയൻ സ്വദേശി റോസ് മേരിക്ക് ഇന്ത്യയിലെ ആയുർവേദ ചികിത്സയിലൂടെ കാഴ്ച ലഭിച്ച കാര്യം സൂചിപ്പിച്ചിരുന്നു. ചെന്നൈയിലുള്ള സുഹൃത്ത് ബൈറ ഗോൺസ് ശ്രീനിവാസ് ഗൗഡ വഴിയാണ് ശ്രീധരീയത്തിൽ ചികിത്സയ്ക്കായി എത്തുന്നത്. ഇക്കുറിയും റയില ഒഡിംഗയോടൊപ്പം ശ്രീനിവാസുമുണ്ടായിരുന്നു. ശ്രീധരീയം വൈസ് ചെയർമാൻ ഹരി എൻ. നമ്പൂതിരി, ചീഫ് ഫിസിഷ്യൻ ഡോ. നാരായണൻ നമ്പൂതിരി, സിഇഒ ബിജു പ്രസാദ്, ഡോ. ശ്രീകല, ഡോ. അഞ്ജലി, ജയശ്രീ പി. നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഇക്കുറി റയില ഒഡിംഗ സംഘത്തെ വരവേറ്റത്.

‘ഡോക്ടർ, ഞാൻ നാളെ നാട്ടിലേക്ക് പോകുന്നില്ല’

“ഡോക്ടർ, ഞാൻ നാളെ നാട്ടിലേക്ക് പോകുന്നില്ല. രണ്ടുദിവസം കൂടി ഇവിടെ നിൽക്കാൻ തോന്നുന്നു...” മരങ്ങളുടെയും മണ്ണിന്റെയും ഗന്ധം ശ്വസിക്കാൻ ഇഷ്ടപ്പെടുന്ന റയില ഒഡിംഗയുടെ വാക്കുകൾ കേട്ടപ്പോൾ ഡോക്ടർ നാരായണൻ നമ്പൂതിരിയും അതേ ആഗ്രഹത്തിലായിരുന്നു. എന്നാൽ, നാടിനോളം തനിക്ക് പ്രിയപ്പെട്ട മണ്ണിൽ മിഴി പൂട്ടിയുറങ്ങാനുള്ള നിയോഗമായിരുന്നു ഒഡിംഗയുടെ വാക്കുകളെന്ന് ആ നേരത്ത് ഡോക്ടർ കരുതിയില്ല.

ഇനിയൊരിക്കലും തിരിച്ചുകിട്ടില്ലെന്നു കരുതിയ പ്രിയപ്പെട്ട മകളുടെ കാഴ്ചശക്തി തിരികെ തന്ന മണ്ണിൽ മുൻ കെനിയൻ പ്രധാനമന്ത്രി റയില ഒഡിംഗ അവസാന ശ്വാസമെടുക്കുമ്പോൾ അത് കേരളത്തെ സ്‌നേഹിച്ച ഒരു മനുഷ്യന്റെ കഥയുടെ അവസാന അധ്യായം കൂടിയായിരുന്നു.

കൂത്താട്ടുകുളം ശ്രീധരീയം ആയുർവേദ ആശുപത്രിയിലേക്കുള്ള ഓരോ യാത്രയും കേരളത്തെ സ്‌നേഹിച്ച ഒഡിംഗയുടെ നേർച്ചിത്രങ്ങളായിരുന്നു. ആയുർവേദത്തെ അദ്ദേഹം അത്രമേൽ വിശ്വസിക്കാൻ കാരണമായത് മകൾ റോസ് മേരിയുടെ അനുഭവം തന്നെയായിരുന്നു.

ഒരു ശസ്ത്രക്രിയക്കിടെ കാഴ്ചശക്തി നഷ്ടമായ റോസ് മേരിയെ ഒഡിംഗ പല രാജ്യങ്ങളിലും ചികിത്സിച്ചിരുന്നു. എന്നാൽ, കാഴ്ചശക്തി തിരികെ കിട്ടുന്ന കാര്യത്തിൽ അവിടെയൊക്കെ നിരാശയായിരുന്നു ഫലം. ഒടുവിൽ ശ്രീധരീയത്തെക്കുറിച്ച് അറിഞ്ഞ അദ്ദേഹം മകളെ കൂട്ടി ഇവിടെയെത്തുകയായിരുന്നു. അവിശ്വസനീയമായ രീതിയിൽ റോസ് മേരിക്ക് കാഴ്ച ശക്തി തിരികെ കിട്ടുമ്പോൾ നനഞ്ഞ മിഴികളോടെ നിന്ന ഒഡിംഗയുടെ രൂപം ശ്രീധരീയത്തിലെ ചീഫ് ഫിസിഷ്യൻ ഡോ. നാരായണൻ നമ്പൂതിരി ഇപ്പോഴും ഓർക്കുന്നുണ്ട്.

ആദ്യമായി കേരളത്തിലെത്തിയപ്പോൾ നെറ്റിയിൽ ചന്ദനക്കുറി ചാർത്തി ഒഡിംഗയെ സ്വീകരിച്ച ശ്രീധരീയം ഡയറക്ടറായ ജയശ്രീ പി. നമ്പൂതിരിയുടെ ഓർമ്മകളിലും കേരളത്തെ സ്‌നേഹിച്ച ഒഡിംഗയുടെ ഒരുപാട് ചിത്രങ്ങളുണ്ടായിരുന്നു. ദോശയും ഇഡ്ഡലിയും ഉൾപ്പെടെയുള്ള കേരള ഭക്ഷണവും ഇവിടത്തെ സദ്യയുമൊക്കെ ആസ്വദിച്ചു കഴിച്ചിരുന്ന ഒഡിംഗയ്ക്ക് ആനയോടുള്ള കമ്പവും ഏറെയായിരുന്നു. എപ്പോൾ വരുമ്പോഴും അവിടത്തെ മഹാദേവൻ എന്ന കൊമ്പനാനയ്ക്ക് പഴം നൽകി അവനെ അല്പനേരം ലാളിക്കാൻ ഒഡിംഗ മറന്നിരുന്നില്ല.

വിട നൽകി കേരളം

ഹൃദയാഘാതത്തെ തുടർന്ന് മരിച്ച കെനിയൻ മുൻ പ്രധാനമന്ത്രി റയില ഒഡിംഗയ്ക്ക് കേരളം വിടനൽകി. ഭൗതികശരീരം കൊച്ചിയിൽനിന്ന് പ്രത്യേക വിമാനത്തിൽ മുംബൈക്ക്‌ കൊണ്ടുപോയി.

കളമശ്ശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം എംബാം ചെയ്ത ശരീരം ബുധനാഴ്ച രാത്രി 8.10-ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ചു. വിമാനത്താവളത്തിൽ ജെറ്റ് ടെർമിനലിനു സമീപം പൊതുദർശനത്തിന് വെച്ചു. കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ്‌ ആർലേക്കർ പുഷ്പചക്രമർപ്പിച്ചു.

കെനിയയുടെ മുൻ പ്രധാനമന്ത്രി റയില ഒഡിംഗയുടെ മൃതദേഹത്തിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ അന്തിമോപചാരമർപ്പിക്കുന്നു. ഇന്ത്യയിലെ കെനിയൻ അംബാസഡർ പീറ്റർ മുനീരി, ജില്ലാ കളക്ടർ ജി. പ്രിയങ്ക എന്നിവർ സമീപം |ഫോട്ടോ റിദിൻ ദാമു

ഇന്ത്യയിലെ കെനിയൻ അംബാസഡർ പീറ്റർ മുനീരി, ജില്ലാ കളക്ടർ ജി. പ്രിയങ്ക, അസിസ്റ്റൻറ്‌ കളക്ടർ പാർവതി ഗോപകുമാർ, ഫോർട്ട്കൊച്ചി സബ് കളക്ടർ ഗ്രന്ഥേ സായികൃഷ്ണ എന്നിവരും അന്ത്യോപചാരമർപ്പിച്ചു. ബുധനാഴ്ച വൈകീട്ട് ഏഴരയോടെ എയർഇന്ത്യ വിമാനത്തിൽ ഡൽഹിയിൽ നിന്ന് കൊച്ചിയിലെത്തിയ ഗവർണർ കെനിയൻ മുൻ പ്രധാനമന്ത്രിയുടെ ഭൗതികശരീരം എത്തുംവരെ വിമാനത്താവളത്തിൽ കാത്തിരുന്നു. മുംബൈയിലെത്തിച്ച മൃതദേഹം അവിടെ നിന്ന്‌ കെനിയയ്ക്ക് കൊണ്ടുപോകും. ഗവർണർ കൊച്ചി വിമാനത്താവളത്തിലെത്തി അന്തിമോപചാരംഅർപ്പിച്ചു

Content Highlights: Kenya`s former PM Raila Odinga, fondly called `Baba`, passed away in Kerala. Remembered for his love for Indian culture and Kerala arts, his final journey was in the land that healed his daughter.