മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കേ വീണ്ടും പീഡനപരാതി, രാജിസമ്മർദവും ഏറുന്നു; രാഹുലിന് ഇന്ന് നിര്‍ണായകം

തിരുവനന്തപുരം: യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയും നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രം നടത്തുകയും ചെയ്‌തെന്ന കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് ഇന്ന് നിര്‍ണായകം. ഒളിവില്‍പോയ എംഎല്‍എയ്ക്കായി കേരളത്തിനകത്തും പുറത്തും തിരച്ചില്‍ നടക്കുന്നതിനിടെ അദ്ദേഹത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. ജാമ്യാപേക്ഷയിലെ വാദം അടച്ചിട്ടമുറിയില്‍ കേള്‍ക്കണമെന്ന് പ്രോസിക്യൂഷനും രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അഭിഭാഷകനും ആവശ്യപ്പെട്ടിട്ടുണ്ട്. തനിക്കെതിരായ പരാതിയിലെ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വാദം.
മുന്‍കൂര്‍ ജാമ്യാപേക്ഷ ബുധനാഴ്ച കോടതി പരിഗണിക്കാനിരിക്കേ, രാഹുലിനെതിരേ വീണ്ടും പീഡനപരാതി ഉയര്‍ന്നിട്ടുണ്ട്. ബെംഗളൂരു സ്വദേശിനിയായ യുവതിയാണ് ഇ-മെയിലില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനും പരാതി അയച്ചത്. താന്‍ നേരിട്ടത് ക്രൂരലൈംഗിക പീഡനമാണെന്ന് പരാതിയില്‍ പറയുന്നു.
പരാതി ചൊവ്വാഴ്ച പകല്‍ 12.47-നാണ് കെപിസിസി നേതൃത്വത്തിന് ലഭിച്ചത്. പരാതി സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറിയതായി സണ്ണി ജോസഫ് അറിയിച്ചു. അന്വേഷണസംഘത്തിന് പരാതി കൈമാറണമെന്നും യുവതിയോട് നിര്‍ദേശിച്ചതായി കെപിസിസി നേതൃത്വം അറിയിച്ചു. രാഹുലിനെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്ത വിവരവും കൈമാറി. രാഹുലിന്റെപേരില്‍ നേരത്തേ ആരോപണമുന്നയിച്ച യുവതിയാണ് ഇതെന്നും സൂചനയുണ്ട്. ഇവരില്‍നിന്ന് ക്രൈംബ്രാഞ്ച് അന്വേഷണസംഘം അന്ന് വിവരം തേടിയിരുന്നു. ഇതോടെ രാഹുൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന ആവശ്യവും വിവിധ കോണുകളിൽനിന്ന് ശക്തമായി ഉയരുന്നുണ്ട്.
അതേസമയം, ഒളിവിലുള്ള രാഹുലിനായി കേരളത്തിനകത്തും പുറത്തും പോലീസ് തിരച്ചില്‍ തുടരുകയാണ്. തമിഴ്നാട്-കര്‍ണാടക അതിര്‍ത്തിപ്രദേശത്ത് ഉണ്ടെന്ന വിവരത്തെത്തുടര്‍ന്ന് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. കേസിലെ രണ്ടാംപ്രതി ജോബി ജോസഫും ഒപ്പമുണ്ടെന്നാണ് വിവരം. രാഹുല്‍ കാറുകള്‍ മാറിമാറി ഉപയോഗിക്കുന്നുണ്ടെന്നും സംശയിക്കുന്നു. ഫോണ്‍ ഇടയ്ക്ക് ഓണായതായും പോലീസ് കണ്ടെത്തി. എന്നാല്‍, പോലീസിനെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണിതെന്നും കരുതുന്നു.
ആദ്യഘട്ടത്തില്‍ പാലക്കാടുനിന്ന് കോയമ്പത്തൂരിലേക്കാണ് രാഹുല്‍ പോയതെന്നാണ് പോലീസ് കരുതുന്നത്. പ്രധാനപാതകള്‍ ഒഴിവാക്കിയായിരുന്നു യാത്രയെന്നതിനാല്‍ സിസിടിവി ദൃശ്യങ്ങളും ലഭിച്ചിട്ടില്ല. കോയമ്പത്തൂര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നതിനിടെയാണ് കേരള-കര്‍ണാടക അതിര്‍ത്തിപ്രദേശത്ത് ഉണ്ടെന്ന് വിവരം ലഭിച്ചത്. അവിടെ ഒരു റിസോര്‍ട്ട് കേന്ദ്രീകരിച്ച് പോലീസ് പരിശോധിച്ചെങ്കിലും മുങ്ങിയെന്ന വിവരമാണ് ലഭിച്ചത്.
രാഹുലുമായി ബന്ധമുള്ളവരെ പ്രത്യേകസംഘം വിളിച്ച് വിവരങ്ങള്‍ അന്വേഷിക്കുന്നുണ്ട്. ചിലരെ നിരീക്ഷണത്തിലുമാക്കി. രാഹുല്‍ ആദ്യം സഞ്ചരിച്ചത് ഒരു നടിയുടെ കാറിലായിരുന്നെന്നും കണ്ടെത്തിയിട്ടുണ്ട്. ഇപ്പോള്‍ ബെംഗളൂരുവിലുള്ള നടിയില്‍നിന്ന് മൊഴി ശേഖരിക്കാന്‍ പോലീസ് ആലോചിക്കുന്നുണ്ട്. ഈ കാര്‍ പോലീസ് കണ്ടെത്തിയിട്ടില്ല.
Content Highlights: Anticipatory bail plea of MLA Rahul Mamkootathil to be heard today amid new molestation complaint. Police search continues.