രാഹുലിന്റെ ഓഫീസിലെ ഗാന്ധിജിയുടെ ചിത്രം താഴെയിട്ട് നശിപ്പിച്ചെന്ന കേസ് സ്റ്റേചെയ്ത് ഹൈക്കോടതി

കൊച്ചി: രാഹുല്‍ ഗാന്ധി എം.പി.യുടെ വയനാട്ടിലെ ഓഫീസിലുണ്ടായിരുന്ന മഹാത്മാ ഗാന്ധിയുടെ ചിത്രം താഴെയിട്ട് നശിപ്പിച്ചുവെന്ന കേസ് സ്റ്റേ ചെയ്ത് ഹൈക്കോടതി. ഓഫീസിലെ നാല് ജീവനക്കാര്‍ക്കെതിരായ കേസാണ് സ്റ്റേ ചെയ്തത്. കെ.ആര്‍. രതീഷ്‌കുമാര്‍, കെ.എ. മുജീബ്, രാഹുല്‍ രവീന്ദ്രന്‍, വി. നൗഷാദ് എന്നിവര്‍ക്കെതിരെയാണ് കല്പറ്റ പോലീസ് കേസെടുത്തിരുന്നത്.
കേസിന്റെ അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് ഓഫീസിലെ ജീവനക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസ് കെട്ടിച്ചമച്ചതാണെന്നും തങ്ങള്‍ക്കെതിരേ കൃത്യമായ ഒരു മൊഴിയുമില്ലെന്നും ഇവര്‍ കോടതിയെ അറിയിച്ചു. അതിനാല്‍ കേസ് റദ്ദാക്കണമെന്നായിരുന്നു ജീവനക്കാരുടെ ആവശ്യം. ഇതില്‍ വിശദമായ വാദം കേള്‍ക്കാന്‍വേണ്ടിയാണ് ഹൈക്കോടതി എഫ്.ഐ.ആര്‍. സ്റ്റേ ചെയ്തത്.
എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ കല്പറ്റയിലെ രാഹുല്‍ ഗാന്ധിയുടെ എം.പി. ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് അക്രമാസക്തമായതിനു പിന്നാലെ എം.പി. ഓഫീസിലെ മഹാത്മാ ഗാന്ധിയുടെ ചിത്രം താഴെവീണ് പൊട്ടിയിരുന്നു. ഇത് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ പൊട്ടിച്ചതാണെന്നായിരുന്നു കോണ്‍ഗ്രസ് ആരോപിച്ചിരുന്നത്. എന്നാല്‍ പിന്നീട് ദൃശ്യങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട്, എം.പി. ഓഫീസിലെ ജീവനക്കാര്‍ തന്നെയാണ് ചിത്രം താഴെയിട്ടതെന്ന പരാതി പോലീസിന് ലഭിച്ചു. തുടര്‍ന്ന് ഓഫീസ് ജീവനക്കാരെ പ്രതിചേര്‍ത്ത് കല്പറ്റ പോലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
Content Highlights: rahul gandhi, wayanad mp office, mahatma gandhi wall picture