‘അനുമതി വാങ്ങിയോ എന്നറിയാൻ SIT അയ്യപ്പന്റെ മൊഴിയെടുത്തോ? ആചാരങ്ങളെക്കുറിച്ച് അവർക്ക് എന്തറിയാം?’

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേക അന്വേഷണ സംഘത്തിനെതിരെ രാഹുൽ ഈശ്വർ രംഗത്ത്. ശബരിമലയിലെ ആചാര്യ കാര്യങ്ങളെക്കുറിച്ച് എസ്‌ഐടിക്ക് എന്തെങ്കിലും അറിവുണ്ടോ എന്നും അനുമതി വാങ്ങിയോ എന്നറിയാൻ എസ്‌ഐടി അയ്യപ്പന്റെ മൊഴിയെടുത്തോ എന്നും രാഹുൽ ഈശ്വർ പരിഹസിച്ചു. ശബരിമലയിലെ സ്വർണം എവിടെ പോയി എന്ന് എസ്‌ഐടി പറയണമെന്നും രാഹുൽ ആവശ്യപ്പെട്ടു.
'ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട്, തന്ത്രി സാമ്പത്തികമായി എന്തെങ്കിലും മെച്ചം ഉണ്ടാക്കിയിട്ടുണ്ടോ, എന്തെങ്കിലും സാമ്പത്തിക ഇടപാട് നടത്തിയിട്ടുണ്ടെന്നോ എന്നൊന്നും സംബന്ധിച്ച് ആരുടെ കൈയിലും ഒരുതെളിവും ഇല്ല. ദേവസ്വം ബോർഡിന്റെ ഉത്തരവ് തന്ത്രി കണ്ഠര് രാജീവര് തടഞ്ഞില്ല, എങ്ങനെയാണ് തന്ത്രിക്ക് ദേവസ്വം ബോർഡിന്റെ ഉത്തരവ് തടയാൻ സാധിക്കുക?' രാഹുൽ ചോദിച്ചു.
'തന്ത്രി ദേവന്റെ അനുമതി വാങ്ങിയില്ല, ആചാര്യ കാര്യങ്ങളിൽ വീഴ്ചവരുത്തി... ഇതൊക്കെ പറയുന്നത് ആരാണ്, പോലീസാണ്. അനുമതി കൊടുത്തോ ഇല്ലയോ എന്ന് അറിയാൻ പോലീസ് അയ്യപ്പന്റെ മൊഴി എടുത്തിരുന്നോ? ശബരിമലയിലെ ആചാരങ്ങൾ എന്തൊക്കെയാണെന്ന് എസ്‌ഐടിക്ക് എങ്ങനെയാണ് അറിയാവുന്നത്?' രാഹുൽ ഈശ്വർ ചോദിച്ചു.
'ശബരിമലയിൽനിന്ന് സ്വർണം പതിച്ച ചെമ്പുപാളികൾ എടുത്തുകൊണ്ടുപോയി അതിൽനിന്നും സ്വർണം എടുത്തെന്നാണ് കേസ്. അതിലെ സ്വർണം എവിടെയാണെന്ന് കണ്ടുപിടിക്കാൻ എസ്‌ഐടിക്ക് ശ്രമിക്കുന്നതായി യാതൊരു വിവരവുമില്ല. അതിനെക്കുറിച്ച് എസ്‌ഐടി വ്യക്തത വരുത്തണം. സ്വർണം എവിടെയാണെന്ന് പറയണം.' രാഹുൽ ഈശ്വർ ആവശ്യപ്പെട്ടു.
Content Highlights: Rahul Easwar criticizes the SIT in the Sabarimala gold heist case, questioning their knowledge of rituals and whether they have taken Ayyappan`s statement.