കേരളത്തിൽ ലൗ ജിഹാദ്; സ്ത്രീ സുരക്ഷയില്ല, എനിക്കുപോലും സഹായം ലഭിച്ചില്ല- ആർ. ശ്രീലേഖ

#മാതൃഭൂമി ന്യൂസ്‌
Photo: facebook.com/Sreelekhaips
Photo: facebook.com/Sreelekhaips

തിരുവനന്തപുരം: വിവാദ പ്രസംഗവുമായി വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർഥിയും മുൻ പോലീസ് ഉദ്യോഗസ്ഥയുമായ ആർ. ശ്രീലേഖ. കേരളത്തിൽ ലൗ ജിഹാദ് നടക്കുന്നുണ്ടെന്നും എന്നാൽ നിലവിലെ സർക്കാർ ഇതിന് നേരെ കണ്ണടയ്ക്കുകയാണെന്നും ശ്രീലേഖ ആരോപിച്ചു. അതിക്രൂരമായ കുറ്റകൃത്യങ്ങൾ നടക്കുമ്പോൾ പോലും സർക്കാർ വേണ്ട നടപടികൾ സ്വീകരിക്കുന്നില്ലെന്നും അവർ പറഞ്ഞു. ശാസ്തമംഗലത്ത് ക്ഷണിക്കപ്പെട്ട അതിഥികൾ മാത്രം പങ്കെടുത്ത  പരിപാടിക്കിടെയായിരുന്നു ശ്രീലേഖയുടെ വിവാദ പ്രസംഗം.

പരിപാടിക്കിടെ സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി നൽകവെയായിരുന്നു ശ്രീലേഖയുടെ പ്രസ്താവന. ഒരു പോലീസ് ഓഫീസറായ തനിക്കുപോലും ദുരനുഭവം ഉണ്ടായപ്പോൾ ഒരു സഹായവും ലഭിച്ചില്ല. മന്ത്രിയുടെ ഭാര്യയ്ക്ക് ദുരനുഭവം ഉണ്ടായിട്ടും സർക്കാർ നടപടിയെടുത്തില്ല. കേരളത്തിൽ സ്ത്രീ സുരക്ഷ ഇല്ലാത്തത് അതുകൊണ്ടാണെന്നും അവർ കുറ്റപ്പെടുത്തി.

ദൈവ വിശ്വാസമില്ലാത്ത ഒരു സർക്കാർ, ദൈവ വിശ്വാസം തൊട്ടുതീണ്ടിയിട്ടില്ലാത്ത മന്ത്രിമാർ ഭരിക്കുന്ന ഒരു സർക്കാർ അവർ സ്ത്രീകൾക്കെതിരേ നടക്കുന്ന കുറ്റകൃത്യങ്ങൾക്ക് യാതൊരു പ്രാധാന്യവും കൽപ്പിക്കാറില്ലെന്നും ശ്രീലേഖ പറയുന്നു. പോലീസിൽ രാഷ്ട്രീയ സ്വാധീനം നിലനിൽക്കുന്നതുകൊണ്ടു മാത്രമാണ് സ്ത്രീകൾക്ക് സുരക്ഷിതത്വം ഇല്ലാതാകുന്നതെന്നും അവർ പറഞ്ഞു.

കേരളത്തിലെ സ്ത്രീകൾക്ക് ഉന്നമനം കിട്ടണമെങ്കിൽ കേരളത്തിലെ സർക്കാർ മാറണം. കേരളത്തിൽ എൻഡിഎ ഭരണം വന്നാൽ മാത്രമേ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ കഴിയുകയുള്ളൂ എന്നും ശ്രീലേഖ അഭിപ്രായപ്പെട്ടു. എൻഡിഎ അധികാരത്തിൽ വന്നാൽ അതിനനുസരിച്ച് നിയമങ്ങളും പോലീസും മാറുമെന്നും സമൂഹത്തിൽ നീതി നടപ്പിലാകുമെന്നും അവർ അവകാശപ്പെട്ടു.

Content Highlights: R. Sreelekha alleges state government negligence regarding women's safety., Claims of 'love jihad' being ignored by the current administration., Criticism of political interference within the Kerala Police force., Call for an NDA government in 2026 to ensure societal justice and security.