കേന്ദ്രമന്ത്രി പേര് പറഞ്ഞില്ല; BJP പരിപാടിയിൽ നിന്ന് ആർ.ശ്രീലേഖ ഇറങ്ങിപ്പോയി,അനുനയിപ്പിച്ച് നേതാക്കൾ

#ന്യൂസ് ഡെസ്‌ക്
Photo: Screengrab/ MBI News
Photo: Screengrab/ MBI News

തിരുവനന്തപുരം: കേന്ദ്രമന്ത്രി എസ്. ജയശങ്കർ ഓൺലൈനായി പങ്കെടുത്ത എൻഡിഎ തിരഞ്ഞെടുപ്പ് പരിപാടിയിൽ നിന്ന് വട്ടിയൂർക്കാവ് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി ആർ. ശ്രീലേഖ ഇറങ്ങിപ്പോയി. കേന്ദ്രമന്ത്രി പ്രസംഗത്തിൽ തന്റെ പേര് പരാമർശിക്കാത്തതിൽ അമർഷം പ്രകടിപ്പിച്ചാണ് അവർ വേദി വിട്ടത്. എന്നാൽ ബിജെപി നേതാക്കളുടെ ഇടപെടലിനെത്തുടർന്ന് പിന്നീട് തിരികെ എത്തിയ ശ്രീലേഖ പരിപാടിയിൽ പങ്കെടുത്തു. കേന്ദ്രമന്ത്രി എസ്. ജയശങ്കർ പരിപാടി ഉദ്ഘാടനം ചെയ്തതിന് പിന്നാലെയാണ് ശ്രീലേഖ ചടങ്ങ് ബഹിഷ്‌കരിച്ചത്.

ആർ ശ്രീലേഖയ്ക്ക് വേണ്ടി നടത്തിയ പരിപാടി ഓൺലൈനായി ഉദ്ഘാടനം ചെയ്ത എസ്. ജയശങ്കർ, പ്രസംഗിക്കുന്ന സമയത്ത് രാജീവ് ചന്ദ്രശേഖറിന്റെ പേര് പരാമർശിക്കുകയും അദ്ദേഹത്തെ വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്ന് അഭ്യർഥിക്കുകയും ചെയ്തു. എന്നാൽ ശ്രീലേഖയുടെയോ വട്ടിയൂർക്കാവ് മണ്ഡലത്തിന്റെയോ പേര് പരാമർശിച്ചില്ല. ഇതോടെയാണ് പ്രതിഷേധ സൂചകമായി അവർ വേദി വിട്ടത്.

വട്ടിയൂർക്കാവ് മണ്ഡലത്തിലെ പ്രമുഖ വ്യക്തികളുമായി കൂടിക്കാഴ്ച നടത്തുന്നതിനായി മസ്‌കറ്റ് ഹോട്ടലിലാണ് പരിപാടി സംഘടിപ്പിച്ചത്. തനിക്ക് വേണ്ടി വോട്ട് ചോദിക്കുന്നതിനായി സംഘടിപ്പിച്ച ഒരു പരിപാടിയിൽ തന്റെ പേര് പരാമർശിക്കുന്നില്ലെങ്കിൽ പിന്നെ താൻ അവിടെ പങ്കെടുക്കേണ്ട കാര്യമെന്താണ് എന്ന നിലപാടാണ് ശ്രീലേഖ സ്വീകരിച്ചത്.

പരിപാടിയിൽ നിന്ന് ഇറങ്ങിപ്പോയ ആർ. ശ്രീലേഖയെ ബിജെപി സംസ്ഥാന നേതാക്കളായ എസ്. ഓമന, വി.വി. രാജേഷ് തുടങ്ങിയവരും ആർഎസ്എസ് ഭാരവാഹികളും ചേർന്ന് അനുനയിപ്പിക്കുകയായിരുന്നു. നേതാക്കളുടെ അഭ്യർഥനയെത്തുടർന്ന് അവർ പിന്നീട് പരിപാടിയിൽ തിരിച്ചെത്തി പങ്കെടുത്തു.

ഇതിനു മുമ്പും ആർ. ശ്രീലേഖയുമായി ബന്ധപ്പെട്ട് സമാനമായ വിവാദങ്ങൾ ഉണ്ടായിട്ടുണ്ട്. പ്രധാനമന്ത്രി തിരുവനന്തപുരത്ത് എത്തിയപ്പോൾ പ്രോട്ടോക്കോൾ ചൂണ്ടിക്കാട്ടി അദ്ദേഹം നിൽക്കുന്ന വേദിക്കരികിലേക്ക് പോകാതിരുന്നത് വലിയ ചർച്ചയായിരുന്നു. കൂടാതെ, മേയറുടെ സത്യപ്രതിജ്ഞാ ചടങ്ങുമായി ബന്ധപ്പെട്ടും വിവാദങ്ങൾ ഉണ്ടായിരുന്നു. ശക്തമായ ത്രികോണ മത്സരം നടക്കുന്ന സാഹചര്യത്തിൽ, പ്രചാരണത്തിന്റെ അവസാന ഘട്ടത്തിലെ ഇത്തരം ആഭ്യന്തര അസംതൃപ്തികൾ ബിജെപിക്ക് വലിയ രാഷ്ട്രീയ വെല്ലുവിളിയാകുന്നുണ്ട്.

Content Highlights: NDA candidate R. Sreelekha staged a walkout from a 2026 election campaign event., Protest triggered by Union Minister S. Jaishankar failing to mention her name during the inauguration., BJP state leaders intervened to persuade Sreelekha to return to the venue., The incident highlights internal friction within the BJP during the 2026 election cycle.