'ശരിയായ ആളുകളെ ടീമിലേക്ക് തിരഞ്ഞെടുക്കൽ വലിയ ഗുണം'; പി.വി. സാമി പുരസ്കാരദാന ചടങ്ങിൽ മുഖ്യമന്ത്രി

കോഴിക്കോട്: ചുറ്റുപാടുമുള്ള ഏറ്റവും ശരിയായ ആളെ ടീമിലേക്ക് തിരഞ്ഞെടുക്കുകയെന്നതാണ് രാഷ്ട്രീയക്കാരനുവേണ്ട ഏറ്റവും പ്രധാന ഗുണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. കൃത്യമായ ആളെയല്ല തിരഞ്ഞെടുക്കുന്നതെങ്കിൽ രാഷ്ട്രീയനേതാവ് പരാജയപ്പെടും. അതുപോലെത്തന്നെയാണ് ബിസിനസുകാരുടെ കാര്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്വാതന്ത്ര്യസമരസേനാനിയും സാമൂഹിക-സാംസ്കാരിക മേഖലകളിലെ നിറസ്സാന്നിധ്യവുമായിരുന്ന പി.വി. സാമിയുടെ പേരിലുള്ള അവാർഡ് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദിന് സമ്മാനിക്കുകയായിരുന്നു മുഖ്യമന്ത്രി.
‘ബിസിനസും രാഷ്ട്രീയവും ടീമായി നടത്തി വിജയിപ്പിക്കേണ്ടവയാണ്. കൂടെനിൽക്കാൻ നല്ലൊരു സംഘത്തെ സൃഷ്ടിച്ചെടുത്താൽമാത്രമേ രണ്ടിലും വിജയിക്കാനാകൂ. രാഷ്ട്രീയക്കാരൻ സമൂഹത്തെ സൂക്ഷ്മമായി നിരീക്ഷിക്കണം; ബിസിനസുകാരൻ മാർക്കറ്റിനെയും. കൃത്യമായ ആളെ തിരഞ്ഞെടുക്കുകയെന്നത് നിങ്ങളുടെ നേതൃഗുണം എത്രത്തോളമുണ്ടെന്നതിന്റെ തെളിവാണ്.’- മുഖ്യമന്ത്രി പറഞ്ഞു.
‘തിരഞ്ഞെടുത്ത ആളുകളെയും നമ്മൾ നിരന്തരം നിരീക്ഷിക്കണം. ചിലപ്പോൾ തിരഞ്ഞെടുക്കുമ്പോൾ അവർ മികച്ചവരായിരിക്കും. പിന്നീട് അവരെ ചീത്തയാക്കാൻ പറ്റുന്ന ഇഷ്ടംപോലെ ആളുകൾ രാഷ്ട്രീയത്തിലും ബിസിനസിലുമുണ്ട്’ – അദ്ദേഹം ഓർമ്മിപ്പിച്ചു.
രാഷ്ട്രീയത്തിൽ നമ്മൾ നമ്മളെത്തന്നെ മാർക്കറ്റ് ചെയ്യണം; ബിസിനസിൽ ഉത്പന്നത്തെയും. നമ്മൾ സ്വയം നവീകരിച്ചുകൊണ്ടിരിക്കണം. പല രാഷ്ട്രീയനേതാക്കൾക്കും സംഭവിക്കുന്നത് അവർ പഴഞ്ചനായി മാറുന്നതാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
അഞ്ചുവർഷത്തിനുശേഷം എങ്ങനെയായിരിക്കണമെന്ന ദീർഘവീക്ഷണവും ആസൂത്രണവും ഇപ്പോഴേ വേണം. സ്വാതന്ത്ര്യസമരസേനാനിയായിരുന്ന പി.വി. സാമി, ബിസിനസും രാഷ്ട്രീയവും ഏറ്റവും ഭംഗിയായി ഒരുമിച്ചുചേർത്തുവെന്നതാണ് വലിയ സവിശേഷതയെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.
പി.വി. സാമി വിടപറഞ്ഞിട്ട് 36 വർഷം തികയുന്ന വേളയിൽ കോഴിക്കോട് കണ്ടംകുളം മുഹമ്മദ് അബ്ദുറഹിമാൻ സ്മാരക ജൂബിലി ഹാളിലായിരുന്നു പ്രൗഢഗംഭീരമായ ചടങ്ങ്. പി.വി. സാമി മെമ്മോറിയൽ ട്രസ്റ്റ് മാനേജിങ് ട്രസ്റ്റിയും മാതൃഭൂമി ചെയർമാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രൻ അധ്യക്ഷതവഹിച്ചു.
പി.വി. സാമിയെപ്പോലെ എളിയനിലയിൽ പ്രവർത്തനം തുടങ്ങിയ എം.പി. അഹമ്മദ്, ജീവിതത്തിലും ബിസിനസിലും സ്വർണപ്രഭ പുലർത്തിയ വ്യക്തിത്വമാണെന്ന് അദ്ദേഹം പറഞ്ഞു. കൃത്യമായ ലക്ഷ്യബോധവും കഠിനാധ്വാനവുമുണ്ടെങ്കിൽ എന്തും നമ്മുടെ കൈയെത്തുംദൂരത്താണെന്ന് തെളിയിച്ചയാളാണ് എം.പി. അഹമ്മദ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജൂറി ചെയർമാനും മാതൃഭൂമി മാനേജിങ് ഡയറക്ടറുമായ എം.വി. േശ്രയാംസ് കുമാർ അവാർഡിനെക്കുറിച്ച് വിശദീകരിച്ചു. വലിയൊരു വ്യവസായസാമ്രാജ്യം കെട്ടിപ്പടുക്കുക മാത്രമല്ല, സാമൂഹികപ്രതിബദ്ധത കാത്തുസൂക്ഷിക്കുകകൂടി വേണമെന്ന് കാണിച്ചുതന്നയാളായിരുന്നു പി.വി. സാമിയെന്ന് അദ്ദേഹം അനുസ്മരിച്ചു. അദ്ദേഹത്തെപ്പോലെത്തന്നെ പടിപടിയായി എം.പി. അഹമ്മദും വ്യവസായമേഖല കെട്ടിപ്പടുത്തു. ബിസിനസിലെ വിജയം മാത്രമല്ല, സമൂഹത്തിന് എന്ത് തിരിച്ചുചെയ്യുന്നുവെന്നതാണ് പ്രധാനം. അതിനാണ് എം.പി. അഹമ്മദിനെ ഈ പുരസ്കാരത്തിന് തിരഞ്ഞെടുത്തതെന്നും േശ്രയാംസ്കുമാർ പറഞ്ഞു.
ലോകം ഒന്നാണെന്ന് കണ്ടുകൊണ്ട്, മാനുഷികമൂല്യങ്ങൾ മുറുകെപ്പിടിച്ച് മുന്നോട്ടുപോകാൻ പ്രചോദനമാണ് ഈ പുരസ്കാരമെന്ന് എം.പി. അഹമ്മദ് മറുപടി പ്രസംഗത്തിൽ പറഞ്ഞു. മലബാർ ഗോൾഡിനെ സ്വർണവ്യാപാരമേഖലയിൽ ലോകത്തെ ഒന്നാമതാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
പി.വി. സാമിയുടെ പേരിലുള്ള അവാർഡ് ഇക്കാലത്തെ ഏറ്റവും വലിയ വ്യവസായികളിലൊരാളായ എം.പി. അഹമ്മദ് ഏറ്റുവാങ്ങുമ്പോൾ അത് ഏറ്റവും ഉചിതമാണെന്ന് ചടങ്ങിൽ സംസാരിച്ച വ്യവസായമന്ത്രി പി.െക. കുഞ്ഞാലിക്കുട്ടി പറഞ്ഞു. മിനി രാജേഷ് പ്രശസ്തിപത്രം വായിച്ചു.
മേയർ ഒ. സദാശിവൻ, എം.കെ. രാഘവൻ എം.പി., എം.എൽ.എ.മാരായ വി. മുരളീധരൻ, െക. പ്രവീൺകുമാർ, എം.എ. റസാഖ്, എ.ഡി.ജി.പി. പി. വിജയൻ, സി.പി.എം. ജില്ലാസെക്രട്ടറി എം. മെഹബൂബ്, പി.വി. സാമി മെമ്മോറിയൽ ട്രസ്റ്റിന്റെ ട്രസ്റ്റിയും മാതൃഭൂമി ജോയിന്റ് മാനേജിങ് എഡിറ്ററുമായ പി.വി. നിധീഷ്, പി.വി.എസ്. സൺറൈസ് ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടർ ഡോ. ജയ്കിഷ് ജയരാജ് എന്നിവർ സംസാരിച്ചു.
Content Highlights: Chief Minister stated that choosing the right people is crucial for success in both politics and business. Malabar Group Chairman MP Ahammed received the PV Sami Award. The event marked 36 years since the passing of freedom fighter and social figure PV Sami. MP Ahammed aims to make Malabar Gold the world's number one in the gold trade sector.