'നമ്മുടെ പോരാട്ടത്തിനുമുന്നിൽ സർക്കാർ അടിയറവുപറഞ്ഞു'; വനം നിയമ ഭേദഗതി പിൻവലിച്ചതിൽ അൻവർ

പി.വി. അൻവർ | ചിത്രം: മാതൃഭൂമി
പി.വി. അൻവർ | ചിത്രം: മാതൃഭൂമി

കോഴിക്കോട്: വനം നിയമ ഭേദഗതി ഉപേക്ഷിച്ച സര്‍ക്കാര്‍ തീരുമാനം സ്വാഗതം ചെയ്ത് നിലമ്പൂര്‍ മുന്‍ എം.എല്‍.എയും തൃണമൂല്‍ കോണ്‍ഗ്രസ് കേരള ഘടകം കോ-ഓര്‍ഡിനേറ്ററുമായ പി.വി. അന്‍വര്‍. ഒറ്റക്കെട്ടായ പോരാട്ടത്തിന് മുന്നില്‍ സര്‍ക്കാരിന് അടിയറവുപറയേണ്ടി വന്നുവെന്ന് അന്‍വര്‍ പറഞ്ഞു. പിന്തുണയേകിയ യു.ഡി.എഫ്. നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അന്‍വര്‍ നന്ദി പറഞ്ഞു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അന്‍വറിന്റെ പ്രതികരണം. 

'1961-ലെ സംസ്ഥാന വനനിയമം ഭേദഗതി ചെയ്യാനുള്ള ശ്രമം സംസ്ഥാന സര്‍ക്കാര്‍ ഉപേക്ഷിച്ചിക്കുന്നു. കര്‍ഷകവിരുദ്ധ, മനുഷ്യത്വ വിരുദ്ധ ബില്ലിനെതിരെ നമ്മള്‍ നടത്തിയ ജനകീയ യാത്രയുടെ വിജയമാണിത്. പൊതുജനങ്ങള്‍ക്ക് അപ്രാപ്യമായ 'ഗസറ്റില്‍' പബ്ലിഷ് ചെയ്തു എന്ന കാരണം പറഞ്ഞ് നിയമസഭാംഗങ്ങളെയോ, മലയോര പ്രദേശത്തെ ജനങ്ങളെയോ അറിയിക്കാതെ തികച്ചും നിഗൂഢമായി ഒരു നിയമം നടപ്പിലാക്കാന്‍ സര്‍ക്കാറും വനം വകുപ്പും ശ്രമിക്കുകയായിരുന്നു.' -അന്‍വര്‍ പറഞ്ഞു. 

'നിയമസഭാംഗം എന്ന നിലയിലുള്ള എന്റെ രാജി മലയോര മേഖലയെ ആകെ പ്രതിസന്ധിയിലാക്കുന്ന വന നിയമ ഭേദഗതി ബില്ലിനെതിരെ  സമര്‍പ്പിക്കുന്നു എന്ന്  മുമ്പ് സൂചിപ്പിച്ചിട്ടുണ്ട്. ജനാധിപത്യത്തെ പരിവര്‍ത്തനത്തിനും ശുദ്ധീകരണത്തിനും വിധേയമാക്കുന്ന എക്കാലത്തേയും മികച്ച 'ടൂള്‍' ജനകീയ സമരങ്ങള്‍ തന്നെയാണ്. ഒറ്റക്കെട്ടായ നമ്മുടെ പോരാട്ടത്തിനു മുന്നില്‍ സര്‍ക്കാറിന്  അടിയറവു പറയേണ്ടി വന്ന എന്നതാണ് സത്യം.' -അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. 

അന്‍വറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

ഇത് നമ്മുടെ പോരാട്ടത്തിന്റെ വിജയം വിജയം.
1.11.2024-ല്‍ 18556/2024 ഗസറ്റ് വിജ്ഞാപനത്തിലൂടെ 1961-ലെ സംസ്ഥാന വനനിയമം ഭേദഗതി ചെയ്യാനുള്ള ശ്രമം സംസ്ഥാന സര്‍ക്കാര്‍ ഉപേക്ഷിച്ചിക്കുന്നു. കര്‍ഷകവിരുദ്ധ, മനുഷ്യത്വ വിരുദ്ധ ബില്ലിനെതിരെ നമ്മള്‍ നടത്തിയ ജനകീയ യാത്രയുടെ വിജയമാണിത്. 
പൊതുജനങ്ങള്‍ക്ക് അപ്രാപ്യമായ 'ഗസറ്റില്‍' പബ്ലിഷ് ചെയ്തു എന്ന കാരണം പറഞ്ഞ് നിയമസഭാംഗങ്ങളെയോ, മലയോര പ്രദേശത്തെ ജനങ്ങളെയോ അറിയിക്കാതെ തികച്ചും നിഗൂഢമായി ഒരു നിയമം നടപ്പിലാക്കാന്‍ സര്‍ക്കാറും വനം വകുപ്പും ശ്രമിക്കുകയായിരുന്നു.
പ്രസ്തുത ബില്ലിനെതിരെയാണ് ജനുവരി മൂന്ന് മുതല്‍ അഞ്ചുവരെ വയനാട് ജില്ലയിലെ പനമരത്ത് തുടങ്ങി നിലമ്പൂര്‍ വഴിക്കടവില്‍ സമാപിക്കുന്ന വയനാട് പാര്‍ലമെന്റ് മണ്ഡലം ജനകീയ യാത്ര നമ്മള്‍ സംഘടിപ്പിച്ചത്. യാത്രയുടെ രണ്ടാം ദിനത്തില്‍ നിലമ്പൂരില്‍ മണി എന്ന ആദിവാസി യുവാവ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് ജനകീയ യാത്ര നിര്‍ത്തിവെച്ച് നിലമ്പൂര്‍ ഡി. എഫ്.ഒ. ഓഫീസിലേക്ക് മാര്‍ച്ച് നടത്താന്‍ ഞാനും പ്രവര്‍ത്തകരും തീരുമാനിച്ചത്. അതിനോടനുബന്ധിച്ച്  ഉണ്ടായ സംഭവങ്ങളെ തുടര്‍ന്നാണ് എന്നെ അറസ്റ്റ് ചെയ്തു സംസ്ഥാന സര്‍ക്കാര്‍ ജയിലില്‍ അടക്കുന്നത്.നിയമസഭാംഗം എന്ന നിലയിലുള്ള എന്റെ രാജി മലയോര മേഖലയെ ആകെ പ്രതിസന്ധിയിലാക്കുന്ന വന നിയമ ഭേദഗതി ബില്ലിനെതിരെ  സമര്‍പ്പിക്കുന്നു എന്ന് മുമ്പ് സൂചിപ്പിച്ചിട്ടുണ്ട്.
ജനാധിപത്യത്തെ പരിവര്‍ത്തനത്തിനും ശുദ്ധീകരണത്തിനും വിധേയമാക്കുന്ന എക്കാലത്തേയും മികച്ച 'ടൂള്‍' ജനകീയ സമരങ്ങള്‍ തന്നെയാണ്.ഒറ്റക്കെട്ടായ നമ്മുടെ പോരാട്ടത്തിനു മുന്നില്‍ സര്‍ക്കാറിന്  അടിയറവു പറയേണ്ടി വന്ന എന്നതാണ് സത്യം.
കര്‍ഷക സംഘടനകള്‍ക്ക്,
പിന്തുണയേകിയ യു.ഡി.എഫ്.നേതാക്കള്‍ക്ക്,
സാമൂഹ്യ സംഘടനകള്‍ക്ക്,
കൂടെ നിന്ന പൊതു ജനങ്ങള്‍ക്ക്,
നന്ദി.
പി.വി അന്‍വര്‍

Content Highlights: PV Anvar's reaction on government's decision to withdraw forest amendment bill