പ്രധാനപ്പെട്ടകാര്യം പറയാനുണ്ടെന്ന് അന്‍വര്‍; രാജിപ്രഖ്യാപനമെന്ന് അഭ്യൂഹം, നാളെ വാര്‍ത്താസമ്മേളനം

പി.വി. അൻവർ എം.എൽ.എ, തൃണമൂൽ കോൺഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനർജി അൻവറിനെ പാർട്ടിയിലേക്ക് സ്വീകരിക്കുന്നു | Photos: facebook.com/pvanvar
പി.വി. അൻവർ എം.എൽ.എ, തൃണമൂൽ കോൺഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനർജി അൻവറിനെ പാർട്ടിയിലേക്ക് സ്വീകരിക്കുന്നു | Photos: facebook.com/pvanvar

കോഴിക്കോട്: നിലമ്പൂര്‍ എം.എല്‍.എ. പി.വി. അന്‍വര്‍ രാജി പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. വളരെ പ്രധാനപ്പെട്ട ഒരു വിഷയം ജനങ്ങളെ അറിയിക്കാനുണ്ടെന്ന് വ്യക്തമാക്കി അന്‍വര്‍ തിങ്കളാഴ്ച രാവിലെ മാധ്യമങ്ങളെ കാണുമെന്നറിയിച്ചു.  തിങ്കളാഴ്ച രാവിലെ ഒമ്പതരയ്ക്ക് തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലില്‍ വെച്ചാണ് വാര്‍ത്താ സമ്മേളനം.

കഴിഞ്ഞ ദിവസമാണ് അന്‍വര്‍ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഭാഗമായത്. തൃണമൂല്‍ കേരളഘടകത്തിന്റെ കോ-ഓര്‍ഡിനേറ്ററായി ചുമതലയേറ്റ അന്‍വര്‍ നിലമ്പൂര്‍ എം.എല്‍.എ. സ്ഥാനം രാജിവെക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. ഇക്കാര്യം ഉള്‍പ്പെടെ പ്രഖ്യാപിക്കാനാണ് അന്‍വര്‍ തിങ്കളാഴ്ച വാര്‍ത്താ സമ്മേളനം വിളിച്ചിരിക്കുന്നത് എന്നാണ് സൂചന. സ്വതന്ത്ര സ്ഥാനാര്‍ഥിയായി നിലമ്പൂരില്‍ വിജയിച്ച അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ഔദ്യോഗികമായി അംഗത്വമെടുത്താല്‍ അയോഗ്യത നേരിടേണ്ടിവന്നേക്കും. ഈ സാഹചര്യത്തിലാണ് രാജി അഭ്യൂഹം ശക്തമായത്.

തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയും മമത ബാനര്‍ജിയുടെ അനന്തരവനുമായ അഭിഷേക് ബാനര്‍ജിയാണ് പി.വി. അന്‍വറിനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. അഭിഷേകിന്റെ കൊല്‍ക്കത്തയിലെ ഓഫീസില്‍ വെച്ച് ഇരുവരും കൂടിക്കാഴ്ച നടത്തി. പിന്നാലെ, രാജ്യത്തെ ജനങ്ങളുടെ ക്ഷേമത്തിനായി ഒന്നിച്ചുപ്രവര്‍ത്തിക്കാമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എക്സില്‍ കുറിച്ചിരുന്നു.

ഇടത് സ്വതന്ത്രനായി നിലമ്പൂരില്‍ വിജയിച്ച അന്‍വര്‍, മുഖ്യമന്ത്രി പിണറായി വിജയനോട് യുദ്ധം പ്രഖ്യാപിച്ചതിന് പിന്നാലെ എല്‍.ഡി.എഫ്. സഹകരണം അവസാനിപ്പിച്ചിരുന്നു. സി.പി.എം. പാര്‍ലമെന്ററി പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയ അന്‍വര്‍ തമിഴ്നാട്ടിലെ ഭരണകക്ഷിയായ ഡി.എം.കെയില്‍ ചേരാനാണ് ആദ്യം ശ്രമിച്ചത്. ഇതിനായി ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള എന്ന പേരില്‍ സംഘടനയുണ്ടാക്കി. എന്നാല്‍, സി.പി.എമ്മുമായി നല്ല ബന്ധം തുടരുന്ന ഡി.എം.കെ. അന്‍വറിനെ പാര്‍ട്ടിയില്‍ എടുക്കാന്‍ തയ്യാറായില്ല.

നിലമ്പൂര്‍ ഡി.എഫ്.ഒ. ഓഫീസ് ആക്രമിച്ച കേസില്‍ ഒരുദിവസം ജയിലില്‍ കിടന്ന് പുറത്തിറങ്ങിയ അന്‍വര്‍ യു.ഡി.എഫുമായി സഹകരിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, അന്‍വറിനെ യു.ഡി.എഫില്‍ എടുക്കുന്ന കാര്യത്തില്‍ തീരുമാനം നീളുന്നതിനിടെയാണ് അദ്ദേഹം ബംഗാളിലെത്തി തൃണമൂലിനൊപ്പം ചേരുന്നത്.

Content Highlights: PV Anvar called for press conference, likely to announce resignation as Nilambur MLA