വീടും പരിസരവും വൃത്തിയായി സൂക്ഷിക്കൂ, ഫ്രിജ്ജ് സമ്മാനമായി നേടാം

അമ്പലപ്പുഴ: വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്ന ഗൃഹനാഥയ്ക്ക് സമ്മാനമായി റഫ്രിജറേറ്റർ വാഗ്ദാനംചെയ്ത് പുറക്കാട് കുടുംബാരോഗ്യകേന്ദ്രം. മഴക്കാലമെത്തിയതോടെ പകർച്ചവ്യാധികൾ പടരാനുള്ള സാധ്യത കണക്കിലെടുത്താണ് മാലിന്യമുക്തവും പകർച്ചവ്യാധിയുമില്ലാത്ത നാട് സൃഷ്ടിക്കുന്നതിനായി കുടുംബാരോഗ്യകേന്ദ്രം വേറിട്ട വഴി സ്വീകരിക്കുന്നത്.
ഇതിനായി ആരോഗ്യപ്രവർത്തകർ, ഗ്രാമപ്പഞ്ചായത്തംഗങ്ങൾ, ആശപ്രവർത്തകർ എന്നിവരിലൂടെ രജിസ്റ്റർചെയ്യണം. മെഡിക്കൽ ഓഫീസർ ഉൾപ്പെടുന്ന ആരോഗ്യസംഘം വീടുകളിലെത്തി പരിശോധന നടത്തും. പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് ഹരിതകർമസേനാംഗങ്ങൾക്ക് കൈമാറുന്നതിനുള്ള രസീത് സൂക്ഷിക്കണം, ആഹാരാവശിഷ്ടങ്ങൾ ശാസ്ത്രീയമായി വളമാക്കണം, കരിയില കത്തിക്കരുത്, വീടുമായി ചേർന്ന പൊതുസ്ഥലവും വൃത്തിയായിരിക്കണം.
രജിസ്റ്റർചെയ്ത് മത്സരത്തിൽ പങ്കെടുക്കുന്നവരുടെ വീടുകൾ പരിശോധിച്ചശേഷം ഒന്നാം സമ്മാനമായി റഫ്രിജറേറ്റർ നൽകും. ഏറ്റവും കൂടുതൽ വൃത്തിയുള്ള വീടുകളുള്ള വാർഡിലെ കുടുംബശ്രീ സെക്രട്ടറിക്ക് വാഷിങ് മെഷീനും ആശപ്രവർത്തകയ്ക്ക് മിക്‌സർ ഗ്രൈൻഡറും സമ്മാനിക്കും.
പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് റഹ്മത്ത് ഹാമിദ് നിർവഹിച്ചു. ഗ്രാമപ്പഞ്ചായത്തംഗം ബീന അധ്യക്ഷയായി. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സുലേഖ, മെഡിക്കൽ ഓഫീസർമാരായ ഡോ. ഷിബു സുകുമാരൻ, ഡോ. ഹരിശങ്കർ, ഹെൽത്ത് ഇൻസ്‌പെക്ടർ ജിനു സുധാകർ എന്നിവർ പങ്കെടുത്തു.
Content Highlights: Purakkad Family Health Center launches a cleanliness drive to prevent monsoon-related diseases., First prize for the cleanest home is a refrigerator., Prizes include a washing machine for Kudumbashree secretaries and a mixer grinder for ASHA workers., Participants must manage plastic waste, compost food scraps, and maintain surroundings., Official registration required via health workers or local panchayat members.