ഓലമേഞ്ഞ ഒറ്റമുറി വീട്ടിൽ ആറുപേർ; ഗതികേടുകൊണ്ട് ഹോസ്റ്റലിൽ; കാണുക, മർദനമേറ്റ വിദ്യാർഥിയുടെ വീട്

#ന്യൂസ് ഡെസ്ക്
സുനിലും കിടപ്പുരോഗിയായ ഭാര്യയും. ഇൻസൈറ്റിൽ വീട്.
സുനിലും കിടപ്പുരോഗിയായ ഭാര്യയും. ഇൻസൈറ്റിൽ വീട്.

അടൂർ: ഓലമേഞ്ഞ ഒറ്റമുറി വീട്. മുകളിൽ ടാർപ്പോളിൻ ഷീറ്റ്. ചുവരിലെ കട്ടകൾ പൊളിഞ്ഞു വീഴാറായ നിലയിൽ. പുനലൂരിലെ ഹോസ്റ്റലിൽ മർദനമേറ്റെന്ന് പരാതി നൽകിയ വിദ്യാർഥിയുടെ വീടിന്റെ അവസ്ഥയാണിത്. അടൂർ വയലാ പാലവിള പടിഞ്ഞാറ്റേതിൽ എഫ്. സുനിൽ- സുനിത ദമ്പതിമാരുടെ മകനാണ് മർദനമേറ്റത്. വീട്ടിലെ സാഹചര്യം മോശമായതിനാലാണ് കുട്ടിയുടെ വിദ്യാഭ്യാസത്തിനായി ഹോസ്റ്റലിലാക്കിയത്. ആറു പേരടങ്ങുന്ന സുനിലിന്റെ കുടുംബം ഒറ്റമുറി വീട്ടിലാണ് താമസിക്കുന്നത്.

വൈദ്യുതിയല്ലാതെ മറ്റ് കാര്യമായ സൗകര്യങ്ങളൊന്നുമില്ല. സുനിൽ കെട്ടിടം പണിക്കാരനാണ്. ഭാര്യ ഏഴുവർഷമായി കിടപ്പുരോഗിയാണ്. ഭാര്യയുടെ ചികിത്സയും കുട്ടികളുടെ വിദ്യാഭ്യാസവും സുനിലിന്റെമാത്രം വരുമാനത്തിലാണ് നടക്കുന്നത്.

വർഷങ്ങൾ പഴക്കമുള്ള വീട് മൺകട്ടകൊണ്ടാണ് നിർമിച്ചിരിക്കുന്നത്. വീട് നിൽക്കുന്ന സ്ഥലം സ്വന്തം പേരിലേക്ക് മാറ്റിയിട്ടില്ലാത്തതിനാൽ ലൈഫ് പോലെയുള്ള ഭവന പദ്ധതികൾക്ക് അപേക്ഷിക്കാൻ സാധിച്ചിട്ടില്ല. വീട്ടിൽ നിർത്തി പഠിപ്പിക്കാനുള്ള സാഹചര്യം ഇല്ലാത്തതുകൊണ്ടാണ് നാല് കുട്ടികളിൽ രണ്ടുപേരെ ഹോസ്റ്റലിലാക്കിയത്. ഒരു ബന്ധു പറഞ്ഞാണ് പുനലൂരിലെ സ്ഥാപനത്തെപ്പറ്റി അറിയുന്നത്. രണ്ടുവർഷമായി കുട്ടികൾ അവിടെയാണ് പഠിക്കുന്നത്.

സുനിതയുടെ സഹോദരൻ ജി.സുനിലിന്റെ വീട് സമീപത്തുതന്നെയാണ്. പരസഹായമില്ലാതെ എഴുന്നേറ്റുനിൽക്കാൻ സാധിക്കാത്ത സുനിത ആരോഗ്യപ്രശ്നങ്ങളാൽ ഇദ്ദേഹത്തിന്റെ വീട്ടിലാണ് ഇപ്പോൾ കഴിയുന്നത്. സുനിതയ്ക്ക് മെച്ചപ്പെട്ട ചികിത്സയും ആവശ്യമാണ്.

കുട്ടിയെ മർദിച്ച് കെട്ടിത്തൂക്കിയ സംഭവം; മറ്റു കുട്ടികളെ സർക്കാർഹോമിലേക്കു മാറ്റി

പുനലൂർ: വെട്ടിത്തിട്ടയിൽ ‘ലിവിങ് വാട്ടേഴ്സ്’ ബൈബിൾ കോളേജിനോടനുബന്ധിച്ചു പ്രവർത്തിക്കുന്ന ബോയ്സ് ഹോമിൽ മോഷണക്കുറ്റമാരോപിച്ച് പന്ത്രണ്ടുകാരനെ കെട്ടിത്തൂക്കി മർദിച്ച സംഭവത്തിൽ ജില്ലാ ശിശുസംരക്ഷണ ഓഫീസർ തിങ്കളാഴ്ച അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും. വനിതാ-ശിശുവികസന വകുപ്പ് ഡയറക്ടർ, ജില്ലാ കളക്ടർ എന്നിവർക്കും ചൈൽഡ് വെൽഫെയർ കമ്മിറ്റി(സി.ഡബ്ല്യു.സി.)ക്കുമാണ് റിപ്പോർട്ട് നൽകുന്നത്. റിപ്പോർട്ട് പരിശോധിച്ച് തുടർനടപടി സ്വീകരിക്കും.

സംഭവത്തിന്റെ പശ്ചാത്തലത്തിൽ സ്ഥാപനത്തിന് സി.ഡബ്ല്യു.സി. നൽകിയിരുന്ന അംഗീകാരം റദ്ദാക്കിയേക്കുമെന്നറിയുന്നു. ഇതിനിടെ, ബോയ്സ് ഹോമിൽ താമസിച്ചിരുന്ന മറ്റു രണ്ടു കുട്ടികളെ സർക്കാർ ചിൽഡ്രൻസ് ഹോമിലേക്കു മാറ്റി. അക്രമത്തിനിരയായ കുട്ടിയും ഇളയ സഹോദരനും ഇപ്പോൾ അടൂർ വയലായിലെ വീട്ടിലാണ്. ഇവർ പത്തനംതിട്ട ജില്ലക്കാരായതിനാൽ അവിടത്തെ സി.ഡബ്ല്യു.സി.യുമായി ആലോചിച്ചായിരിക്കും തുടർനടപടി സ്വീകരിക്കുന്നത്. കുട്ടികൾ പുനലൂരിലെ സർക്കാർ സ്കൂളുകളിൽ വിദ്യാർഥികളായതിനാൽ ഇവർക്ക് താമസിക്കാൻ പുനലൂരിൽത്തന്നെ സർക്കാരിന്റെ മേൽനോട്ടത്തിൽ മറ്റെന്തെങ്കിലും സൗകര്യമൊരുക്കുന്ന കാര്യവും ആലോചിക്കുമെന്ന് അധികൃതർ പറഞ്ഞു.

അക്രമത്തിനിരയായ കുട്ടിയടക്കം നാലുപേരാണ് സി.ഡബ്ല്യു.സി. നിർദേശപ്രകാരം ബോയ്സ് ഹോമിൽ താമസിച്ചുവന്നിരുന്നത്. ജീവനക്കാരന്റെ പക്കൽനിന്ന്‌ 500 രൂപ മോഷ്ടിച്ചെന്നാരോപിച്ചാണ് പന്ത്രണ്ടുകാരനെ മർദിക്കുകയും തലകീഴായി കെട്ടിത്തൂക്കുകയും ചെയ്തത്.

ഇതുമായി ബന്ധപ്പെട്ട് ജീവനക്കാരായ റാന്നി വെച്ചൂച്ചിറ സ്വദേശി ലിജു(37), കുന്നിക്കോട് കുറ്റിക്കോണം സ്വദേശി ടോം(20) എന്നിവരെ പോലീസ് അറസ്റ്റുചെയ്തിരുന്നു. കുട്ടിയെ കെട്ടിയിടാനുപയോഗിച്ചതെന്നു കരുതുന്ന കയറും അടിക്കാനുപയോഗിച്ച വടിയും കണ്ടെടുത്തിരുന്നു. പുനലൂർ ഇൻസ്പെക്ടർ ജെ.സന്തോഷ്‌കുമാറിൻെറ നേതൃത്വത്തിലാണ് അന്വേഷണം.

Content Highlights: A 12-year-old student was brutally assaulted and hung upside down at a Punalur boys' home., The victim's family in Adoor lives in extreme poverty in a single-room hut with no government housing aid., Two staff members have been arrested, and the institution's recognition is under threat of cancellation., The Child Welfare Committee (CWC) is actively relocating children to government homes., Official investigation reports are being submitted to the District Collector and WCD Director.