കാഴ്ച കുറവ്; പി.ടി. സെവന് ശസ്ത്രക്രിയ നടത്താനൊരുങ്ങി വനംവകുപ്പ്

pt7
pt7

പാലക്കാട്: ധോണിയില്‍ പിടികൂടിയ കൊമ്പന്‍ പി.ടി. സെവന് ശസ്ത്രക്രിയ നടത്താനൊരുങ്ങി വനംവകുപ്പ്. ഇതിനായി വിദഗ്ധ ഡോക്ടര്‍മാരുടെ സംഘത്തെ ഉടന്‍ ചുമതലപ്പെടുത്തും. 

രണ്ടാഴ്ചയ്ക്കുളളില്‍ ശസ്ത്രക്രിയയ്ക്കു വേണ്ട നടപടിക്രമങ്ങള്‍ നടത്തിയേക്കും. ആനയെ കൂട്ടില്‍ നിന്ന് ഇറക്കിയ ശേഷം മയക്കം നല്‍കിയ ശേഷമാകും കണ്ണിന് ശസ്ത്രക്രിയ ചെയ്യുക.വനംവകുപ്പ് ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ വിദഗ്ധ സംഘം ആനയെ കഴിഞ്ഞ ദിവസം പരിശോധിച്ചിരുന്നു. പരിശോധനയിൽ  ആനയുടെ കാലിൽ നീര് കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിൽ കൂട്ടിൽ നിന്ന് പുറത്തിറക്കി ചികിത്സ നൽകാൻ കഴിയാത്തതിനാലാണ് ശസ്ത്രക്രിയ തത്കാലം നീട്ടിവെച്ചത്. കൂട്ടിനുള്ളില്‍ വെച്ച് ചികിത്സ നല്‍കുക എന്നത് പ്രായോഗികമല്ലായെന്ന് നേരത്തെ ഡോക്ടര്‍മാര്‍ കോടതിയെ അറിയിച്ചിരുന്നു. കൂട്ടില്‍ നിന്ന് പുറത്തിറക്കിയാല്‍ മാത്രമേ കാഴ്ച വീണ്ടെടുക്കാന്‍ തക്ക ചികിത്സ നല്‍കാന്‍ കഴിയൂ. ഇപ്പോള്‍ പ്രാഥമിക ശുശ്രൂഷ നല്‍കി വരികയാണ്. 

ഹൈക്കോടതി പരാമര്‍ശത്തെത്തുടര്‍ന്ന് കൂട്ടില്‍നിന്ന് പുറത്തിറക്കാനുള്ള ആരോഗ്യം ആനയ്ക്കുണ്ടോയെന്നറിയാനുള്ള പരിശോധനയാണ്  സംഘം നടത്തിയത്. ആനയുടെ വലതുകണ്ണിന് കാഴ്ച കുറഞ്ഞെന്ന ഹൈക്കോടതി നിയോഗിച്ച വിദഗ്ധസംഘത്തിന്റെ കണ്ടെത്തലും കുങ്കിയാക്കിമാറ്റുന്നതിന് പുറമേ മറ്റു മാര്‍ഗങ്ങളെക്കുറിച്ച് ആലോചിച്ചില്ലെന്ന കോടതിനീരീക്ഷണവും വനംവകുപ്പിനെ പ്രതിക്കൂട്ടിലാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് വനം മേധാവിയുടെ പ്രത്യേക നിര്‍ദേശപ്രകാരം 'പി.ടി.7' നെ പരിശോധിച്ചത്. ധോണി, മായാപുരം, മുണ്ടൂര്‍ മേഖലകളില്‍ കാടുവിട്ടിറങ്ങിനടന്ന് നാലുവര്‍ഷം കൃഷിനാശമുണ്ടാക്കിയ കൊമ്പനെ ജനുവരി 22-നാണ് വനംവകുപ്പ് പിടികൂടി ധോണിയില്‍ പ്രത്യേകമായി നിര്‍മിച്ച ആനക്കൂട്ടിലാക്കിയത്.

തുടര്‍ന്ന്, കുങ്കിയാക്കി മാറ്റുന്നതിന് രണ്ട് പാപ്പാന്മാരെ നിയോഗിച്ച് പരിശീലനം നല്‍കിവരികയായിരുന്നു. ഇതിനിടെയാണ് ഹൈക്കോടതി നിയോഗിച്ച സമിതി പരിശോധനയ്‌ക്കെത്തിയതും ആനയുടെ കണ്ണിന്റെ കാഴ്ച കുറഞ്ഞതിനെതിരേ വിമര്‍ശങ്ങളുയര്‍ന്നതും.

Content Highlights: pt 7 elephant captured from palakkad dhoni lost eye sight forest department to conduct surgery