പ്രമോദ് തുറന്നത് അപ്രതീക്ഷിത സമരമുഖം; സി.പി.എമ്മിൽ കോഴവിവാദം പുകയും

.
.

കോഴിക്കോട്: പി.എസ്.സി. കോഴവിവാദവുമായി ബന്ധപ്പെട്ട് സി.പി.എം. പുറത്താക്കിയ പ്രമോദ് കോട്ടൂളി അപ്രതീക്ഷിതമായി സമരരംഗത്തേക്കും നിയമനടപടികളിലേക്കും നീങ്ങുന്നത് സി.പി.എമ്മിനെ പ്രതിരോധത്തിലാക്കും. കോഴയാരോപണം പാർട്ടിയിൽ ഇനിയും പുകയുമെന്നാണ് പലകാര്യങ്ങളും പറയാനുണ്ടെന്ന പ്രമോദിന്റെ മുന്നറിയിപ്പ് സൂചിപ്പിക്കുന്നത്.

പുറത്താക്കൽവിവരം പുറത്തുവന്ന ഉടനെയാണ് അമ്മ വിശാലാക്ഷിക്കും മകൻ വിശാലിനും സുഹൃത്തുക്കൾക്കുമൊപ്പം പ്രമോദ് കോഴവിവാദത്തിൽ പരാതിക്കാരനെന്ന് പറയപ്പെടുന്ന വ്യവസായിയുടെ വീടിനുമുന്നിൽ സമരത്തിനെത്തിയത്. ശനിയാഴ്ച വൈകുന്നേരം 5.15-ന് തുടങ്ങിയ സമരം അമ്മയുടെ ആരോഗ്യസ്ഥിതി പരിഗണിച്ച് ഒരു മണിക്കൂറിനുശേഷം അവസാനിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഏതറ്റംവരെയും പോവുമെന്നാണ് പ്രമോദിന്റെ പ്രഖ്യാപനം.

അദ്ദേഹം നിയമനടപടി സ്വീകരിച്ചാൽ കോഴവിവാദവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷിക്കേണ്ടിവരും. കോഴയിടപാടില്ലെന്ന് നടപടിക്കുശേഷവും പാർട്ടി പറയുന്ന സാഹചര്യത്തിൽ എന്തുകാര്യത്തിനാണ് തന്നെ പുറത്താക്കിയതെന്ന പ്രമോദിന്റെ ചോദ്യവും അന്തരീക്ഷത്തിലുണ്ടാവും.

നടപടിയുണ്ടാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും വ്യക്തമാക്കിയശേഷവും പരാതി ഒതുക്കിത്തീർക്കാനായിരുന്നു ജില്ലാ നേതൃത്വത്തിന്റെ ശ്രമം. ജില്ലാ കമ്മിറ്റി യോഗത്തിൽ ചില നേതാക്കളുടെ റിയൽ എസ്റ്റേറ്റ് ബന്ധങ്ങളെക്കുറിച്ചും ആരോപണങ്ങളുയർന്നു.

ജില്ലാ കമ്മിറ്റിയോഗത്തിനുശേഷം ടൗൺ ഏരിയാ കമ്മിറ്റി അംഗങ്ങളെ ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ ടി.പി. രാമകൃഷ്ണൻ, പി.എ. മുഹമ്മദ് റിയാസ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം.

16-ന് ടൗൺ ഏരിയാകമ്മിറ്റിക്കുകീഴിലുള്ള മുഴുവൻ ലോക്കൽ കമ്മിറ്റികളിലും ജനറൽബോഡിയോഗം വിളിച്ചുചേർത്തിട്ടുണ്ട്.

കോഴ ആരോപണം ഇല്ല -പി. മോഹനൻ

മാധ്യമങ്ങളും പ്രതിപക്ഷവും ഉയർത്തിക്കൊണ്ടുവന്ന പി.എസ്.സി.യുമായി ബന്ധപ്പെട്ട ഒരു പരാതിയും വന്നിട്ടില്ലെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി പി. മോഹനൻ. പി.എസ്.സി.യുമായി ബന്ധപ്പെട്ടുണ്ടായത് മാധ്യമങ്ങളും പ്രതിപക്ഷവും ഇടതുപക്ഷവിരുദ്ധരും ഉയർത്തിക്കൊണ്ടുവന്ന കോലാഹലങ്ങളാണ്. -അദ്ദേഹം പറഞ്ഞു.

നിരപരാധി, പോരാട്ടം തുടരും-പ്രമോദ് കോട്ടൂളി

നിരപരാധിയെന്ന് തെളിയിക്കാനുള്ള പോരാട്ടം തുടരുമെന്ന് നടപടിനേരിട്ട പ്രമോദ് കോട്ടൂളി. ഇതൊരു അഴിമതിയാണ്. എന്നെ കേൾക്കാതെയാണ് നടപടിയെടുത്തത്.

ശിക്ഷവിധിക്കുമ്പോൾ തെറ്റെന്തെന്ന് പറയണം. വിശ്വസിച്ചവരാണ് അവസാനതുള്ളി വെള്ളത്തിൽ വിഷംകലക്കിയത്. പാർട്ടി തെറ്റിദ്ധരിക്കപ്പെട്ടുപോയോ എന്ന് പരിശോധിക്കണം.

ഇനിമുതൽ ഞാൻ പാർട്ടി പ്രവർത്തകനല്ല. ഇന്ത്യൻ പൗരൻ മാത്രമാണ്. പൗരൻ എന്നനിലയിൽ നിയമപ്രകാരമുള്ള നടപടി ആവശ്യപ്പെടും. പലരുടെയും പേര് പറയാത്തത്, ഞാനല്ല അത് പറയേണ്ടത് എന്നതുകൊണ്ടാണ്.

തെറ്റുകാരനല്ലെന്ന് അമ്മയെ ബോധ്യപ്പെടുത്തണം. മകനായതിനുശേഷമാണ് സഖാവായത്. ഗൂഢാലോചനനടത്തി തന്നെ കുടുക്കിയവർ ആരൊക്കെയാണെന്ന് വ്യക്തമാവണം.

പണം ആർക്കാണ് കൊടുത്തത്, എപ്പോഴാണ് കൊടുത്തത്, എന്നാണ് കൊടുത്തത് എന്നിവയെല്ലാം അമ്മയെ ബോധ്യപ്പെടുത്തണം. പരാതിക്കാരൻ മറുപടിപറയണം. നുണപരിശോധനയ്ക്കുൾപ്പെടെ തയ്യാറാണ് -പ്രമോദ് പറഞ്ഞു.

Content Highlights: psc bribery scam, pramod kottooli unexpected move