പുറത്താക്കാൻ ജില്ലാ കമ്മിറ്റിയംഗം കൃത്രിമ തെളിവുകളുണ്ടാക്കി, പരാതി നൽകും- പ്രമോദ് കോട്ടൂളി

1. പ്രമോദ് കോട്ടൂളി, 2. പ്രതീകാത്മക ചിത്രം | Photos: 1. facebook.com/pramod.kottoolli, 2. Mathrubhumi
1. പ്രമോദ് കോട്ടൂളി, 2. പ്രതീകാത്മക ചിത്രം | Photos: 1. facebook.com/pramod.kottoolli, 2. Mathrubhumi

കോഴിക്കോട്: തന്നെ പുറത്താക്കാന്‍ കോഴിക്കോട് നഗരത്തിലെ ഒരു ജില്ലാകമ്മിറ്റിയംഗം കൃത്രിമതെളിവുകളുണ്ടാക്കി പാര്‍ട്ടിനേതൃത്വത്തെ തെറ്റിദ്ധരിപ്പിച്ചതാണെന്ന് പി.എസ്.സി. കോഴക്കേസില്‍ ആരോപണം നേരിട്ട സി.പി.എം. ടൗണ്‍ മുന്‍ ഏരിയാകമ്മിറ്റിയംഗം പ്രമോദ് കോട്ടൂളി.

കോട്ടൂളിയിലെ ഒരു ലോക്കല്‍കമ്മിറ്റിയംഗത്തെ കൂട്ടുപിടിച്ചാണ് ജില്ലാകമ്മിറ്റിയംഗം തനിക്കെതിരേ ഗൂഢാലോചന നടത്തിയതെന്നും പ്രമോദ് പറഞ്ഞു. താന്‍ പാര്‍ട്ടിയില്‍ സജീവമായി തിരിച്ചെത്തിയതില്‍ അദ്ദേഹത്തിന് എതിര്‍പ്പുണ്ടായിരുന്നു. ആ ശത്രുതയാണ് കാണിച്ചത്.

ജില്ലാനേതൃത്വത്തെയും സംസ്ഥാന നേതൃത്വത്തെയും ഒരുപോലെ തെറ്റിദ്ധരിപ്പിച്ചു. അതിനായി ചേവായൂര്‍ സ്വദേശിയായ ശ്രീജിത്തിന്റെ പേരുപയോഗപ്പെടുത്തി.

കോഴയാരോപണമുണ്ടായതിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച സിറ്റിപോലീസ് കമ്മിഷണര്‍ക്കും വിജിലന്‍സിനും പരാതി നല്‍കും.

''22 ലക്ഷംനല്‍കി എന്നുപറയുന്ന ശ്രീജിത്ത് എന്റെ സുഹൃത്താണ്. ഒരു സാമ്പത്തിക ഇടപാടും നടത്തിയിട്ടില്ല. ഞാന്‍ ശ്രീജിത്തിന്റെ വീട്ടില്‍ നിരന്തരമായി പോയെന്നാണ് ആരോപണം. 2023 മേയിലാണ് ശ്രീജിത്തിനെ അവസാനമായി കണ്ടത്. ആദ്യമായിട്ട് കഴിഞ്ഞദിവസമാണ് (ശനിയാഴ്ച) ശ്രീജിത്തിന്റെ വീടു കാണുന്നത്. സാന്പത്തിക ഇടപാട് നടത്തിയെങ്കില്‍ ശ്രീജിത്തും ഞാനുമായുള്ള വാട്‌സാപ്പ് സന്ദേശങ്ങളോ, ഫോണ്‍കോളോ, ഫോട്ടോയോ എന്തെങ്കിലുമുണ്ടെങ്കില്‍ പുറത്തുവിടട്ടെ'' -പ്രമോദ് പറഞ്ഞു.

പ്രമോദ് സുഹൃത്ത്, ആരോപണങ്ങളില്‍ സത്യമില്ല -ശ്രീജിത്ത്

കോഴിക്കോട്: പ്രമോദ് കോട്ടൂളി തന്റെ സുഹൃത്താണെന്നും ഇപ്പോള്‍ ഉയരുന്ന ആരോപണങ്ങളെല്ലാം തെറ്റാണെന്നും ചേവായൂര്‍ സ്വദേശി ശ്രീജിത്ത്. ഒരു സാന്പത്തിക ഇടപാടും നടത്തിയിട്ടില്ല. ആര്‍ക്കെങ്കിലും അങ്ങനെ പണം കൊടുക്കേണ്ട കാര്യമില്ല. ആര്‍ക്കും പരാതിയും കൊടുത്തിട്ടില്ല. ഭാര്യക്ക് മംഗളൂരുവില്‍ നല്ലജോലിയുണ്ട്. എങ്ങനെയാണ് എന്റെ പേരുയര്‍ന്നത് എന്നറിയില്ല.

സി.പി.എം. നേതൃത്വമോ പോലീസോ ഇക്കാര്യവുമായി ബന്ധപ്പെട്ട് തന്നോട് സംസാരിച്ചില്ലെന്നും ശ്രീജിത്ത് മാധ്യമങ്ങളോട് പറഞ്ഞു.

Content Highlights: psc bribe controversy cpm former member pramod kottooli response