തടവുകാരുടെ വേതനം: മൂന്നിലൊന്ന് തുക അതിക്രമം നേരിട്ടവർക്ക്

തിരുവനന്തപുരം: ജയിലുകളിലെ ശിക്ഷാതടവുകാർക്കുള്ള വേതനത്തിൽ വൻവർധന വരുത്തിയതിനുപിന്നാലെ അതിന്റെ മൂന്നിലൊന്ന് തുക അതിക്രമംനേരിട്ടവർക്കുള്ള സമാശ്വാസനിധിയിലേക്ക് മാറ്റണമെന്ന തീരുമാനം ഉടൻ നടപ്പാക്കും.
2025 ജനുവരിയിൽ ഇത് നടപ്പാക്കാൻ തീരുമാനിച്ചിരുന്നുവെങ്കിലും വേതനം കുറവാണെന്ന കാരണത്താൽ മരവിപ്പിക്കുകയായിരുന്നു. ഇപ്പോൾ തടവുകാരുടെ വേതനം വർധിച്ചതോടെ പഴയ ഉത്തരവ് നടപ്പാക്കാനാണ് ആലോചന. വേതനവർധന വൻചർച്ചയാവുന്നതിനിടെയാണിത്.
2017-ൽ സംസ്ഥാനസർക്കാർ നടപ്പാക്കിയ വിക്ടിം കോന്പൻസേഷൻ സ്കീമിൽ തടവുകാരുടെ വേതനത്തിൽനിന്ന് വിഹിതം ഈടാക്കാൻ തീരുമാനിച്ചിരുന്നു. അതിക്രമം നേരിട്ടവർക്കുള്ള സമാശ്വാസ ധനവിതരണം കുടിശ്ശികയാകുന്ന സാഹചര്യത്തിലാണ് തടവുകാരിൽനിന്നുള്ള വിഹിതവും പിടിക്കാൻ തീരുമാനിച്ചത്.
കഴിഞ്ഞവർഷം ഇതുസംബന്ധിച്ച് ജയിലധികൃതർ നൽകിയ റിപ്പോർട്ടിൽ തടവുകാരുടെ വേതനം തുച്ഛമാണെന്നും വിഹിതം പിടിക്കുന്നത് തത്കാലത്തേക്ക് മരവിപ്പിക്കണമെന്നും ശുപാർശ ചെയ്തിരുന്നു. സെൻട്രൽ ജയിലുകൾ ഉൾപ്പെടെയുള്ളവയിലെ ഒരുദിവസത്തെ കൂലി 63 രൂപ മുതൽ 168 വരെയായിരുന്നു. തുറന്ന ജയിലിൽ 230 രൂപവരെ ലഭിച്ചിരുന്നു.
നൈപുണിയുള്ളവർക്ക് ഒരുദിവസത്തേക്ക് 620 രൂപയും അർധനൈപുണിയുള്ളവർക്ക് 560 രൂപയും നൈപുണിയില്ലാത്ത ജോലികൾ ചെയ്യുന്നവർക്ക് 530 രൂപയുമായി വേതനം പരിഷ്കരിച്ചിരുന്നു.
സംസ്ഥാനബജറ്റിൽനിന്നുള്ള വിഹിതം, കുറ്റകൃത്യങ്ങൾക്ക് ചുമത്തുന്ന പിഴത്തുക എന്നിങ്ങനെയാണ് ഇരകൾക്കുള്ള സമാശ്വാസനിധിയിലേക്ക് പ്രധാനമായി പണമെത്തുന്നത്. സംഭാവനകൾ, പൊതു, സ്വകാര്യ സ്ഥാപനങ്ങളുടെ സാമൂഹിക ഉത്തരവാദിത്വ ഫണ്ട് തുടങ്ങിയവയൊക്കെ ഉണ്ടെങ്കിലും വളരെ കുറവാണ്.
Content Highlights: prisoners wage hike deduct one third for victims