സര്‍ക്കാര്‍ വക ഫോണ്‍ പ്രതികള്‍ക്ക് ഉപയോഗിക്കാം; ജയില്‍ ജീവനക്കാര്‍ ഫോണ്‍ കൊണ്ടുവരാനേ പാടില്ലെന്ന് ചട്ടം

കാക്കനാട്: ''ജില്ലാ ജയിലിലും സ്‌പെഷ്യല്‍ സബ് ജയിലിലും വനിതാ ജയിലിലുമൊക്കെ പകല്‍, രാത്രി ഡ്യൂട്ടികളായി 24 മണിക്കൂറാണ് ഒരാളുടെ ഡ്യൂട്ടി സമയം. ഈ സമയത്തിലൊരു വട്ടംപോലും വീട്ടിലുള്ളവരെ ബന്ധപ്പെടാനാകില്ല.
വീട്ടില്‍ രോഗികളായ മാതാപിതാക്കളുള്ളവരുണ്ടാകും, ചെറിയ മക്കളുണ്ടാകും. അവരുടെ ഒരു കാര്യവും അറിയാനാവില്ല'' - സംസ്ഥാനത്തെ ജയിലുകളില്‍ സൂപ്രണ്ട് ഒഴികെ മറ്റൊരാളും മൊബൈല്‍ ഫോണ്‍ കൊണ്ടുവരാനോ ഉപയോഗിക്കാനോ പാടില്ലെന്ന ജയില്‍ വകുപ്പിന്റെ ഉത്തരവിനെതിരേ ജയില്‍ ജീവനക്കാരുടെ വികാരനിര്‍ഭരമായ പ്രതികരണമാണിത്. കഴിഞ്ഞ 18-നാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രിസണ്‍സ് ആന്‍ഡ് കറക്ഷണല്‍ സര്‍വീസ് സംസ്ഥാനത്തെ ജയിലുകളില്‍ ജീവനക്കാര്‍ പൂര്‍ണമായും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് നിരോധിച്ച് ഉത്തരവിറക്കിയത്. ഇതിനെച്ചൊല്ലി ഉദ്യോഗസ്ഥര്‍ക്കിടയില്‍ അമര്‍ഷവും പ്രതിഷേധവും പുകയുകയാണ്.
സംസ്ഥാനത്തെ നാല് സെന്‍ട്രല്‍ ജയിലുകളിലും രണ്ട് ഓപ്പണ്‍ ജയിലുകളിലും മാത്രമാണ് എട്ട് മണിക്കൂര്‍ ഡ്യൂട്ടിയുള്ളത്. ബാക്കി ജില്ലാ ജയിലുകള്‍, സ്‌പെഷ്യല്‍ സബ് ജയിലുകള്‍, സബ് ജയിലുകള്‍, ഹൈ സെക്യൂരിറ്റി പ്രിസണ്‍, വനിതാ ജയിലുകള്‍ എന്നിവിടങ്ങളില്‍ പകല്‍, രാത്രി ഡ്യൂട്ടികളായി 24 മണിക്കൂറാണ് ഡ്യൂട്ടി. ഇവിടങ്ങളില്‍ ജീവനക്കാര്‍ക്ക് മതിയായ താമസ സൗകര്യമോ വിശ്രമ സ്ഥലങ്ങളോ ഇല്ല.
മിക്ക ജയില്‍ സ്ഥാപനങ്ങളിലും വളരെ ദൂരം യാത്ര ചെയ്ത് മറ്റു ജില്ലകളില്‍നിന്നു വന്നുപോകുന്ന ജീവനക്കാരാണുള്ളത്. ഇവരോടാണ് ഫോണ്‍ ജയിലിലേക്ക് കൊണ്ടുവരാന്‍ തന്നെ പാടില്ലെന്ന ഉത്തരവ് ഇട്ടിട്ടുള്ളത്.
നേരത്തേ ഫോണ്‍ ജയില്‍ ഓഫീസുകളില്‍ സൂക്ഷിക്കാനും അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ അത് ഉപയോഗിക്കാനും അനുമതി ഉണ്ടായിരുന്നു. എന്നാല്‍, ചില ഉദ്യോഗസ്ഥര്‍ സാമൂഹിക മാധ്യമങ്ങളില്‍ സ്റ്റാറ്റസ് ഇടുകയും അഭിപ്രായങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തതിനാലാണ് എല്ലാവര്‍ക്കും ഫോണ്‍ വിലക്കുണ്ടായത്. ജയിലിനു പുറത്ത് ജീവനക്കാരുടെ ഫോണ്‍ സൂക്ഷിക്കുന്നതിനുള്ള സൗകര്യമോ, പകരം സംവിധാനമോ ഒരുക്കാതെയാണ് ഉത്തരവ് ഇറങ്ങിയിട്ടുള്ളത്.
വിവിധ കുറ്റകൃത്യങ്ങള്‍ ചെയ്ത് ജയിലുകളില്‍ കിടക്കുന്ന പ്രതികള്‍ക്ക് സര്‍ക്കാര്‍ വക ഫോണ്‍ യഥേഷ്ടം ഉപയോഗിക്കാമെന്നിരിക്കെയാണ് ജയില്‍ വകുപ്പ് ജീവനക്കാരോട് ഈ കാട്ടുനീതി നടപ്പാക്കിയിരിക്കുന്നതെന്ന് ജീവനക്കാര്‍ കുറ്റപ്പെടുത്തുന്നു.
Content Highlights: Jail staff in Kerala are protesting a new order banning their personal mobile phones, citing difficulties contacting family, while inmates are reportedly allowed government phones. Read more