സ്വപ്‌നയുടെ ശബ്ദരേഖയ്ക്ക് പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസെന്ന് സംശയം- വി മുരളീധരന്‍

വി. മുരളീധരന്‍ | Photo: www.facebook.com|VMBJP
വി. മുരളീധരന്‍ | Photo: www.facebook.com|VMBJP

തിരുവനന്തപുരം: സ്വപ്‌ന സുരേഷിന്റെ ശബ്ദരേഖ പുറത്തുവന്നതിന് പിന്നില്‍ തിരക്കഥയുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസിനെ സംശയിക്കുന്നതായും ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

അന്വേഷണ ഏജന്‍സികള്‍ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ നിര്‍ബന്ധിക്കുന്നതായുള്ള സ്വപ്‌നയുടെ ശബ്ദസന്ദേശത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവേയാണ് അദ്ദേഹം മുഖ്യമന്ത്രിയുടെ ഓഫീസിനെ ലക്ഷ്യം വെച്ച് ആരോപണം ഉന്നയിച്ചത്. 

മുരളീധരന്റെ വാര്‍ത്താ സമ്മേളനത്തിന്റെ പ്രസക്തഭാഗങ്ങള്‍ 

സ്വപ്‌ന ജയിലിലാണ്. കേരളത്തിലെ അഭ്യന്തര വകുപ്പിന് കീഴിലാണ് ജയിലുകളുള്ളത്. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. അദ്ദേഹം ആസൂത്രണം ചെയ്ത് പിറത്തുവിട്ടതാണോയെന്ന് സംശയമുണ്ട്. അത് അന്വേഷിക്കണം.

രണ്ട് മാസങ്ങള്‍ക്ക് മുമ്പുള്ളതാണ് ശബ്ദ സന്ദേശമെങ്കില്‍ അന്നെന്താണ് പുറത്തുവിടാഞ്ഞതെന്നും മുരളീധരന്‍ ചോദിച്ചു.  മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരാള്‍ ജയിലിന് അകത്തായി. അടുത്തയാളെ ചോദ്യം ചെയ്യാന്‍ അന്വേഷണ ഏജന്‍സികള്‍ വിളിപ്പിച്ചിരിക്കുന്നു. അയാളെ ചോദ്യം ചെയ്യുമ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ ലക്ഷ്യം വെച്ചിരിക്കുന്നുവെന്ന് മുന്‍കൂര്‍ ജാമ്യം എടുക്കാന്‍ വേണ്ടിയിട്ടുള്ള ഒരു നാടകമാണ് ഈ ശബ്ദരേഖ.

മുഖ്യമന്ത്രിയുടെ ഓഫീസിലുണ്ടായ തിരക്കഥയയുടെ ഭാഗമാണ് ശബ്ദരേഖയെന്നും മുരളീധരന്‍ പറഞ്ഞു. പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഇതെന്നും അദ്ദേഹം ആരോപിച്ചു. 

അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിനെ ലക്ഷ്യം വെച്ചുള്ളതല്ല. സ്വര്‍ണക്കടത്ത് നടത്തിയത് ആര്‍ക്കുവേണ്ടിയാണെന്നും ആരൊക്കെയാണെന്നും കണ്ടെത്തുകയാണ് ലക്ഷ്യം. 

തെളിവുകള്‍ അന്വേഷണ ഏജന്‍സിയെ മുഖ്യമന്ത്രിയുടെ ഓഫീലേക്ക് എത്തിച്ചാല്‍  അതിന്റെ ഉത്തരവാദി അന്വേഷണ ഏജന്‍സി അല്ലെന്നും മുഖ്യമന്ത്രിയാണെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി.

Content Highlight: Press Conference by Shri V. Muraleedharan

Content Highlights: