പത്ത് തോറ്റ് കൂലിപ്പണിക്കിറങ്ങി, 31ആം വയസ്സില്‍ IPS, അംഗീകാരംകൊണ്ട് തിരുത്തിപ്പറയിച്ച് പി വിജയൻ

പി. വിജയൻ ഐ.പി.എസ് | Photo: Mathrubhumi
പി. വിജയൻ ഐ.പി.എസ് | Photo: Mathrubhumi

തിരുവനന്തപുരം: 'തിരുത്തിപ്പറയിക്കുക' എന്നത് പി. വിജയന്‍ എന്ന ഐ.പി.എസ്. ഓഫീസറുടെ ജീവിതത്തിലെ രീതിയാണ്. തോറ്റവനെന്നു പറഞ്ഞവരെയും തോല്‍പ്പിക്കാനായി ശ്രമിച്ചവരെയും കര്‍മംകൊണ്ട് തിരുത്തിച്ച ജീവിതമാണ് അദ്ദേഹത്തിന്റേത്. വീഴ്ചയില്‍നിന്നെല്ലാം തിരിച്ചുകയറി വളര്‍ന്നവന്റെ ആത്മവിശ്വാസം അദ്ദേഹത്തിന് സ്വന്തം. അത്തരമൊരു തിരുത്തിക്കലും തിരിച്ചുവരവുംകൂടിയാണ് ഇപ്പോള്‍ ലഭിച്ച രാഷ്ട്രപതിയുടെ വിശിഷ്ടസേവനത്തിനുള്ള അംഗീകാരം.

പത്താംക്ലാസില്‍ തോറ്റ് പഠനമുപേക്ഷിച്ച് കൂലിപ്പണിക്കിറങ്ങിയ പയ്യന്‍, 31-ാം വയസ്സില്‍ ഐ.പി.എസ്. നേടിയതുവരെയുള്ള കഥ വിജയന്റെ ജീവിതത്തിലെ ഒന്നാംഭാഗം. രണ്ടാംഭാഗത്തില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ്, ശബരിമല ശുചീകരണത്തിനുള്ള പുണ്യം പൂങ്കാവനം എന്നിവയിലൂടെ അദ്ദേഹം വിജയവഴിവെട്ടി. പ്രധാനസ്ഥാനങ്ങളിലൊന്നും ഇരിപ്പിടം നല്‍കാതെയുള്ള സര്‍ക്കാരിന്റെ അകറ്റിനിര്‍ത്തല്‍, രഹസ്യവിവരം ചോര്‍ത്തിയെന്ന കുറ്റംചുമത്തി സസ്പെന്‍ഷന്‍, സ്വര്‍ണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന ആരോപണം -ഇങ്ങനെയുള്ള പരീക്ഷണങ്ങളായിരുന്നു അദ്ദേഹത്തിന് പിന്നീട് നേരിടേണ്ടിവന്നത്. ഈ എല്ലാ ആരോപണങ്ങള്‍ക്കുമുള്ള ഒറ്റമറുപടിയാണ് രാഷ്ട്രപതിയുടെ മെഡല്‍.

തീവ്രവാദവിരുദ്ധ സ്‌ക്വാഡ് ഐ.ജി.യായിരിക്കെ, എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിലെ അന്വേഷണവിവരം ചോര്‍ത്തിയെന്ന പേരിലായിരുന്നു 2023 മേയ് 18-ന് പി. വിജയനെ സസ്പെന്‍ഡ് ചെയ്യുന്നത്. എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ചീഫ് സെക്രട്ടറി രണ്ടുതവണ അനുകൂലറിപ്പോര്‍ട്ട് നല്‍കിയിട്ടും ആറുമാസമെടുത്തു സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍. എ.ഡി.ജി.പി.യായി സ്ഥാനക്കയറ്റം നല്‍കിയപ്പോഴും പോലീസ് അക്കാദമി ഡയറക്ടറായി ഒതുക്കി.

പിന്നീട് ഇന്റലിജന്‍സ് മേധാവിസ്ഥാനത്ത് പി. വിജയനെത്തി. രഹസ്യവിവരം ചോര്‍ത്തിയെന്ന ആരോപണം നേരിട്ടയാളെത്തന്നെ, രഹസ്യാന്വേഷണസേനയുടെ തലപ്പത്തേക്ക് നിയോഗിക്കേണ്ടിവരുക എന്നത് ഒരുതരത്തിലുള്ള തിരുത്തിപ്പറയിക്കലാണ്.

സസ്പെന്‍ഷന്‍ നടപടിക്ക് വിധേയനായ വ്യക്തി, വിശിഷ്ടസേവനത്തിനുള്ള രാഷ്ട്രപതിയുടെ അംഗീകാരം നേടുകയെന്നത് മധുരമേറ്റുന്ന നേട്ടവുമാണ്.

ഇത് പ്രചോദനം

രാഷ്ട്രപതിയുടെ പോലീസ് മെഡല്‍, കൂട്ടായ്മയ്ക്കുള്ള അംഗീകാരമാണ്. കൂട്ടായ്മയാണ് വിജയത്തിന് അനിവാര്യം. പോലീസ് കാഡറ്റ്, പുണ്യം പൂങ്കാവനം, ഹോപ്പ് തുടങ്ങിയവയെല്ലാം സേനയുടെ ജനകീയ പങ്കാളിത്ത പദ്ധതികളാണ്. ഈ അംഗീകാരം പ്രചോദനമാണ്. -എ.ഡി.ജി.പി. പി. വിജയന്‍

Content Highlights: President’s Medal for Distinguished Service for ADGP P Vijayan