മരണക്കിടക്കയിൽ നിന്ന് ഭാര്യയോട് പറഞ്ഞു 'ശില്പം രാഷ്ട്രപതിക്ക് കൈമാറണം'...

കൊല്ലം: ഹൃദ്രോഗബാധിതനായി മരണക്കിടക്കയിലായിരുന്നപ്പോൾ ഗോപാലകൃഷ്ണൻ ഭാര്യ ശ്രീദേവിയോട് ഒന്നേ പറഞ്ഞുള്ളൂ-താൻ തീർത്ത 'ലോകസംഗീതം' എന്ന ശില്പം രാഷ്ട്രപതിക്ക് കൈമാറണം. അർപ്പണബോധത്തിന്റെ മൂശയിൽ ഗോപാലകൃഷ്ണൻ തീർത്ത ആ ശില്പം രാഷ്ട്രപതിക്ക് നൽകാനുള്ള കാത്തിരിപ്പിലാണ് അന്നുമുതൽ ശ്രീദേവി. ഗോപാലകൃഷ്ണൻ മരിച്ചിട്ട് വർഷം നാലു കഴിഞ്ഞു. ജനപ്രതിനിധികളുടെയും രാഷ്ട്രീയക്കാരുടെയും വാതിലുകളിൽ പലതവണ മുട്ടി. മുഖ്യമന്ത്രിക്കും അപേക്ഷ നൽകി. ജില്ലാ ഭരണകൂടത്തിൽനിന്ന് അന്വേഷണം വന്നു. പക്ഷേ, ശില്പം രാഷ്ട്രപതിക്ക് നൽകാൻ സാധിച്ചില്ല.
ഒറ്റപ്പാലം അമ്പലപ്പാറ ചെറുമുണ്ടശ്ശേരി പണ്ടാരത്തൊടിയിൽ പി.സി. ഗോപാലകൃഷ്ണൻ കുട്ടിക്കാലംമുതലേ വിളക്കുകളും കിണ്ടിയുമൊക്കെ വാർക്കുന്ന ജോലിചെയ്താണ് ജീവിതം കരുപ്പിടിപ്പിച്ചത്. സ്ത്രീധനമില്ലാത്ത സമൂഹവിവാഹത്തിൽ കൊല്ലം സ്വദേശിനി ശ്രീദേവിയെ ജീവിതപങ്കാളിയാക്കി. 23 കൊല്ലംമുൻപാണ് ഗോപാലകൃഷ്ണൻ ‘ലോകസംഗീതം’ എന്ന പേരിൽ ഒരു കുഞ്ഞുശില്പം വാർത്തെടുത്തത്. ദിവസങ്ങളോളം മെഴുകുതിരിവെട്ടത്തിൽ അതിനെ രാകിമിനുക്കി.
രാജ്യത്തിന്റെ സൈനികശക്തിയെയും സ്വാതന്ത്ര്യസമരത്തെയും മതമൈത്രിയെയുമെല്ലാം അടയാളപ്പെടുത്തുന്ന ഒരു ശില്പം. തന്റെ നാട്ടിൽ മത്സരിച്ച് എംപിയായ കെ.ആർ. നാരായണൻ രാഷ്ട്രപതിപദത്തിലായിരുന്നു അന്ന്. അദ്ദേഹത്തിന് ശില്പം കൊടുക്കണമെന്നായിരുന്നു മോഹം. പക്ഷേ, നടന്നില്ല. ജീവിതയാത്രയ്ക്കൊടുവിൽ കൊല്ലത്ത് വാടകവീട്ടിൽ താമസമാക്കിയപ്പോൾ അന്നത്തെ രാഷ്ട്രപതി പ്രതിഭാ പാട്ടീലിന് ശില്പം കൈമാറാൻ ശ്രമിച്ചു. അതും നടന്നില്ല.
ലോട്ടറി വിറ്റ് ജീവിക്കുന്നതിനിടെ മൂന്നാംതവണയും ഹൃദയാഘാതമുണ്ടായി അദ്ദേഹം മരിച്ചു. രോഗക്കിടക്കയിൽവെച്ച് ഭർത്താവ് പറഞ്ഞ അഭിലാഷം സാധിച്ചുകൊടുക്കണമെന്നാണ് ശ്രീദേവിയുടെ മോഹം. കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ കണ്ടാൽ ആഗ്രഹം സാധിക്കുമെന്നാണ് അവരുടെ വിശ്വാസം.
'ആരുടെയും ധനസഹായം വേണ്ടാ. ശില്പത്തിന് പ്രതിഫലവും വേണ്ടാ. രാഷ്ട്രപതി ദ്രൗപദി മുർമുവിന് ശില്പം കൈമാറാൻ അവസരം വേണം’-ഇത്രമാത്രമേ ശ്രീദേവിക്ക് ആഗ്രഹമുള്ളൂ. മകൾ ശ്രുതിയുടെ കുടുംബത്തിനൊപ്പം കരിക്കോട് പേരൂർ പുത്തൻവിള കിഴക്കതിലാണ് ശ്രീദേവി ഇപ്പോൾ താമസിക്കുന്നത്.
Content Highlights: present the sculpture completed by her husband to the President